ADVERTISEMENT

കൊച്ചി ∙ ജാംനഗർ– തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ (19578) സാങ്കേതികത്തകരാർമൂലം വൈകിയോടിയതും എറണാകുളം ജംക്‌ഷൻ (സൗത്ത്) സ്റ്റേഷനിൽ ഉൾപ്പെടെ ഏറെനേരം പിടിച്ചിട്ടതും ഇന്നലെ നൂറുകണക്കിനു യാത്രക്കാരെ വലച്ചു. 26നു ഗുജറാത്തിലെ ജാംനഗറിൽ നിന്നു തിരിച്ച ട്രെയിൻ കണ്ണൂർ വരെ ഏറെക്കുറെ സമയക്രമം പാലിച്ചെങ്കിലും തുടർന്നുള്ള എല്ലാ സ്റ്റേഷനുകളിലും വൈകി. 

രാവിലെ 10.25ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ ഇന്നലെ 11.29ന് ആണു വന്നത്. ഉച്ചയ്ക്കു രണ്ടോടെയാണു എറണാകുളം വിട്ടത്. എറണാകുളത്ത് മൂന്നാം പ്ലാറ്റ്ഫോമിലെത്തിയ ട്രെയിൻ, സാങ്കേതിക പ്രശ്നം പരിഹരിക്കാൻ മണിക്കൂറുകളോളം നിർത്തിയിട്ടതോടെ സാധാരണ കോച്ചുകളിലെ യാത്രക്കാർ കനത്ത ചൂടിൽ വലഞ്ഞു. കുട്ടികളുമായി യാത്ര ചെയ്തവർ ഏറെനേരം കുട്ടികളുമായി പുറത്തിറങ്ങി നിൽക്കേണ്ടിവന്നു. പലരും തണുത്ത കുടിവെള്ളവും ഐസ്ക്രീമും ആയാണു ചൂടിനെ ചെറുത്തുനിൽക്കാൻ ശ്രമിച്ചത്.

ജാംനഗർ– തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ സാങ്കേതികത്തകരാർ മൂലം എറണാകുളം ജംക്‌ഷൻ  റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം നിർത്തിയിട്ടപ്പോൾ കൊടുംചൂടിൽ വലഞ്ഞു കരഞ്ഞ കുഞ്ഞിന് ഐസ്ക്രീം വാങ്ങിനൽകുന്ന പിതാവ്. ചിത്രം: ടോണി ഡൊമിനിക്/മനോരമ
ജാംനഗർ– തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ സാങ്കേതികത്തകരാർ മൂലം എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം നിർത്തിയിട്ടപ്പോൾ കൊടുംചൂടിൽ വലഞ്ഞു കരഞ്ഞ കുഞ്ഞിന് ഐസ്ക്രീം വാങ്ങിനൽകുന്ന പിതാവ്. ചിത്രം: ടോണി ഡൊമിനിക്/മനോരമ

പുതിയ തരം എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളാണു ട്രെയിനിന്. ഇതിൽ ഒരു കോച്ചിൽ ഷോക്ക് അബ്സോർബറിലെ സാങ്കേതിക പ്രശ്നം മൂലം വേഗം നിയന്ത്രിച്ചാണു ട്രെയിൻ ഓടിച്ചിരുന്നത്. എറണാകുളത്തെത്തിയപ്പോൾ ഈ കോച്ചിലെയും സമീപത്തെ ഏതാനും കോച്ചുകളിലെയും യാത്രക്കാരെ ഇറക്കി, കോച്ച് വേർപെടുത്തി പകരം കോച്ച് ഘടിപ്പിച്ചാണ് യാത്ര തുടർന്നത്.

 സാങ്കേതിക പ്രശ്നവുമായി തിരുനെൽവേലി വരെ യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും അതിനാലാണ് എറണാകുളത്തു നിർത്തി പകരം സംവിധാനം ഏർപ്പെടുത്തിയതെന്നും റെയിൽവേ അധികൃതർ അറിയിച്ചു. എറണാകുളത്തു നിന്നു തിരിച്ച ട്രെയിൻ കുമ്പളത്തും പിടിച്ചിട്ടു. ട്രെയിൻ മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരിൽ ഏതാനും പേർ മറ്റു യാത്രാമാർഗങ്ങൾ നോക്കി. ഉച്ചയ്ക്കു 2.30നു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ വൈകിട്ട് 6.42നാണ് എത്തിയത്.

കണക്കുകൂട്ടൽ തെറ്റി: പല കാര്യങ്ങളും മുടങ്ങി
കൊച്ചി ∙ ജാംനഗർ– തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ വൈകിയോടിയതും എറണാകുളം ജംക്‌ഷൻ (സൗത്ത്) സ്റ്റേഷനിൽ ഉൾപ്പെടെ പിടിച്ചിട്ടതും കാരണം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്ത യാത്രക്കാരിൽ ഒരാളാണ് രാജേഷ്. കൊല്ലം സ്വദേശിയും മുൻ സൈനികനുമായ രാജേഷ് നാട്ടിലെ കുടുംബസംഗമത്തി‍ൽ പങ്കെടുക്കുന്നതിന് ഉൾപ്പെടെയാണു ട്രെയിനിൽ യാത്ര തിരിച്ചത്. 

ഉച്ചയ്ക്ക് ഒന്നോടെ കൊല്ലത്തെത്താം എന്നായിരുന്നു കണക്കുകൂട്ടൽ. ട്രെയിൻ അനിശ്ചിതമായി വൈകിയതോടെ, കാത്തിരുന്ന കുടുംബസംഗമത്തിൽ പങ്കെടുക്കാമെന്ന ആഗ്രഹവും ഏറെക്കുറെ ഉപേക്ഷിച്ചാണ് രാജേഷ് യാത്ര തുടർന്നത്. തിരുവനന്തപുരം സ്വദേശി സൗമ്യയ്ക്കും സമാനമായ അവസ്ഥയായിരുന്നു. നാട്ടിലെ അത്യാവശ്യ കാര്യങ്ങൾക്കാണ് ഗുജറാത്തിലെ ജോലി സ്ഥലത്തുനിന്നു ചുരുങ്ങിയ അവധി ദിനങ്ങളുമായി യാത്ര തിരിച്ചത്. ഉച്ചയ്ക്കു 2.30നു തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 4 മണിക്കൂറിലേറെ വൈകിയാണ് അവിടെ എത്തിയത്. 

പിന്നീട് ഓട്ടപ്പാച്ചിലായിരുന്നു. കുട്ടികളുമായി യാത്ര ചെയ്തവർ ഏറെ വലഞ്ഞു. കനത്ത ചൂട് താങ്ങാനാവാതെ കുട്ടികൾ കരഞ്ഞപ്പോൾ പലരും ആശ്വസിപ്പിക്കാൻ പാടുപെട്ടു. ട്രെയിൻ മണിക്കൂറുകളോളം വൈകിയതോടെ കുറച്ചുപേർ നേത്രാവതി എക്സ്പ്രസിൽ ഉൾപ്പെടെയായിരുന്നു തുടർ യാത്ര. ഈ ട്രെയിനും നാൽപതോളം മിനിറ്റ് വൈകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com