ADVERTISEMENT

വണ്ടൂർ ∙ വോട്ടു ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാവരും ഉയർത്തിക്കാണിക്കുന്നതു ഇടതുകൈയിലെ ചൂണ്ടുവിരലറ്റത്തു നീളത്തിലുള്ള കറുത്ത മഷിയടയാളമാണ്. എന്നാൽ കൈവിരലുകളിലും കൈപ്പത്തിയിലും നിറയെ ‘മഷിയടയാളങ്ങളുമായി’ നടക്കുന്ന ചിലരുണ്ട്. രണ്ടാം പോളിങ് ഓഫിസർ എന്ന് അധികൃതർ വിളിക്കുന്ന ഉദ്യോഗസ്ഥർ. ഇവരാണു വോട്ടുചെയ്യാനെത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തി ഒപ്പിടീച്ചു സ്ലിപ് നൽകിയ ശേഷം വിരലിൽ മഷിയടയാളം പതിക്കുന്നത്. ഈ ചുമതല നിർവഹിക്കുന്നതിനിടയിൽ ഇവരുടെ കൈനിറയെ മഷിയാകും. ദിവസങ്ങളോളം മായാതെ കിടക്കും ഈ തിരഞ്ഞെടുപ്പു ‘ഡ്യൂട്ടി’ മുദ്ര.

ചെറിയ കുപ്പി, ചെറിയ ബ്രഷ്
∙വളരെ ചെറിയ കുപ്പിയിലാണു വോട്ടിങ് മഷി (ഇൻഡലിബ്ൾ ഇങ്ക്) പോളിങ് ഉദ്യോഗസ്ഥർക്കു നൽകുന്നത്. കുപ്പി മറിഞ്ഞുപോകാതിരിക്കാൻ ഒരു ചെറിയ പാത്രവും നൽകും. ഇതിൽ മണൽ നിറച്ച് ഉറപ്പിച്ചു വയ്ക്കാനാണു നിർദേശം. കുപ്പിയുടെ കൂടെയുള്ള 2 സെന്റിമീറ്റർ മാത്രം നീളമുള്ള ചെറിയ ബ്രഷ് ഉപയോഗിച്ചു വേണം പുരട്ടിക്കൊടുക്കാൻ. അതുകൊണ്ടാണ് ഉദ്യോഗസ്ഥന്റെ കയ്യിൽ മുഴുവൻ ആകുന്നത്.

മുൻപു തിരഞ്ഞെടുപ്പു ചുമതല ചെയ്തു പരിചയമുള്ളവരാണെങ്കിൽ പേനയുടെ റീഫില്ലറോ ചെറിയ കമ്പോ കൂട്ടിക്കെട്ടിയാണ് ഉപയോഗിക്കുന്നത്. നീളമുള്ള ഈർക്കിലും ഉപയോഗിക്കുന്നവരുണ്ട്. ആദ്യമൊക്കെ കൂർത്തിരിക്കുന്ന ബ്രഷിന്റെ അറ്റം കുറച്ചു കഴിയുമ്പോൾ പരക്കും. അതനുസരിച്ചു അടയാളത്തിന്റെ നീളവും വീതിയുമൊക്കെ കൂടും. വോട്ടർ മുഖം കറുപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും.

രണ്ടാഴ്ച മുതൽ ഒരു മാസംവരെ വോട്ടിങ് മഷിയടയാളം നിലനിൽക്കുമെന്നാണു പറയുന്നത്. വോട്ടു ചെയ്യുന്നവരുടെ ഇടതു കൈവിരലിൽ ചെറിയ അടയാളമാണെങ്കിലും പോളിങ് ഓഫിസറുടെ വലതു കൈവിരലിലെ വിരലുകളിൽ മുഴുവനായാണു മഷി പടരുന്നത്. ചിലർക്കു പൊള്ളലും ചൊറിച്ചിലും അനുഭവപ്പെടും. ചിലരുടെ കയ്യിലെ തൊലി അടർന്നു പോകുന്നതായും പറയുന്നുണ്ട്. കഴുകിയാലും മായാത്ത മഷിക്കറയുമായി വേണം ഭക്ഷണം കഴിക്കാൻ.

1962 മുതൽ ഇന്ത്യയിൽ
∙ കള്ളവോട്ട് തടയാൻ 1962ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുതലാണു ഇന്ത്യയിൽ വോട്ടിങ് മഷി ഉപയോഗിച്ചു വന്നത്. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും തുടർന്നു. സിൽവർ നൈട്രേറ്റാണ് വോട്ടിങ് മഷിയിലുള്ളത്. ഇതു സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ നഖത്തിലും തൊലിയിലും ഒട്ടിപ്പിടിക്കും. വോട്ടിങ് മഷിയുടെ നിറം വയലറ്റാണ്. ഉണങ്ങിക്കഴിയുമ്പോഴാണു കറുപ്പു നിറമോ കടുത്ത തവിട്ടു നിറമോ ആയി മാറുന്നത്. സാധാരണഗതിയിൽ പെട്ടെന്നു മായ്ക്കാൻ കഴിയാത്ത മഷിയുടെ രാസഘടന അതീവ രഹസ്യമായി സൂക്ഷിക്കുന്നു. 2006 വരെ വിരലറ്റത്തു തൊലിയും നഖവും ചേരുന്ന ഭാഗത്തായിരുന്നു മഷി പുരട്ടിയിരുന്നത്. പിന്നീടാണ് നഖത്തിന്റെ തുടക്കം മുതൽ വിരലിന്റെ ആദ്യ മടക്കിനു സമീപം വരെ നീട്ടി വരയ്ക്കാൻ തുടങ്ങിയത്.

മഷിയും മാറണം
∙ സാങ്കേതിക വിദ്യ ഏറെ വളർന്ന കാലഘട്ടത്തിൽ വിരലിൽ മഷി പുരട്ടുന്നതിനു പകരം ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. റേഷൻ കടകളിൽ പോലും വിരലടയാളം പരിശോധിച്ച് ആളെ തിരിച്ചറിയാൻ കഴിയുമ്പോൾ തിരഞ്ഞെടുപ്പിൽ പറ്റില്ലേ എന്നാണു ചോദ്യം. ഇതുവഴി കള്ളവോട്ട്, ചാലഞ്ച് വോട്ട്, ടെസ്റ്റ് വോട്ട് എന്നിവയെല്ലാം ഒഴിവാക്കാനും ഒട്ടേറെ പേപ്പർ ജോലികൾ കുറച്ചു പോളിങ് വേഗത്തിലാക്കാനും സാധിക്കുമെന്നു ഉദ്യോഗസ്ഥർ പറയുന്നു.

English Summary:

The Hidden Heroes of Democracy: The Tale of Election Officers and Their Indelible Badge of Duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com