ADVERTISEMENT

തോപ്രാംകുടി ∙ വൈദ്യുതി പോയാൽ തോപ്രാംകുടി സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം സ്തംഭിക്കും. മുന്നറിയിപ്പില്ലാതെ പോകുന്ന വൈദ്യുതി ചിലപ്പോൾ പെട്ടെന്നു വരും. മറ്റു ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാകും വരിക. ശക്തമായ മഴക്കാലങ്ങളിൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയ അനുഭവവും ഉണ്ടെന്നു ഇവിടത്തെ ഇടപാടുകാർ പറയുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്നു മുൻകൂട്ടി സമയം ചോദിച്ച് ആധാരം എഴുത്തിനു വരുന്നവർ നക്ഷത്രമെണ്ണും. മറ്റു തിരക്കുകൾ മാറ്റി വച്ച് പെട്ടെന്നു പോകാനായി ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തിയവരും ഇക്കൂട്ടത്തിൽ ഉണ്ടാകും.

ഏഴ് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച സബ് റജിസ്ട്രാർ ഓഫിസിൽ വൈദ്യുതി മുടക്കം നേരിടുന്നതിനുള്ള സംവിധാനങ്ങൾ തകരാറിലായതാണു പ്രശ്നങ്ങൾക്കു കാരണം. യുപിഎസ് സംവിധാനം തകരാറിലായിട്ട് വർഷം രണ്ടു കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഓഫിസിലെ അവസ്ഥ വകുപ്പിലെ ഉന്നതാധികാരികളെ പലപ്രാവശ്യം ബോധ്യപ്പെടുത്തിയിട്ടും ഇവർ പ്രശ്നം പരിഹരിക്കുന്നതിനു യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നു പരാതിയുണ്ട്. ക്രമാതീതമായ തിരക്ക് നേരിട്ട ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഓഫിസ് ജീവനക്കാരും ആധാരമെഴുത്ത് തൊഴിലാളികളും ചേർന്നു സാമ്പത്തികമായി സഹകരിച്ച് ജനറേറ്റർ സംവിധാനം ഒരുക്കിയാണു പല ദിവസങ്ങളിലും റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്.

സർക്കാർ സംവിധാനങ്ങൾ എല്ലാം ഓൺലൈനായതിനാൽ അടിസ്ഥാനമായി വേണ്ട വൈദ്യുതി പോലും ഈ ഓഫിസിൽ ഇല്ലാത്തതു പലപ്പോഴും വാക്കു തർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. തോപ്രാംകുടി സബ് റജിസ്ട്രാർ ഓഫിസിലെ വൈദ്യുതി തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാണ് വിവിധ നാടുകളിൽ നിന്നും ഇവിടെ എത്തുന്നവരുടെ ആവശ്യം. ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, ഉപ്പുതോട്, തങ്കമണി വില്ലേജുകളാണ് സബ് റജിസ്ട്രാർ ഓഫിസിന്റെ പരിധിയിൽ വരുന്നത്. ഒരു വർഷം ശരാശരി 10 കോടി രൂപയോളം റവന്യു വരുമാനം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com