ADVERTISEMENT

കുരുമുളകിന്‌ മുൻപിൽ വിയറ്റ്‌നാം വിയർക്കുന്നു. ഒരു വ്യാഴവട്ടകാലം അധികോൽപാദനത്തിലൂടെ ഇതര കുരുമുളക്‌ ഉൽപാദകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ വിയറ്റ്‌നാം ഇപ്പോൾ ചരക്കുക്ഷാമത്താൽ ചക്രശ്വാസം വലിക്കുമെന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌.

കയറ്റുമതി മേഖലയുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കുരുമുളക്‌ സംഭരണത്തിന്‌ ഇറങ്ങിയവർക്ക്‌ ആവശ്യാനുസരണം ഉൽപന്നം കണ്ടെത്താനാകുന്നില്ല. 160 രാജ്യങ്ങളിലേക്ക്‌ സുഗന്ധവ്യഞ്‌ജനങ്ങൾ കയറ്റുമതി നടത്തുന്ന വിയറ്റ്‌നാമിനെ സംബന്ധിച്ച്‌ നിലവിലുള്ള വിദേശ ഓർഡറുകൾ പ്രകാരമുള്ള ഷിപ്പ്‌മെന്റിനു വേണ്ട കുരുമുളക്‌ കണ്ടെത്താൻ എക്‌സ്‌പോർട്ടർമാർ ക്ലേശിക്കുന്നു.

പ്രതികൂല കാലാവസ്ഥയിൽ വിയറ്റ്‌നാമിൽ കുരുമുളക്‌ ഉൽപാദനം ഗണ്യമായി കുറഞ്ഞത്‌ ആഭ്യന്തര മാർക്കറ്റിൽ പ്രതിസന്ധി തല ഉയർത്തുമെന്ന്‌ വ്യക്തമായതോടെ അവർ ഇറക്കുമതിക്കു നീക്കം ശക്തമാക്കി. ബ്രസീൽ, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നും ഇതിനകം തന്നെ അവർ മുളക്‌ ഇറക്കുമതി ആരംഭിച്ചു. ജനുവരി‐ഏപ്രിൽ കാലയളവിൽ അവരുടെ വിദേശ കുരുമുളക്‌ കയറ്റുമതിയിൽ ഏകദേശം 20 ശതമാനം ഇടിവ്‌ സംഭവിച്ചതാണ്‌ മാറി ചിന്തിക്കാൻ കയറ്റുമതി മേഖലയെ പ്രേരിപ്പിച്ചത്‌.

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിയറ്റ്‌നാമിൽനിന്നുള്ള കുരുമുളക്‌ കയറ്റുമതിയിലുണ്ടായ കുറവ്‌ സംബന്ധിച്ച്‌ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്‌ പുറത്തുവരുന്നത്‌. 2023 ജനുവരി‐ഏപ്രിലിനെ അപേക്ഷിച്ച്‌ ഇക്കുറി കയറ്റുമതി 52 ശതമാനം ഇടിഞ്ഞു. ചൈനയിലേക്കുള്ള അവരുടെ കുരുമുളക്‌ കയറ്റുമതി ഈ കാലയളവിൽ 95 ശതമാനം ഇടിഞ്ഞു. അറബ്‌ നാടുകളിലേക്കുള്ള ഷിപ്പ്‌മെന്റുകൾ 23 ശതമാനം കുറഞ്ഞു.

വിയറ്റ്‌നാം ഈ വർഷം ഇതിനകം ഏകദേശം 15,000 ടൺ കുരുമുളക്‌ ഇറക്കുമതി നടത്തിക്കഴിഞ്ഞു. ആദ്യ നാലു മാസങ്ങളിൽ മാത്രം 12,269 ടൺ കുരുമുളകാണ്‌ അവർ ഇറക്കുമതി നടത്തിയത്‌. ഇതിനു പുറമേ കള്ളക്കടത്തായി കബോഡിയൻ കുരുമുളക്‌ വൻതോതിൽ വിയറ്റ്‌നാമിൽ എത്തുന്നതായാണ്‌ വിവരം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ ഏകദേശം 20 ശതമാനം വിദേശ ചരക്ക്‌ വിയറ്റ്‌നാം തുറമുഖത്ത്‌ എത്തിയെന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

പത്തു വർഷത്തിലേറെയായി ഇന്ത്യൻ കുരുമുളക്‌ കർഷകരുടെ നടുവൊടിക്കുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌ വിയറ്റ്‌നാമിൽനിന്നുള്ള കുരുമുളക്‌ പ്രവാഹമായിരുന്നു. പുതിയ സാഹചര്യത്തിൽ മുന്നിലുള്ള രണ്ടുമൂന്നു വർഷങ്ങളിൽ കാര്യമായ വെല്ലുവിളികൾ അവർക്ക്‌ ഉയർത്താനാവില്ല. പോയവർഷം ജനവരി‐ഏപ്രിൽ കാലയളവിൽ 20,000‐24,000 ടൺ വിയറ്റ്‌നാം കുരുമുളക്‌ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ ഇറക്കുമതി നടന്നതായാണ്‌ വ്യവസായികളിൽ നിന്നുള്ള ഏകദേശ സൂചന. എന്നാൽ കൃത്യമായ കണക്കുകൾ ആരും പുറത്തുവിടുന്നില്ല. അതുകൊണ്ടുതന്നെ വരവ്‌ ഇതിലും എത്രയോ അധികമായിരിക്കാം.

വിവിധ തുറമുഖങ്ങളിൽ പഴയ പത്രമെന്ന പേരിൽ പോലും വ്യാജ സർട്ടിഫിറ്റുകൾ തയാറാക്കി വ്യവസായികൾ ആയിരക്കണിനു ടൺ കുരുമുളക്‌ ഇറക്കുമതി നടത്തിയിരുന്നു. നേപ്പാളിലേക്കെന്ന വ്യാജേനയും വിയറ്റ്‌നാം കുരുമുളക്‌ ഇന്ത്യയിൽ നുഴഞ്ഞു കയറി. രൂക്ഷമായ കുരുമുളക്‌ ക്ഷാമം കണക്കിലെടുത്താൽ അത്തരം വരവുകൾ പുതിയ സാഹചര്യത്തിൽ സ്‌തംഭിക്കും. അതേസമയം ഈ വർഷം ആദ്യ നാലു മാസങ്ങളിൽ ഇന്ത്യയിൽ എത്തിയത്‌ 5552 ടൺ ചരക്ക്‌ മാത്രമാണ്‌. ഇതിൽ തന്നെ വലിയ പങ്ക്‌ ഡിസംബർ അവസാനത്തിനു മുന്നേ അവിടെ നിന്നും ഷിപ്പ്‌മെന്റ് നടത്തിയതാണ്‌.

വിയറ്റ്‌നാമിൽ ഉൽപാദനക്കുറവ്‌ മൂലം വിളവെടുപ്പ്‌ പെട്ടെന്ന് അവസാനിച്ചതിനാൽ മുന്നിലുള്ള മാസങ്ങളിൽ അവരുടെ ഭീഷണി ഒഴിവാകും. അതേ, ആഗോള വിപണിയുടെ ചലനങ്ങൾ കൂടി കണക്കിലെടുത്താൽ ഓഗസ്റ്റ്‌‐ഒക്‌ടോബറിൽ ആഭ്യന്തര കുരുമുളക്‌ വിപണിക്ക്‌ അതിന്റെ തനത്‌ കരുത്ത്‌ പുറത്തെടുക്കാൻ അവസരം ലഭിക്കും. ഗാർബിൾഡ്‌ കുരുമുളക്‌ ഇതിനകം 60,000 രൂപ വരെ ഉയർന്ന്‌ ഇടപാടുകൾ നടന്നു. കേരളവും കർണാടകവും ഉറ്റുനോക്കുന്നത്‌ വിപണിയുടെ പുതിയ ഉയരങ്ങളിലേക്കാണ്‌.

റബർ

വേനൽമഴയുടെ വരവ്‌ വരണ്ട കാലാവസ്ഥയ്‌ക്ക്‌ നേരിയ അയവു വരുത്തിയതോടെ സംസ്ഥാനത്തെ റബർ കർഷകർ ഏറെ പ്രതീക്ഷയോടെ ജൂണിനെ ഉറ്റുനോക്കുന്നു. മഴയുടെ രംഗപ്രവേശനത്തിൽ പുതിയ ടാപ്പിങ് സീസണിനെ വരവേൽക്കാനുള്ള ആവേശത്തിലാണ്‌ ചെറുകിട കർഷകർ. റെയിൻ ഗാർഡ്‌ തോട്ടങ്ങളിൽ ഒരുക്കാനുള്ള നീക്കങ്ങൾ മുന്നിലുള്ള ആഴ്‌ചകളിൽ തോട്ടം മേഖലയിൽ പുരോഗമിക്കും. റബർവില മെച്ചപ്പെട്ടു നിൽക്കുന്നതിനാൽ പരമാവധി ഷീറ്റ്‌ ഉൽപാദിപ്പിക്കാൻ കർഷകർ ഇക്കുറി മത്സരിക്കും. പിന്നിട്ട ഏതാനും വർഷങ്ങളെ അപേക്ഷിച്ച്‌ വിപണി വില ഉയർന്ന തലത്തിലെത്തിയത്‌ റബർ ഉൽപാദകരുടെ പ്രതീക്ഷകൾക്ക്‌ നിറം പകരുന്നു. ‌

നാലാം ഗ്രേഡ്‌ 190 രൂപ വരെ കഴിഞ്ഞ മാസം ഉയർന്ന്‌ ഇടപാടുകൾ നടന്നത്‌ കർഷകർക്ക്‌ സമ്മാനിച്ച ആത്മവിശ്വാസം ചില്ലറയല്ല. ഉയർന്ന തലത്തിൽ നിന്നുള്ള തിരുത്തലിലും കാര്യമായ പരിക്കുകൾ വിപണിക്കു സംഭവിച്ചില്ലെന്നതും ഉൽപാദകരുടെ വിശ്വസം ഇരട്ടിപ്പിക്കുന്നു. നിലവിൽ ഷീറ്റും ലാറ്റക്‌സും കാർഷിക മേഖലയിലും മധ്യവർത്തികളുടെ പക്കലും കാര്യമായി നീക്കിയിരിപ്പില്ലാത്തതിനാൽ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളുടെ പിൻതുണ കാലവർഷത്തിന്റെ കടന്നു വരവിലും പ്രതീക്ഷിക്കാം.

വിദേശ വിപണികളിൽ ഏതാനും ആഴ്‌ചകളായി റബർ നേരിയ റേഞ്ചിൽ കയറിയിറങ്ങുകയാണ്‌. ജാപ്പനീസ്‌ എക്‌സ്‌ചേഞ്ചിൽ വിവിധ അവധിവിലകൾ കിലോ 300 യെന്നിനു മുകളിൽ നീങ്ങുന്നതും നിക്ഷേപകർക്ക്‌ പ്രതീക്ഷ സമ്മാനിക്കുന്നു. വരണ്ട കാലാവസ്ഥയിൽ മുഖ്യ ഉൽപാദകരാജ്യമായ തായ്‌ലൻഡിലെ കർഷകർ ടാപ്പിങിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ്, പകൽ താപനില 40 ഡിഗ്രയിലേക്ക്‌ കയറി. ഉയർന്ന താപനില ഏതാനും ആഴ്‌ചകൾ കൂടി തുടരുമെന്ന്‌ കാലാവസ്ഥ വിഭാഗം. അതേസമയം, തായ്‌ റബർ കർഷകർ മഴമേഘങ്ങളുടെ വരവിനായി കാത്തുനിൽക്കുകയാണ്‌.

English Summary:

Vietnam's Pepper Crisis: Export Drops and Smuggling Woes Unsettle Spice Markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com