ADVERTISEMENT

വിമാനയാത്രകളില്‍ സമയത്ത് വിമാനത്താവളങ്ങളിലെത്തുന്നത് മാത്രമല്ല ബുദ്ധിപൂര്‍വ്വം സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതും അനാവശ്യമായ സമയനഷ്ടങ്ങളേയും ആശങ്കകളേയും കുറക്കാന്‍ സഹായിക്കും. സാധനങ്ങള്‍ പായ്ക്കു ചെയ്യുന്നതിലും മറ്റും വിമാനയാത്രികര്‍ സ്ഥിരമായി വരുത്തുന്ന തെറ്റുകളുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അനുഭവസമ്പന്നരായ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്ന ആ തെറ്റുകളെ അറിഞ്ഞുവയ്ക്കാം. 

കുത്തിനിറയ്ക്കല്ലേ

ട്രാവല്‍ ബാഗില്‍ സാധനങ്ങള്‍ പരമാവധി കുത്തി നിറയ്ക്കുന്നത് പലരിലും കണ്ടുവരാറുള്ള ശീലമാണ്. പ്രധാനപ്പെട്ട ബാഗ് വിമാനയാത്രികര്‍ തലയ്ക്കു മുകളിലെ കാബിനിലാണ് സൂക്ഷിക്കുക. നല്ല ഭാരമുള്ള ബാഗ് ഒറ്റയ്ക്ക് ഉയര്‍ത്താനാവാതെ മറ്റു യാത്രികരുടേയോ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരുടേയോ സഹായം തേടാറുമുണ്ട്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ നിങ്ങളുടെ അപേക്ഷയെ നിരസിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. കാരണം അത് അവരുടെ ജോലിയില്‍ പെടുന്നില്ലെന്നു മാത്രല്ല ബാഗുകള്‍ അങ്ങനെ ഉയര്‍ത്തുന്നതിനിടെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്കു നഷ്ടപരിഹാരം പോലും എയര്‍ലൈനുകളില്‍ നിന്നും ലഭിക്കില്ല. ഫ്രണ്ടിയര്‍ എയര്‍ലൈന്‍, ഹവായിയന്‍ എയര്‍ലൈന്‍ എന്നിങ്ങനെയുള്ള എയര്‍ലൈനുകള്‍ നിങ്ങളുടെ പ്രധാന സ്യൂട്ട്‌കേയ്‌സിന് എത്ര ഭാരം വരെയാവാമെന്നു നിര്‍ദേശിക്കുന്നുമുണ്ട്. അവര്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ ഭാരം കൂടുതലാണെങ്കില്‍ നിങ്ങളെ ഗേറ്റില്‍ പരിശോധിക്കാനും തടഞ്ഞു നിര്‍ത്താന്‍ പോലുമുള്ള സാധ്യതയുമുണ്ട്. ബാഗില്‍ ആവശ്യത്തിലേറെ സാധനങ്ങള്‍ കുത്തി നിറക്കുന്നത് യാത്രികര്‍ക്ക് അനാവശ്യമായ സമയ നഷ്ടത്തിനിടയാക്കും. 

Image Credit : Subodh Agnihotri / istockphoto
Image Credit : Subodh Agnihotri / istockphoto

രണ്ട് ബാഗ് മതി

രണ്ടിലേറെ ബാഗുകളുമായി വിമാനത്താവളത്തിലേക്കെത്തുന്നവരുണ്ട്. ഇവരെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തി സാധനങ്ങള്‍ രണ്ടു ബാഗിലേക്കു മാറ്റാനായി നിര്‍ദേശിക്കാറുമുണ്ട്. ഭൂരിഭാഗം എയര്‍ലൈനുകളും രണ്ട് ബാഗുകളാണ് ഒരു യാത്രികന് കൊണ്ടുപോവാനായി അനുമതി നല്‍കുന്നത്. ചെറിയ ബാഗ് അത്യാവശ്യം സാധനങ്ങളുമായി മുന്നിലെ സീറ്റിനടിയില്‍ വയ്ക്കുകയും വലിയ ബാഗ് തലയ്ക്കു മുകളിലെ ബിന്നില്‍ സൂക്ഷിക്കുകയുമാണ് വേണ്ടത്. ചില എയര്‍ലൈനുകള്‍ അധികമായുള്ള ബാഗുകള്‍ക്ക് അധിക ചാര്‍ജും ഈടാക്കും. 

Image Credit : Debalina Ghosh/istockphotos
Image Credit : Debalina Ghosh/istockphotos

പ്രധാന രേഖകള്‍ കയ്യെത്തും ദൂരത്ത്

വിമാനത്തില്‍ കയറുന്നതിനു മുൻപ് എന്തെല്ലാം രേഖകളും വിശദാംശങ്ങളും നല്‍കണോ അതുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ചെറിയ ബാഗില്‍ കൂടെ കരുതുന്നതാണ് നല്ലത്. വലിയ ബാഗില്‍ നിന്നും ഇത്തരം സാധനങ്ങള്‍ തപ്പിപിടിച്ച് എടുക്കുമ്പോഴേക്കും സമയനഷ്ടവും മാനഹാനിയുമെല്ലാം സംഭവിച്ചു കഴിഞ്ഞിരിക്കും. യാത്രക്കിടെ കഴിക്കേണ്ട ലഘുഭക്ഷണവും വായിക്കേണ്ട പുസ്തകവും പാട്ടു കേള്‍ക്കാനുള്ള ഇയര്‍പോഡുമെല്ലാം കയ്യെത്തും ദൂരത്തു തന്നെ കരുതേണ്ടതാണ്. യാത്രയ്ക്കിടെ തലയ്ക്കു മുകളിലെ ബിന്നില്‍ നിന്നും ബാഗ് പുറത്തെടുത്തു സാധനങ്ങള്‍ തപ്പുന്നതു പോലും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. 

പ്രതീകാത്മക ചിത്രം. Freebird7977/Shutterstock
പ്രതീകാത്മക ചിത്രം. Freebird7977/Shutterstock

ഉയരവും മര്‍ദവും

സമുദ്രനിരപ്പിനേക്കാള്‍ ശരാശരി 30,000 അടി മുതല്‍ 40,000 അടി വരെ ഉയരത്തില്‍ പറക്കുന്നവയാണ് വിമാനങ്ങള്‍. ഉയരം കൂടും തോറും മര്‍ദത്തിലും വായുവിന്റെ നിലയിലുമെല്ലാം മാറ്റങ്ങള്‍ വരും. ഇത് അടച്ചു വച്ച ബോട്ടിലുകളിലും കുപ്പികളിലുമുള്ള വസ്തുകള്‍ പുറത്തേക്കു ചോരാനുള്ള സാധ്യത വര്‍ധിപ്പിക്കാറുണ്ട്. ബാഗില്‍ വെള്ളമോ ഷാംപുവോ ഒക്കെ പുറത്തേക്കു ചോര്‍ന്നു പോയാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതുണ്ടോ? തിരിച്ചു തുറക്കാവുന്ന ബോട്ടിലുകളും മറ്റും ഉപയോഗിക്കുന്നത് ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ കുറക്കാന്‍ സഹായിക്കും. മാത്രമല്ല കുപ്പികളിലും പ്ലാസ്റ്റിക് ബാഗിലും മറ്റും പരമാവധി വായു പുറത്തേക്ക് കളഞ്ഞ ശേഷം അടയ്ക്കാന്‍ ശ്രമിക്കുക. ഇത് മര്‍ദ വ്യത്യാസം മൂലമുള്ള പ്രശ്‌നങ്ങളെ കുറക്കാന്‍ സഹായിക്കും.

Image Credit : YAKOBCHUK VIACHESLAV/Shutterstock
Image Credit : YAKOBCHUK VIACHESLAV/Shutterstock

കുപ്പി കൂടി കരുതാം

വിമാനയാത്രകളില്‍ ഓരോ മണിക്കൂറിലും കാല്‍ ലിറ്ററെങ്കിലും വെള്ളം കുടിക്കണമെന്നാണ് ദ എയറോസ്‌പേസ് മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്. ദീര്‍ഘദൂര വിമാനയാത്രകളില്‍ വിമാനത്താവളങ്ങളില്‍ നിന്നും മറ്റും കുടിവെള്ളം ശേഖരിക്കേണ്ടിയും വരും. ഇതിനായി കയ്യില്‍ ഒരു കുപ്പി കരുതുന്നത് നല്ലതാണ്. ഇത്തരം ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാനയാത്രകള്‍ കൂടുതല്‍ എളുപ്പമായി മാറും.

English Summary:

Travel Smart: Maximize Your Flight Experience with These Pro Packing Tips from Flight Attendants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com