ADVERTISEMENT

പത്തനംതിട്ട ∙ ‘കാർബൺ പുറന്തള്ളൽ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഏഷ്യയെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളുടെ ഘോഷയാത്ര’ – പറയുന്നത് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് വിഭാഗത്തിലെ ഡോ. മറിയം സക്കറിയ എന്ന മലയാളി ഗവേഷക. 

‘‘ഓരോ വർഷം പിന്നിടുമ്പോഴും കാലാവസ്ഥാ മാറ്റം മൂലം ഏഷ്യൻ രാജ്യങ്ങളിലെ വേനൽക്കാലങ്ങൾ കൂടുതൽ അപകടകരമായി മാറുന്നു’’– കേരളത്തെ ഉലച്ച 2018 ലെ പ്രളയത്തെപ്പറ്റിയുൾപ്പെടെ പഠനം നടത്തിയിട്ടുള്ള മറിയത്തിന്റെ വാക്കുകളിൽ പരിസ്ഥിതിയോടുള്ള സ്നേഹം മാത്രമല്ല, ചൂടിനെക്കുറിച്ചുള്ള പൊള്ളലും തൊട്ടറിയാം. താപതീവ്രത മൂലം ജീവിതം കരിഞ്ഞുപോകുന്ന സ്ഥിതി ഒഴിവാക്കാൻ വേണ്ടത് പരിസ്ഥിതിയെയും കാലാവസ്ഥയെയും കൈവിട്ടുപോകാൻ അനുവദിക്കാത്ത വിധത്തിലുള്ള കൂട്ടായ കർമ പദ്ധതിയാണ്. ഒപ്പം നിർണായകമായ മറ്റൊരു കണ്ടെത്തലും വേൾഡ് വെതർ ആട്രിബ്യൂഷൻ എന്ന ആഗോള കാലാവസ്ഥാ ഗവേഷണ സംഘടനയ്ക്കു വേണ്ടി തയാറാക്കിയ റിപ്പോർട്ടിൽ മറിയം പങ്കുവയ്ക്കുന്നു– ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന്റെ ഒരു കാരണം ഏപ്രിലിലെ താപതരംഗ സമാനമായ അത്യുഷ്ണം തന്നെ.  

∙ ഏഷ്യയ്ക്കു തലവേദനയായി ഉഷ്ണതരംഗ പലായനവും

ലോകത്തെ നാനൂറു കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന ഏഷ്യ ഭൂഖണ്ഡം അതിവേഗം തീവ്രതാപ മേഖലയായി മാറുന്നുവെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷന്റെ കണ്ടെത്തൽ. ചൂട് സഹിക്കാനാവാതെ പാവപ്പെട്ട ജനങ്ങൾ പലായനം ചെയ്യേണ്ട സ്ഥിതിയാണെന്ന് ഏപ്രിലിലെ താപനില അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ വെതർ ആട്രിബ്യൂഷൻ പറയുന്നു. ഗാസയിലും മറ്റും യുദ്ധം മൂലം വീട് ഉപേക്ഷിക്കേണ്ടി വന്ന 17 ലക്ഷത്തോളം പലസ്തീൻകാരുടെ ജീവിതം ദുസ്സഹമായതായും റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ മാറ്റം ലോകത്തെ താപനിലയെ അതിവേഗം മാറ്റിമറിക്കുന്ന സ്ഥിതിയാണ്. ഇത് അഭയാർഥികളുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിതപൂർണമാക്കും. ഏപ്രിലിലെ ചൂട് ഇതിന്റെ തുടക്കം മാത്രം.

തീവ്ര കാലാവസ്ഥയെയും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെയും പറ്റി പഠിക്കുന്ന, ലോകത്തെ ശാസ്ത്ര ഗവേഷകരുടെ സംഘടനയാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ. ലോകത്തെ എഴുപതിലേറെ തീവ്രകാലാവസ്ഥാ ദുരന്തങ്ങളെപ്പറ്റി സംഘടന ഇതിനോടകം പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കാലാവസ്ഥാ മാറ്റത്തെപ്പറ്റി ആധികാരികമായി മുന്നറിയിപ്പു നൽകുന്ന യുഎൻ സംഘടനയായ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) അതിന്റെ ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ട് തയാറാക്കിയത് ഈ സംഘടനയുടെ റിപ്പോർട്ടുകൾ ഉപയോഗിച്ചാണ്.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടായ താപതരംഗം, ആവർത്തിക്കുന്ന ദുരന്തമായി മാറിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടിൽ ഈ സംഘടന നൽകുന്ന മുന്നറിയിപ്പ്. ചൂട് കൂടുതൽ മാരകമാകുമ്പോൾ ഏഷ്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിതം ദുരിതപൂർണമാകും.

ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും മ്യാൻമറിലും ലാവോസിലും വിയറ്റ്നാമിലും ഈ ഏപ്രിലിലെ ചൂട് റെക്കോർഡുകൾ ഭേദിച്ചതിനെ ഭീതിയോടെ കാണണം. ഫിലിപ്പീൻസിൽ ഇത്രയും അസഹ്യമായ രാത്രിതാപം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

∙ ഏപ്രിൽ–മേയ് മാസ മരണങ്ങളിൽ ചൂട് പ്രധാന ഘടകം

കണക്കാക്കിയതിലുമേറെ മരണങ്ങളും രോഗദുരിതങ്ങളും കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായിട്ടുണ്ടെന്നാണ് ആട്രിബ്യൂഷനിലെ ഗവേഷകരുടെ വിലയിരുത്തൽ. ലോകത്ത് കാരണം തിരിച്ചറിയാതെ പോകുന്ന മരണങ്ങളിലേറെയും ഉണ്ടാകുന്നത് അന്തരീക്ഷ താപ വർധന മൂലമാണെന്നു സംഘടന പറയുന്നു.

maryam-zakaria
ഡോ. മറിയം സക്കറിയ

ഏഷ്യൻ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് തീവ്രതാപം മൂലം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു. കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറയാനുണ്ടായ പ്രധാന കാരണം  തീവ്രതാപമാണെന്ന കൗതുകകരമായ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്.

∙ വെട്ടിവെളുപ്പിച്ചപ്പോൾ ഓർത്തില്ല, ഭൂമി ഇങ്ങനെ ചൂളയാകുമെന്ന്

പെട്രോളും കൽക്കരിയും മറ്റ് കാർബൺ ഇന്ധനങ്ങളും കത്തുന്നതും വനങ്ങളും പച്ചപ്പും വെട്ടിനശിപ്പിക്കുന്നത് ഉൾപ്പെടെ മനുഷ്യന്റെ വിവേകമില്ലാത്ത പ്രവൃത്തികളുമാണ് 2024 ലെ വേനൽക്കാല താപനിലയെ റെക്കോർഡുകൾ ഭേദിക്കുന്ന തരത്തിലേക്ക് തിളപ്പിച്ചുയർത്തിയത്. ലോകമെങ്ങും താപതരംഗങ്ങൾ പതിവും കൂടുതൽ തീവ്രവും ആകുകയാണ് ആഗോള താപനം ശരിക്കും വരവറിയിച്ച വർഷമെന്നും ചരിത്രത്തെ പൊള്ളിച്ച ഏറ്റവും ക്രൂരമായ ഏപ്രിലെന്നുമാവും ഈ കാലഘട്ടം അറിയപ്പെടുക.

വ്യവസായവൽക്കരണം തുടങ്ങുന്നതിനു മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച്, ലോകത്തിന്റെ ശരാശരി താപനില 1.2 ഡിഗ്രി സെൽഷ്യസ് ഉയർന്നു കഴിഞ്ഞു. സിറിയ, ലെബനൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ മൂന്നു ദിവസത്തോളം ഏപ്രിൽ താപനില അത്യന്തം അപകടകരമായി ഉയർന്നെന്ന് ഈ പഠനത്തിൽ കണ്ടെത്തി. ഫിലിപ്പീൻസിലും ഏപ്രിലിലെ 15 ദിവസത്തെ ശരാശരി താപനില ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്തത്ര ഉയർന്നു. ലോകത്തെ താപനിലയെയും മഴയെയും നിയന്ത്രിക്കുന്ന എൽ നിനോയുടെ സാന്നിധ്യമാകാം സ്ഥിതി വഷളാക്കിയതെന്നാണ് അനുമാനം. ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ, ലാവോസ്, വിയറ്റ്നാം, തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ താപനിലയും 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതായി കണ്ടെത്തി. 

∙ ഇനിയും ആവർത്തിക്കും ഉഷ്ണതരംഗങ്ങൾ

ജീവനു ഭീഷണിയാകുന്ന തരത്തിൽ താപനില ഉയരുന്നത് പത്തു വർഷത്തിൽ ഒരിക്കലെങ്കിലും പ്രതീക്ഷിക്കാമെന്നാണ് നിഗമനം. ശരാശരി താപനില 2 ഡിഗ്രി വർധിച്ചാൽ അഞ്ചു വർഷത്തിലൊരിക്കൽ അത്യന്തം മാരകമായ ഉഷ്ണ തരംഗം ഉറപ്പാണ്. അതിന് എൽ നിനോ മൂലമുള്ള താപനില വർധന വേണമെന്നില്ല. പശ്ചിമേഷ്യൻ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തി ഇപ്പോഴേ നടപടി സ്വീകരിച്ചു തുടങ്ങേണ്ടത്.

മനുഷ്യപ്രവൃത്തി മൂലമുള്ള താപം പുറന്തള്ളൽ ഇല്ലായിരുന്നെങ്കിൽ താപനില ഇത്രയും മാരകമായ തോതിലേക്ക് ഉയരാൻ സാധ്യതയില്ലായിരുന്നുവെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ആഗോള താപനം ഈ വർഷത്തെ പരമാവധി താപനിലയെ ഒരു ഡിഗ്രിയോളം വർധിപ്പിച്ചു. എൽ നിനോ മൂലം രണ്ടു ഡിഗ്രി താപം വേറെയും വർധിച്ചു. ഇതാണ് അഗ്നിബാധാ സമാനമായ സ്ഥിതി വിശേഷത്തിലേക്ക് ഏഷ്യൻ രാജ്യങ്ങളെ തള്ളിവിട്ടത്. ആഗോള താപനം മൂലമുള്ള ശരാശരി താപനില രണ്ട് ഡിഗ്രി വർധിച്ചാൽ ഫിലിപ്പീൻസിലും മറ്റും എല്ലാ വർഷവും ഉഷ്ണതരംഗം ആവർത്തിക്കും. ജീവിതം ദുസ്സഹമാകും. 

മനില പോലെ വളരെ വേഗം വികസിക്കുന്ന നഗരങ്ങളിലെ സ്ഥിതി ഭാവിയിൽ പ്രവചനാതീതമായി മാറിയേക്കാം. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ 30 ദിവസത്തെ ഉഷ്ണതരംഗം വന്നാലുണ്ടാകുന്ന ഭവിഷ്യത്തും പറഞ്ഞറിയിക്കാവുന്നതല്ല. ഈ ഉഷ്ണ കാലത്ത് താപനില 0.85 ഡിഗ്രി വർധിച്ചു. ഇനി ഇതിൽനിന്നു താഴേക്കു പോകില്ല. ഓരോ വർഷവും ഈ രീതിയിൽ ശരാശരി താപനില ഉയർന്നാൽ 2030 ലോ 2040 ലോ എന്താകും അവസ്ഥയെന്നും റിപ്പോർട്ട് തയാറാക്കിയ പതിമൂന്നംഗ ഗവേഷക സംഘം പറയുന്നു.

English Summary:

Asia's Looming Climate Crisis: Heatwaves Predicted to Ramp Up, Warns Experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com