ADVERTISEMENT

140 വർഷം മുൻപ് ബ്രിട്ടിഷ് ഗവേഷകൻ കണ്ടെത്തിയതായി പ്രഖ്യാപിക്കുകയും പിന്നീട് ഒരു ഗവേഷകർക്കും കണ്ടെത്താൻ സാധിക്കാതെയുമിരുന്ന അപൂർവ സസ്യയിനത്തെ വാഗമൺ മലനിരകളിൽ കണ്ടെത്തി. പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ബോട്ടണി വിഭാഗം തലവനായി വിരമിച്ച ഡോ. ജോമി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നിൽ.

ബ്രിട്ടിഷ് ഇന്ത്യയിലെ ഒരു പട്ടാള ഉദ്യോഗസ്ഥനും മദ്രാസ് വനംവകുപ്പിലെ ഫോറസ്റ്ററുമായിരുന്ന കേണൽ റിച്ചഡ് ഹെൻട്രി ബെഡോമാണ് മുൻപ് ഈ സസ്യയിനം ആദ്യമായി കണ്ടെത്തിയത്. പീരുമേട് നിന്ന് കണ്ടെത്തിയ ഈ ചെടിക്ക് ‘വെർണോനിയ മൾട്ടിബ്രാക്ടെറ്റ’ എന്ന് അദ്ദേഹം പേരും നൽകിയിരുന്നു. നാട്ടുഭാഷയിൽ ‘കാട്ടുപൂവാംകുരുന്നില’ എന്നറിയപ്പെടുന്ന ഈ ചെടി കണ്ടെത്താൻ ഒട്ടേറെശ്രമങ്ങൾ പലരും നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന്, ഇത് അന്യം നിന്നിട്ടുണ്ടാകാം എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. 

ഡോ.ജോമി അഗസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടു വർഷം മുൻപ് ആരംഭിച്ച അന്വേഷണമാണ് വിജയത്തിലെത്തിയത്. മേമല, മുരുകൻമല, ഉറുമ്പിക്കര, ഏലപ്പാറ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഇതു കണ്ടെത്തിയത്. ഇതിന്റെ തിരിച്ചറിയൽ പ്രക്രിയ ഏറെ ശ്രമകരമായിരുന്നെന്ന് ഡോ.ജോമി പറയുന്നു. 1880ൽ ബെഡോം ശേഖരിച്ച സസ്യം ബ്രിട്ടിഷ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. അതിന്റെ ചിത്രം ശേഖരിച്ച് പ്രത്യേകതകൾ താരതമ്യപ്പെടുത്തിയാണ് സ്ഥിരീകരണത്തിലേക്കെത്തിയത്. തുടർന്ന് കൂടുതൽ പഠനങ്ങൾ നടത്തിയതിലൂടെ, ലോകത്ത് മറ്റൊരിടത്തും ഈ സസ്യമില്ല എന്നും കണ്ടെത്താനായെന്ന് ഡോ.ജോമി പറയുന്നു. 

വൈൽഡ് ലൈഫ് ഇൻഫർമേഷൻ ലെയ്സൺ ഡവലപ്മെന്റ് സൊസൈറ്റിയുടെ ‘ജേണൽ ഓഫ് ത്രെട്ടെൻഡ് ടാക്സ’യിലാണ് ഗവേഷണഫലം ആദ്യമായി പ്രസിദ്ധീകരിച്ചു. ഗവേഷണത്തിൽ ഡോ. ജോമി അഗസ്റ്റിനൊപ്പം രേഷ്മ രാജു, ജോബി ജോസ്, ചേതന ബഡേകർ, കെ.എസ്.ദിവ്യ എന്നീ ഗവേഷക വിദ്യാർഥികളും പങ്കാളികളായി.

എന്താണ് കാട്ടുപൂവാം കുരുന്നില

2–5 മീറ്റർ വരെ ഉയരമുള്ള ചെറിയ ചെടി അല്ലെങ്കിൽ മരമായാണ് കാട്ടുപൂവാംകുരുന്നില കാണുന്നത്. ഇല നേർത്ത പഞ്ഞിയാൽ ആവരണം ചെയ്തിരിക്കും. ഒക്ടോബർ–ജനുവരി മാസത്തിലാണ് പൂക്കുന്നത്. 1200 മീറ്ററിന് മുകളിൽ‌ ഉയരമുള്ള പാറയുൾപ്പെടുന്ന പുൽമേടുകളിലാണ് ഇവ കാണപ്പെടുന്നത്.

English Summary:

Lost to Time, Found by Science: Dr. Jomi August's Team Uncovers British Researcher's Rare Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com