ADVERTISEMENT

നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്ന് ആർക്കുമൊരു ശല്യമുണ്ടാക്കാതെ തൊട്ടടുത്ത മുറിയിൽപ്പോയി പ്രസവിച്ചുവന്നുവെന്ന മുത്തശ്ശിമാരുടെ പഴങ്കഥകൾ കേട്ടുപഴകിയതാണ്. അത്തരം കഥകൾ രൂപവും ഭാവവും മാറി പുതിയ കാലത്തും പ്രചരിച്ചുവരുന്നു. പഴയകഥകൾ വാമൊഴിയിലൂടെ പരന്നതാണെങ്കിൽ ഇന്ന് പുരോഗമനത്തിന്റെ ഏറ്റവും മുന്തിയ രൂപങ്ങളായ ഫെയ്സ്ബുക്കും വാട്സാപ്പുമെല്ലാമാണ് വേദി. നെല്ലുകുത്തിയതിനു പകരം മീനിൽ കായമിട്ടുകൊണ്ടിരിക്കുമ്പോൾ എന്ന് കഥ മാറിയെന്നു മാത്രം. ദിവസങ്ങൾക്കു മുൻപാണ് ഫെയ്സ്ബുക്കിൽ ഒരു യുവതിയുടെ പോസ്റ്റ് വൈറലായത്. എഴുതിയിരിക്കുന്നത് വീട്ടിൽ താന്‍ പ്രസവിച്ച അനുഭവത്തെപ്പറ്റിയും. ഗർഭകാലത്ത് ഒരിക്കൽ പോലും സ്കാനിങ്ങിനോ മറ്റ് പരിശോധനകൾക്കോ പോയിട്ടില്ലെന്നും വളരെ എളുപ്പത്തിൽ പ്രസവിച്ചുവെന്നും അവകാശപ്പെടുന്ന പോസ്റ്റിനെതിരെ ആരോഗ്യവിദഗ്ധരടക്കം വിമർശനമറിയിച്ചിരുന്നു.

ഇന്ത്യയിൽ ലക്ഷം പ്രസവങ്ങളുണ്ടാകുമ്പോൾ അതിൽ 97 മാതൃമരണങ്ങളുണ്ടാകുന്നെങ്കിൽ കേരളത്തിൽ ഇത് 19 മാത്രമാണ്. ഈ നിലയിലേക്ക് മാതൃ–ശിശു മരണങ്ങൾ കുറച്ചുകൊണ്ടു വന്നതിനു പിന്നിൽ വർഷങ്ങളുടെ പ്രയത്നമുണ്ട്. എന്നിട്ടും അതിന് കോട്ടം തട്ടുന്ന വിധത്തിൽ ഇപ്പോഴും ചിലയിടങ്ങളിൽ വീട്ടിലെ പ്രസവങ്ങൾക്ക് പ്രചാരമേറുന്നു. ഭർത്താവിന്റെ നിർബന്ധപ്രകാരം വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ സ്ത്രീയും കുട്ടിയും മരിച്ചത് രണ്ടുമാസം മുമ്പാണ്. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ കേരളത്തിൽ 403 ഗാർഹിക പ്രസവങ്ങൾ നടന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ 189 എണ്ണം മലപ്പുറത്താണ്. വയനാട്ടിൽ 28, തിരുവനന്തപുരത്ത് 25 ഗാർഹിക പ്രസവങ്ങളും നടന്നു. വളരെ ലാഘവത്തോടെ, ഡോക്ടർമാരുടെയോ ആശുപത്രിയുടെയോ സഹായമില്ലാതെ വീട്ടിൽ സ്വയം ചെയ്തുതീർക്കാവുന്ന കാര്യമാണോ പ്രസവം? അതിനുള്ളിലെ അപകടങ്ങളെന്തെല്ലാമാണ്? ഡോക്ടർമാർ പറയുന്നു.

Representative image. Photo Credit:Day Of Victory Studio/Shutterstock.com
Representative image. Photo Credit:Day Of Victory Studio/Shutterstock.com

ഏതു നിമിഷവും സങ്കീർണമാകാം
പ്രസവം ഒരു സാധാരണ പ്രക്രിയ തന്നെയാണ് പക്ഷേ ഏതുസമയവും സങ്കീർണതകളുണ്ടാകാമെന്ന അപകടംകൂടി അതിനൊപ്പമുണ്ട്. പത്തിൽ ഒമ്പതുപേർക്കും സങ്കീർണതകളില്ലാതെ പ്രസവം സാധ്യമാകുമെങ്കിൽ ഒരാളിൽ സ്ഥിതി അതാവില്ല. ആ ഒരാളെയും അവരുടെ വയറ്റിലുള്ള കുഞ്ഞിനെയും മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് നമ്മുടെ ആശുപത്രികളും ഡോക്ടർമാരും നിർവഹിച്ചു വരുന്നത്. മെഡിക്കൽ സയൻസ് ഇത്രയും പുരോഗമിച്ച കാലത്തും  ഗാർഹിക പ്രസവങ്ങൾക്കായി ആളുകളുണ്ട് എന്നത് അംഗീകരിക്കാനാവുന്നില്ല. പ്രസവം എന്നത് ചിലപ്പോൾ പൂർണമായി നടന്നേക്കാം. എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സങ്കീർണതകളുണ്ടാകാനുള്ള സാധ്യതയും അതിനൊപ്പം തന്നെയുണ്ട്. വളരെ നോർമലായ ഒരാൾക്ക്പോലും നിമിഷനേരം കൊണ്ട് ജീവൻ അപകടത്തിലാകുന്ന സങ്കീർണതകളുണ്ടാകാം. രക്തസ്രാവം, അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം തുടങ്ങിയ അവസ്ഥകൾ വളരെ അപകടം നിറഞ്ഞതാണ്.

ഗാർഹിക പ്രസവം തിരഞ്ഞെടുക്കുന്നവരുടെ ഒപ്പമുള്ളവർക്ക് ഒരിക്കലും ഇത്തരം സങ്കീർണതകൾ തിരിച്ചറിയാനാവില്ല. അതിന് യോഗ്യരായ ഡോക്ടർമാരുടെയും ടെസ്റ്റുകളുടെയുമെല്ലാം ആവശ്യമുണ്ട്. വീട്ടിൽ പ്രസവിക്കുന്നവർക്ക് ഈ സൗകര്യങ്ങളൊന്നും ലഭിക്കാത്തതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകും. കുഞ്ഞ് പുറത്തേക്ക് വരുമ്പോഴുണ്ടാകുന്ന കീറലുകൾ തുന്നിക്കെട്ടാതിരിക്കുന്നത് പിന്നീട് അമ്മയുടെ ആരോഗ്യം പ്രശ്നത്തിലാക്കും. ചിലപ്പോൾ പിന്നീടൊരു പ്രസവംപോലും അവർക്ക് സാധ്യമായേക്കില്ല.


Representative image. Photo Credit:Pridannikov/istockphoto.com
Representative image. Photo Credit:Pridannikov/istockphoto.com

മറുപിള്ള വിട്ടുപോകുന്നതാണ് (പ്ലാസെന്റൽ അബ്റപ്ഷൻ) മറ്റൊരു അപകടം. സാധാരണയായി പ്രസവം കഴിഞ്ഞിട്ടേ മറുപിള്ള വിട്ടുപോകാവൂ. കുട്ടിയും പിന്നീട് മറുപിള്ളയും പുറത്തുവന്നുക്കഴിഞ്ഞാൽ ഗർഭപാത്രം ചുരുങ്ങി രക്തസ്രാവം നിയന്ത്രിക്കപ്പെടും. എന്നാൽ ചിലരിൽ മറുപിളള കുഞ്ഞിനു മുമ്പേ വിട്ടുപോകും. അതിന്റെ ഫലമായി അമിത രക്തസ്രാവവും തുടർന്ന് കൊയാഗുലേഷൻ ഡിഫക്ട് എന്ന അവസ്ഥയുമുണ്ടാകും. ആക്സിഡന്റൽ ഹെമറേജ് എന്നാണ് ഈ രക്തസ്രാവത്തെ പറയുക. പുറത്തേക്ക് കാണുന്ന ബ്ലീഡിങ് വളരെക്കുറവായിരിക്കും. പക്ഷേ അകത്ത് രക്തം കെട്ടിക്കിടക്കും. രക്തസ്രാവമുണ്ടാകുന്നതോടെ രക്തം കട്ടപിടിക്കാനായി ശരീരത്തിലുള്ള ക്ലോട്ടിങ് ഘടകങ്ങൾ മുഴുവൻ ഉപയോഗിച്ചുതീരും. പിന്നീട് കുട്ടി പുറത്തുവന്നു കഴിഞ്ഞതിന് ശേഷമുണ്ടാകുന്ന രക്തസ്രാവത്തിന്റെ സമയത്ത് രക്തം കട്ടപിടിപ്പിക്കാനുള്ള ഘടകങ്ങൾ മാതാവിന്റെ ശരീരത്തിലുണ്ടാവില്ല. ആ സമയം വലിയതോതിൽ രക്തസ്രാവമുണ്ടാകുകയും അത് തടയാൻ കൊയാഗുലേഷൻ (രക്തം കട്ടപിടിപ്പിക്കാനുള്ള) ഫാക്ടർ നൽകുകയോ ശസ്ത്രക്രിയ നടത്തുകയോ ഗർഭപാത്രം നീക്കം ചെയ്യുകയോ ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതൊക്കെ അനുഭവ സമ്പത്തുള്ള ഡോക്ടർമാർക്ക് മാത്രം സാധ്യമാകുന്ന കാര്യങ്ങളാണ്. അതുകൂടാതെ ഗാർഹിക പ്രശ്നത്തിലെ സഹായികൾ കാണുന്നത് ഗർഭിണിയെ മാത്രമാണ്. കുഞ്ഞിന്റെ വളർച്ചയോ പ്രശ്നങ്ങളോ ഒന്നും ഇവർക്ക് അറിയാനാവില്ല. അത് കുഞ്ഞിന്റെ ആരോഗ്യവും ജീവനും അപകടത്തിലാകുന്നു.
– ഡോ. ഖദീജ മുംതാസ് ( റിട്ട. പ്രഫ. കോഴിക്കോട് മെഡിക്കൽ കോളജ്)

‍ഡോക്ടർമാർ ചെയ്യുന്നത് അനാവശ്യ ഇടപെടലല്ല
പ്രസവത്തിലെ ഏറ്റവും വലിയ അപകടസാധ്യത പ്രസവം കഴിഞ്ഞിട്ടുള്ള രക്തസ്രാവം തന്നെയാണ്. അതുപോലെ തന്നെ രക്തസമ്മർദം കൂടി അപസ്മാരമുണ്ടാകുന്നത്, അണുബാധ, പൾമണറി എംബോളിസം, അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം തുടങ്ങിയ അവസ്ഥകൾ. പെട്ടെന്ന് രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് എംബോളിസം. െസക്കന്റുകൾക്കുള്ളിൽ ഗർഭിണിയുടെ ജീവൻ അപകടത്തിലാക്കുന്ന സ്ഥിതിയാണിത്. ആശുപത്രിയിൽ പ്രസവിക്കുന്നത് പ്രകൃതിക്ക് നിരക്കാത്ത കാര്യമാണെന്നൊരു ചിന്താഗതി ഇപ്പോൾ എവിടെയൊക്കെയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വാഭാവിക പ്രസവത്തിൽ ഇടപെടുന്ന പ്രവൃത്തിയല്ല ഡോക്ടർമാർ ആശുപത്രികളിൽ ചെയ്യുന്നതെന്ന് മനസിലാക്കണം. മറിച്ച് അസ്വാഭാവികതകളുണ്ടാകാതെ നോക്കുകയാണ്. ഉദാഹരണത്തിന് കുട്ടിക്ക് വെള്ളം കുറയുകയോ വളർച്ച കുറയുകയോ ചെയ്യുന്നു. ആ സാഹചര്യത്തിൽ പ്രസവം സ്വാഭാവികമായി നടക്കട്ടെയെന്ന് ചിന്തിച്ചാൽ കുട്ടി മരിച്ചുപോകും. അല്ലെങ്കിൽ അമ്മയ്ക്ക് രക്തസമ്മർദമോ ഷുഗറോ കൂടുന്നത് വെറുതേ നോക്കിയിരുന്നാൽ ഗർഭിണി അപകടത്തിലാകും.

Representative image. Photo Credit:dolgachov/istockphoto.com
Representative image. Photo Credit:dolgachov/istockphoto.com

അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്ന അവസ്ഥയെല്ലാം പ്രസവ സമയത്തുണ്ടാകുന്നത് വലിയ അപകടമാണ്. അമ്നിയോട്ടിക് ഫ്ലൂയിഡ് രക്തത്തിൽ കലർന്നാലുണ്ടാകുന്ന അവസ്ഥയാണിത്. പ്രസവം നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അമ്മയുടെ ബോധം പോകും. ഉടൻതന്നെ കുട്ടിയെ എടുത്ത് ഇന്റിമേറ്റ് ചെയ്യുകയെന്നതാണ് ആകെയുള്ള പരിഹാരം. വളരെക്കുറച്ച് മിനിറ്റുകൾ മാത്രമാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചെടുക്കാൻ കിട്ടുന്നത്. ഈ സമയത്തിനുള്ളിൽ അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസമാണെന്ന തിരിച്ചറിയാനുള്ള ജ്ഞാനവും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും പ്രസവസമയത്ത് ഒപ്പമുള്ളയാൾക്കുണ്ടാകണം. അതുപോലെ തന്നെ ചില സമയങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഗാർഹിക പ്രസവമാണെങ്കിൽ ഇതിനുള്ള വിദൂരസാധ്യത പോലുമില്ല. മറുപിള്ള പുറത്തുവരാതിരിക്കുക, കുട്ടി പുറത്തുവരുമ്പോൾ വജൈനയുടെ ഭാഗത്തുണ്ടാകുന്ന കീറലുകൾ (സിപിടി) തുടങ്ങിയ പ്രശ്നങ്ങളും ഗാർഹിക പ്രസവങ്ങളിൽ പരിഹരിക്കാനാവില്ല. കേരളത്തിൽ മാതൃ മരണങ്ങൾ ഇത്രയേറെ കുറയാൻ കാരണം 98 % പ്രസവങ്ങളും നടക്കുന്നത് ആശുപത്രിയിലായി എന്നതുകൊണ്ടാണ്.
–ഡോ. എം. ദീപ്തി (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ, തൃശ്ശൂർ)

കിഴി ചികിത്സ എങ്ങനെ? വിഡിയോ

English Summary:

Risks of Child Birth at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com