ADVERTISEMENT

കൊച്ചി ∙ കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് യുവതിയുടെ കുടുംബത്തിന്റെ പരാതി. വധശ്രമം നടത്തിയിട്ടും കേസെടുത്തത് മർദനത്തിന് മാത്രമാണെന്നാണ് പരാതി. മകൾക്കു നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്നും പ്രതിക്കെതിരെ വധശ്രമ‍ത്തിന് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കുടുംബം ആവശ്യപ്പെട്ടു. ഗാർഹിക പീഡന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പന്തീരാങ്കാവ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. തങ്ങൾ പരാതിപ്പെട്ടിട്ടും തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാണിച്ചു എന്നും കുടുംബം ആരോപിക്കുന്നു.

പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലാണ് യുവതിെയ മര്‍ദിച്ചത്. ഈ മാസം 5നായിരുന്നു എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയുമായി ഇയാളുടെ വിവാഹം. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയും ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.

12ന് ‘അടുക്കള കാണൽ’ ചടങ്ങിനെത്തിയപ്പോഴാണ് വീട്ടുകാർ ക്രൂരമായ മർദനത്തിന് ഇരയായ മകളെ കാണുന്നത്. നെറ്റിയിലും തലയിലും മുഷ്ടി ചുരുട്ടി ഇടിച്ചു എന്നും മൊബൈൽ ചാർജറിന്റെ വയർ കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. മകളെ കൊലപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചതെന്നും എന്നാൽ ഇയാളെ രക്ഷപെടുത്താൻ പൊലീസ് ശ്രമിക്കുന്നു എന്നും പിതാവ് ആരോപിച്ചു. സ്ത്രീധനം കുറ‍ഞ്ഞു പോയി എന്ന രീതിയിൽ പ്രതിയുടെ അമ്മയും സഹോദരിയും പലവട്ടം മകളോട് സംസാരിച്ചിട്ടുണ്ട് എന്നും പിതാവ് ആരോപിച്ചു.

‘‘മേയ് അഞ്ചാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിനു വേണ്ടി ഞായറാഴ്ച കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിൽ ചെന്നു. അവിടെ കണ്ടത് ക്ഷീണിച്ച് അവശയായ മകളെയാണ്. അവളുടെ നെറ്റി മുഴച്ചിരിപ്പുണ്ടായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ക്രൂരമായി മർദനമേറ്റ വിവരം മകൾ പറഞ്ഞു. രാഹുൽ കൈ മുഷ്ടി ചുരുട്ടി ഇടിച്ച മുഴയായിരുന്നു മകളുടെ നെറ്റിയിൽ കണ്ടത്. തലയുടെ പല ഭാഗത്തും അത്തരത്തിൽ മുഴയുണ്ടായിരുന്നു. മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് അവളുടെ കഴുത്തിൽ മുറുക്കി. കുനിച്ചു നിർത്തി ഇടിച്ചു. മകൾ ഓടാൻ ശ്രമിച്ചപ്പോൾ അവൻ ഓടിച്ചിട്ട് പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു. ബോധം പോയ അവളെ അവർ ആശുപത്രിയിൽ കൊണ്ടുപോയി’’–പിതാവ് പറഞ്ഞു.

തങ്ങൾ ഞായറാഴ്ച അവിടെ എത്തിയതുകൊണ്ടു മാത്രമാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നതെന്ന് പിതാവ് പറഞ്ഞിരുന്നു. യുവതി ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. തലയ്ക്ക് ഭാരവും വേദനയും അനുഭവപ്പെടുന്നുണ്ട്. മാനസികമായ ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല എന്നും പിതാവ് വ്യക്തമാക്കി.

English Summary:

Family of bride will give complaint to chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com