ADVERTISEMENT

ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ 250 ഒഴിവ് ഉടൻ വന്നേക്കും.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്ഐ) ഗ്രേഡ് 1 തസ്തികയിലുള്ള 214 പേർക്ക് ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്ഐ) ഗ്രേഡ് 2 തസ്തികയിലേക്കു താൽക്കാലിക സ്ഥാനക്കയറ്റം നൽകിയതോടെയാണിത്. ജെഎച്ച്ഐ ഗ്രേഡ് 2 തസ്തികയുടെ 36 ഒഴിവ് നിലവിലുണ്ട്. ഇതുൾപ്പെടെയാണ് 250 പുതിയ ഒഴിവിനു വഴിയൊരുങ്ങുന്നത്.

ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 214 പേർക്കു സ്ഥാനക്കയറ്റം നൽകിയതോടെ ജെഎച്ച്ഐ ഗ്രേഡ് 2ൽനിന്ന് ഗ്രേഡ് ഒന്നിലേക്കും സ്ഥാനക്കയറ്റം നടക്കും. ഇതോടെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെ എൻട്രി പോസ്റ്റായ ജെഎച്ച്ഐ ഗ്രേഡ് 2 തസ്തികയിലുണ്ടാകുന്ന ഒഴിവുകളിലേക്കു നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയിൽനിന്നു നിയമനത്തിനു വഴിയൊരുങ്ങും.

എച്ച്ഐ ഗ്രേഡ് 2 തസ്തികയിലേക്കു സീനിയോറിറ്റി ലിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിലും നിയമത്തർക്കങ്ങൾമൂലം സ്ഥാനക്കയറ്റം നടന്നിരുന്നില്ല. തർക്കംമൂലം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു തടസ്സം വരാതിരിക്കാനായി അന്തിമ ഉത്തരവിനു വിധേയമായി താൽക്കാലിക സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് താൽക്കാലിക സ്ഥാനക്കയറ്റത്തിനു സർക്കാർ നവംബറിൽ അനുമതി നൽകി. പിന്നെയും 3 മാസം കഴിഞ്ഞാണു സ്ഥാനക്കയറ്റ ഉത്തരവ് ഇറക്കിയത്.

യഥാസമയം സ്ഥാനക്കയറ്റം നടക്കാത്തതിനാൽ എൻട്രി പോസ്റ്റായ ജെഎച്ച്ഐ ഗ്രേഡ് 2ൽ നിലവിലുള്ള റാങ്ക് പട്ടികയിൽനിന്നു വളരെ കുറച്ചു നിയമനങ്ങൾ മാത്രമാണു നടന്നിരുന്നത്.

ഇതുവരെ 567 നിയമന ശുപാർശ

ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ 567 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ തൃശൂർ ജില്ലയിലാണ്–92. കുറവ് വയനാട് ജില്ലയിൽ–13. കൊല്ലം, തൃശൂർ, കോഴിക്കോട് ഒഴികെ 11 ജില്ലകളിലും അൻപതിൽ താഴെയാണു നിയമന ശുപാർശ. അടുത്ത ഒക്ടോബര്‍ 4 മുതൽ ഡിസംബർ 16 വരെയുളള വിവിധ തീയതികളിലായി ആലപ്പുഴ ഒഴികെ 13 ജില്ലയിലെയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കും. ആലപ്പുഴ ജില്ലയിലെ ലിസ്റ്റിന് 2025 മാർച്ച് 16 വരെ കാലാവധിയുണ്ട്. 

English Summary:

Junior Health Inspector Vacancy News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com