ADVERTISEMENT

‘വഴക്ക്’ സിനിമയുടെ ഒടിടി/തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നു. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ വീണ്ടും വിശദീകരണവുമായി സനൽകുമാറുമെത്തി. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണ് ടൊവിനോയെന്ന് സംവിധായകൻ ആരോപിക്കുന്നു. തന്റെ സോഷ്യൽ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കാത്തതെങ്കിൽ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യണമെന്നും സനൽകുമാര്‍ പറയുന്നു.

സനൽകുമാർ ശശിധരന്റെ വിശദീകരണം: ‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട് ഞാൻ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി എന്നോണം ടൊവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടൊവിനോ പ്രതികരിക്കാൻ തയാറായി എന്നതിൽ സന്തോഷമുണ്ട്. എന്നാൽ  ഞാൻ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങൾ പറഞ്ഞു വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതിൽ സങ്കടമുണ്ട്. ചില കാര്യങ്ങൾ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു.

1. എനിക്ക് ‘വഴക്ക്’ സിനിമയിൽ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ല. ടൊവിനോ തോമസും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളത്. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചത്. ഗിരീഷ് നായരുടെ സുഹൃത്തായ ഷമീർ ആയിരുന്നു പാരറ്റ് മൗണ്ട് പിക്ച്ചേഴ്സിന് വേണ്ടി പണം നിക്ഷേപിച്ചത്. സിനിമയുടെ പോസ്റ്റ്‌പ്രൊഡക്‌ഷൻ സമയത്ത് ഞാൻ ഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഷമീർ 20 ലക്ഷമേ തന്നുള്ളൂ എന്നും തന്റെ കയ്യിൽ ഇപ്പോൾ പണമില്ല എന്നും ഗിരീഷ് നായർ പറഞ്ഞു. ഏഴു ലക്ഷം രൂപയോളം ആവശ്യമുള്ളതിനാൽ ഞാൻ ടൊവിനോ പ്രൊഡക്ഷൻസിന്റെ കാര്യങ്ങൾ നോക്കിയിരുന്ന അദ്ദേഹത്തിന്റെ അച്ഛനെ സമീപിച്ചു. 

പറഞ്ഞുറപ്പിച്ച പണം നൽകിയതിനാൽ ഇനി പണം നൽകാനാവില്ല എന്നദ്ദേഹം പറഞ്ഞു. 

കൂടുതൽ പണം പാരറ്റ് മൗണ്ട് പിക്ച്ചേഴ്സ് ഇൻവെസ്റ്റ്‌ ചെയ്‌താൽ തുല്യമായ തുക തങ്ങളും ഇൻവെസ്റ്റ്‌ ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. സിനിമ പൂർത്തിയാക്കാതെ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന പണം ഞാൻ ഇടുകയായിരുന്നു. എന്റെ കയ്യിൽ ആ സമയത്ത് ‘കയറ്റ’ത്തിലുള്ള എന്റെ അവകാശം എഴുതി നൽകിയതിന് പ്രതിഫലമായി ലഭിച്ച പണമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ പണം നിക്ഷേപിച്ചപ്പോൾ ടൊവിനോ പ്രൊഡക്‌ഷൻ 2 ലക്ഷം രൂപ അധികമായി നിക്ഷേപിച്ചു. ഐഎഫ്എഫ്കെയിൽ നിന്നും ലഭിച്ച പണം ഡയറക്ടർക്ക് പകുതി പ്രൊഡ്യൂസർക്ക് പകുതി എന്ന നിലയിൽ വീതിക്കുകയാണുണ്ടായത്. എല്ലാം ഞാനെടുത്തു എന്ന് പറയുന്നത് കളവാണ്. 

2. 2022ൽ വഴക്ക്  മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ എഡിഷനിൽ അല്ല തിരഞ്ഞെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യ ഗോൾഡ് എന്ന മത്സരവിഭാഗത്തിൽ ആയിരുന്നു സിലക്ഷൻ. അത് അക്സപ്റ്റ് ചെയ്യുകയും സിലക്ഷൻ സംബന്ധിച്ച മെയിൽ വന്നശേഷം ഫെസ്റ്റിവൽ ഓൺലൈൻ ആക്കുകയാണെന്ന് എന്നെ അവർ അറിയിക്കുകയും ആണുണ്ടായത്. "വഴക്ക്" തിയറ്ററിൽ കാണിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഓൺലൈൻ ഫെസ്റ്റിവലിൽ പങ്കെടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. സിനിമ ഓൺലൈൻ ഫെസ്റ്റിവലിൽ കാണിക്കാൻ ടൊവിനോ സന്നദ്ധനായിരുന്നു. അങ്ങനെ കാണിച്ചാൽ ലീക്കാകും എന്ന് ഞാൻ പറഞ്ഞത് സത്യമാണ്.  പിന്നീട് 2023ൽ ആ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കുകയും ചെയ്തു. 

3. എന്റെ നിസ്സഹകരണം കാരണമാണ് വഴക്ക് ഒടിടി പ്ലാറ്റ്ഫോമുകളിൽ വരാത്തത് എന്ന് ടൊവിനോ പറയുന്നത് കളവാണ്. ഒരുത്തരത്തിലുള്ള നിസ്സഹകരണവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ പബ്ലിക് പ്രൊഫൈൽ കാരണമാണ് സിനിമ എടുക്കാത്തത് എന്ന് പിന്നീട് ടൊവിനോ പറയുന്നതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റുമാണ് അതിനു കാരണം എന്നും ടൊവിനോ പറയുന്നുണ്ട്. "വഴക്ക്" പൂർത്തിയായത് 2021 ലാണ്. എന്റെ അറസ്റ്റ് ഉണ്ടാകുന്നത് 2022 മേയ് മാസത്തിലാണ്. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ  നടത്തുകയാണ് ടൊവിനോ. എന്നോടിങ്ങനെ ഒരിക്കൽ പോലും നേരിട്ട് ടൊവിനോ പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞിരുന്നത് തിയറ്ററിൽ റിലീസ് ചെയ്‌താൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കുന്നുള്ളു എന്നാണ്. (കേസുള്ളത് കൊണ്ട് ഒടിടി പ്ലാറ്റ്ഫോംസ് സിനിമ എടുക്കാത്തത് എന്റെ കാര്യത്തിൽ മാത്രമാണ് എന്നതാണ് അദ്ഭുതം)

4. ടോവിനോയുടെ മാനേജരെ സിനിമയുടെ വില്പന നടത്താൻ ഏല്പിക്കേണ്ടതില്ല എന്ന് പറഞ്ഞത് 2021 മുതൽ ഉള്ള അനുഭവങ്ങൾ കൊണ്ടാണ്. അയാൾ ഒടിടി പ്ലാറ്റ്ഫോമുകളുമായി സംസാരിക്കുന്നുണ്ട് എന്ന് പറയുകയും അനിശ്ചിതമായി അത് നീട്ടിക്കൊണ്ട്  പോവുകയും ചെയ്തിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അയാളുടെ മാനേജർ എന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് ടൊവിനോ പറയുന്നതും കളവാണ്. സിനിമയുടെ വിതരണാവകാശം തീരുമാനിക്കാനുള്ള റൈറ്റ്സ് അയാൾക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ നിരസിച്ചു എന്നത് സത്യമാണ്.

5. "വഴക്ക്" IFFK യിൽ പ്രദർശിപ്പിക്കാതിരിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നിരുന്നു എന്നത് സത്യമാണ്. ജൂറിയിൽ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്കുവേണ്ടി ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ് സിനിമ IFFK യിൽ വന്നത്. സിനിമ ഉൾപ്പെടുത്തുന്നതിന് വോട്ടെടുപ്പ് പോലും വേണ്ടി വന്നിരുന്നു. പിന്നീട് അതിന്റെ ആദ്യ പ്രദർശന വേദിയിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമങ്ങൾ ഉണ്ടായിരുന്നു. സീറ്റ് ബുക്ക് ചെയ്തവർക്ക് സീറ്റ് കിട്ടാതെ വരികയും നിമിഷങ്ങൾക്കുള്ളിൽ പ്ലക്കാർടുകളുമായി കുറേപേർ സമരം തുടങ്ങുകയും ചെയ്തു. സിനിമയെക്കുറിച്ചുള്ള ചർച്ച വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. 

6. തിയറ്റർ റിലീസിന്റെ കാര്യത്തിൽ ടൊവിനോ പറയുന്നതും കളവാണ്. അയാളുടെ സാധാരണ സിനിമകൾ തിയറ്ററിൽ ഉണ്ടാക്കുന്ന ആൾക്കൂട്ടം എന്റെ സിനിമയ്ക്ക് കിട്ടുമെന്ന് ഞാൻ പറഞ്ഞിട്ടോ പ്രതീക്ഷിച്ചിട്ടോ ഇല്ല. സിനിമ റിലീസ് ചെയ്യാൻ പണം നിക്ഷേപിക്കാം തയാറാണ് എന്ന് ഒരാൾ മുന്നോട്ട് വന്നപ്പോൾ നാല്പതോ അൻപതോ തിയേറ്ററുകളിൽ മിനിമം തുക ചിലവാക്കി സിനിമ റിലീസ് ചെയ്യാം എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധമില്ലാത്ത വോയിസ് ക്ലിപ്പുകൾ കേൾപ്പിക്കുന്ന ടൊവിനോ അയാൾ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് പറഞ്ഞ വോയിസ് ക്ലിപ്പ് കേൾപ്പിക്കാൻ തയാറാവുമോ?

7. ടൊവിനോയുമായുള്ള കമ്യൂണിക്കേഷൻ മുടങ്ങിയത് 2023 ജൂലൈമുതലാണ്. പല സന്ദർഭങ്ങളിലായി ഈ സിനിമ ചർച്ചയിൽ വരുന്നതുപോലും ടൊവിനോ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് മനസിലായതുകൊണ്ടായിരുന്നു അത്. 2023 ജൂൺ മാസത്തിൽ കാനഡയിലെ ഒട്ടാവാ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് വഴക്കിനു ലഭിച്ചു. അത് ഞാൻ ടൊവിനോയ്ക്ക് അയച്ചുകൊടുത്ത ശേഷം അതൊന്ന് ഷെയർ ചെയ്യാമോ എന്ന് ചോദിച്ചു. അയാൾ മറുപടി തന്നില്ല. ഷെയർ ചെയ്തുമില്ല. പിന്നീട് റോമാനിയയിലെ അനോനിമുൽ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ സിനിമ സെലക്ഷൻ വന്നപ്പോഴും സമാനമായ സംഭവമുണ്ടായി. ടൊവിനോയ്ക്ക് ഇൻവിറ്റേഷനും യാത്ര-താമസചെലവുകളും വഹിക്കാൻ ഫെസ്റ്റിവൽ തയാറായപ്പോഴും ടൊവിനോ വേണ്ടത്ര താല്പര്യം കാണിക്കാതെ വന്നു. (അത് അയാളുടെ വ്യക്തിപരമായ സൗകര്യമാണ് പക്ഷേ സിനിമയ്ക്ക് ഗുണകരമാവുന്ന ഒരു ഇവന്റായിരുന്നു അത്) ഇക്കാരണങ്ങൾ കൊണ്ട് ഇനി സിനിമയെക്കുറിച്ച് ടൊവിനോയോട്  സംസാരിക്കേണ്ടതില്ല എന്ന് കരുതിയതായിരുന്നു.

8. എന്തായാലും സിനിമ പുറത്തിറങ്ങുന്നില്ല എന്നത് വാസ്തമാണ്. ഞാൻ ശ്രമിക്കാത്തത് കൊണ്ടാണ് എന്നത് കളവുമാണ്. തിയറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത തെളിഞ്ഞപ്പോൾ  വിതരണം ചെയ്യാമോ എന്ന് ചോദിച്ച് ഞാൻ സെഞ്ചുറി പിക്ച്ചേഴ്‌സിനെ സമീപിച്ചിരുന്നു. അവർക്ക് പണം മുടക്കില്ലാത്ത കാര്യമാണെങ്കിൽ വിതരണം ചെയ്യുന്ന കാര്യം അവർ പരിഗണിക്കാം എന്ന് പറയുകയും സിനിമ അവർ കാണുകയും ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ട് അവർ തീരുമാനം മാറ്റി എന്നെനിക്ക് അറിയില്ല. 

ഒരുകാര്യമുണ്ട് ടൊവിനോ, നിങ്ങളെ ആളുകൾ തെറ്റിധരിക്കുമോ ശരിയായി ധരിക്കുമോ എന്നൊക്കെയുള്ള ആശങ്ക കൊണ്ടാണല്ലോ നിങ്ങൾ ഇപ്പോൾ ലൈവിൽ പ്രതികരിച്ചത്. അതിൽ എത്ര കള്ളം എത്ര സത്യം എന്ന് മറ്റാർക്കും അറിയില്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ അല്ലെ, അതുമതി. നിങ്ങൾക്ക് അറിയാവുന്ന സത്യം ഈ പ്രപഞ്ചത്തിനും അറിയാം. മറ്റുള്ളതൊക്കെ താൽക്കാലികമായ ധാരണകൾ മാത്രം. പക്ഷേ പ്രപഞ്ചത്തിന് അറിയാവുന്ന സത്യത്തിന് അപാരമായ ശക്തിയുണ്ട് എന്ന് ഓർക്കുക.ഞാൻ പറഞ്ഞതൊക്കെ സത്യമായതുകൊണ്ട് മാപ്പുപറയാനും കോപ്പുപറയാനും ഒന്നും ഞാൻ തയ്യാറല്ല. 

അതൊക്കെ പോട്ടെ, എന്റെ മാനസിക നിലയെക്കുറിച്ചൊക്കെ ലൈവിൽ  വല്ലാതെ ആശങ്കപ്പെടുന്നുണ്ടല്ലോ ടൊവിനോ. നന്ദി. സിനിമയോട് കൂറുണ്ടെങ്കിൽ ടൊവിനോ സത്യത്തിൽ ചെയ്യേണ്ടത് സിനിമ റിലീസ് ചെയ്യാൻ ശ്രമിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ ഒന്നും തയാറാവുന്നില്ല എങ്കിൽ യുട്യൂബിൽ റിലീസ് ചെയ്താലും മതി.

English Summary:

Sanal Kumar Sasidharan's response on Tovino Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com