ADVERTISEMENT

കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽനിന്നു പരിയാരം ഗവ.മെഡിക്കൽ കോളജിലേക്കു റഫർ ചെയ്ത ശേഷം കാണാതായ അതിഥിത്തൊഴിലാളിയെന്നു കരുതുന്നയാളെ  ആശുപത്രി ബസ്‌ സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാലിനു പരുക്കേറ്റ നിലയിൽ നഗരത്തിൽ കണ്ടെത്തിയ ആൾ  അക്രമാസക്തനായിരുന്നുവെന്നും പരിയാരത്തേക്കു റഫർ ചെയ്തെങ്കിലും ആംബുലൻസിൽ കയറാൻ കൂട്ടാക്കാത്തതിനെ തുടർന്ന് കൊണ്ടു പോകാൻ കഴിഞ്ഞില്ലെന്നുമാണു പൊലീസ് പറയുന്നത്. പൊലീസിന്റെയും ആശുപത്രിയുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്ന ആരോപണവുമായി ആംബുലൻസ് ഡ്രൈവർമാർ രംഗത്തു വന്നു. 

വ്യാഴം രാത്രി പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണു കാലിനു പരുക്കേറ്റ നിലയിൽ ഇയാളെ  കൺട്രോൾ റൂം പൊലീസ് കണ്ടെത്തിയത്. ആംബുലൻസിൽ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോ അടിച്ചു പരുക്കേൽപിച്ചതാകാമെന്ന സംശയത്തിൽ  ഇയാളിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും സഹകരിക്കാൻ കൂട്ടാക്കിയില്ലെന്നു പൊലീസ് പറയുന്നു. ഇയാളെ ആശുപത്രിയിലാക്കി ചികിത്സ നൽകി.

രാത്രി അക്രമാസക്തനായ ഇയാൾ ആശുപത്രിക്കു വെളിയിലേക്കു പോകുകയും തിരിച്ചുവരികയും ചെയ്ത് ശല്യപ്പെടുത്തിയെന്നും പാതിരാത്രി പുറത്തു പോയശേഷം രാവിലെ 11ന് ആണ് തിരിച്ചെത്തിയതെന്നും പറയുന്നു.  തുടർന്ന് ഡോക്ടർമാർ പരിശോധിച്ചു. കാലിന്റെ എല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. ആംബുലൻസിൽ കയറ്റാൻ നോക്കിയെങ്കിലും കൂട്ടാക്കിയില്ലെന്നും കൂടുതൽ പൊലീസിനെ വരുത്തിയെങ്കിലും സഹകരിക്കാതെ, ആശുപത്രിയുടെ എതിർ  ഭാഗത്തേക്കു നടന്നു പോയെന്നുമാണു പൊലീസ് പറയുന്നത്. 

ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹിന്ദി സംസാരിക്കുന്നയാളാണ്. മികച്ച ചികിത്സ നൽകാൻ അധികൃതർ തയാറായിരുന്നുവെങ്കിൽ ഇ മരിക്കില്ലായിരുന്നുവെന്ന ആരോപണവുമായി ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവർമാർ രംഗത്തു വന്നു. പൊലീസിനെയും ആശുപത്രി അധികൃതരെയുമാണ് അവർ കുറ്റപ്പെടുത്തുന്നത്. രോഗി മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചെങ്കിലും ആശുപത്രിക്ക് അകത്തേക്കു കയറാൻ നോക്കിയപ്പോൾ സുരക്ഷാ ജീവനക്കാരും പൊലീസും ഓടിക്കുകയായിരുന്നുവെന്ന് അവർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com