ADVERTISEMENT

വൈഗയുടെ വിളിയിൽ, കാണാനിഷ്ടപ്പെടാതെ മാറ്റിവച്ചിരുന്ന പൊയ്ക്കാലെടുത്തു സോണിയ ധരിച്ചു. നിലത്തു കാലൂന്നി...35 വയസ്സുകാരിയായ ആ അമ്മ വീണ്ടും പിച്ചവച്ചു തുടങ്ങി ‘എന്തിനാണ് അമ്മ കരയുന്നത്? ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ മുറിച്ചു മാറ്റിയ കാലു പിന്നെയും വളർന്നു വരുമോ? ഇല്ലല്ലോ! വരാത്ത ഒരു കാലിനു വേണ്ടി ഞാൻ കരയില്ല. അമ്മയും കരയരുത്. ധൈര്യത്തോടെ നമുക്കു ജീവിക്കാം.’

11 വയസ്സുകാരിയായ ഒരു പെൺകുട്ടിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ. സോണിയക്ക് അതു കേട്ടു വിശ്വസിക്കാനായില്ല. ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ അവൾ ഇങ്ങനെ പറഞ്ഞു കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. 35–ാം വയസ്സിൽ അപൂർവരോഗത്തെ തുടർന്നാണു സോണിയയുടെ വലതുകാലിന്റെ മുട്ടിനു താഴെയും ഇടതുകാലിന്റെ പാദത്തിന്റെ മുൻഭാഗവും മുറിച്ചു നീക്കിയത്.

ഇരുകാലകളുടെയും ചലനശേഷി നഷ്ടമായതോടെ മനസ്സു തകർന്നു. തനിക്കു നേരിടേണ്ടി വന്ന ദുരിതമോർത്തു വിങ്ങിപ്പൊട്ടുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അമ്മയുടെ സങ്കടം കണ്ട് വൈഗ കരയാതെ പിടിച്ചുനിന്നു. ഇങ്ങനെ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്നതിൽ അർഥമില്ലെന്നും നഷ്ടമായ ജീവിതത്തെ ധൈര്യപൂർവം തിരിച്ചുപിടിക്കുകയാണു വേണ്ടതെന്നും അവൾക്കു തോന്നി.

‘അവസാനിക്കാത്ത വേദന. ഇനിയെങ്ങനെ ജീവിക്കുമെന്ന ചിന്തകൾ. ഇതെല്ലാമാണെന്നെ സങ്കടപ്പെടുത്തിയത്. ആത്മവിശ്വാസം കൈ വിടരുത്...പഴയതുപോലെ ജീവിതത്തിലേക്ക് മടങ്ങിയെത്തണം എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും മോളുടെ വാക്കുകളാണ് ശരിക്കുമെന്നെ ചിന്തിപ്പിച്ചത്. അതുവരെ കണ്ടിട്ടില്ലാത്ത പക്വതയോടെ അവൾ പറഞ്ഞു, അമ്മയ്ക്കു വയ്പ്പുകാലില്ലേ. അതുവച്ചു നടക്കണം. പുറത്തു പോകണം. ജോലി ചെയ്യണം.’

കാലുകൾ മുറിക്കുന്നതിനു മുൻപ് നാഷനൽ ഹെൽത്ത് മിഷനിൽ താൽക്കാലിക ജോലിയായിരുന്നു സോണിയയ്ക്ക്. അതുവരെ കാണാൻ ഇഷ്ടപ്പെടാതെ കട്ടിലിനു താഴെ വച്ചിരുന്ന വെപ്പുകാൽ ഘടിപ്പിച്ച് നിലത്തൂന്നി പതിയെ ചുവടു വച്ചു. അസഹ്യമായ വേദന തന്നെ. ഒരു ചുവടു പോലും നീങ്ങാനാകുന്നില്ല. വൈഗ അമ്മയെ താങ്ങിപ്പിടിച്ചു. അവൾ പിച്ചവച്ചു തുടങ്ങിയ കാലം സോണിയ ഓർത്തു.

തന്റെ കൈകളിലൂന്നി അന്നവളെ നടത്തിയതുപോലെ അവളിന്നു തന്നെയും നടത്തുന്നു. ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന സോണിയയുടെ കുടുംബം ഇന്നു സങ്കടങ്ങൾക്കു പൂർണമായും അവധി കൊടുത്തിരിക്കുകയാണ്. ഭർത്താവ് സനൽകുമാർ കാർപെന്ററാണ്. മകൻ ആദിത്യൻ പോളിടെക്നിക്ക് വിദ്യാർഥിയും.

തിരുവനന്തപുരം കരിക്കകത്തെ ‘സോണിയാഭവനി’ൽ ഇപ്പോൾ ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കലർന്ന പുഞ്ചിരികൾ മാത്രം. എത്ര വലിയ ജീവിതഭാരവും കൃത്രിമമെങ്കിലും ഏറെ ബലം പകരുന്ന തന്റെ കാലുകൾക്കു താങ്ങാനാവുമെന്ന വിശ്വാസം കൈവന്നതോടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടായി. പിഎസ്‌സി വഴി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി നിയമന

ം ലഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തി ഒറ്റയ്ക്കു താമസിച്ചു ജോലി ചെയ്യുകയാണ് സോണിയ ഇപ്പോൾ. ജോലിക്ക് അപേക്ഷിക്കുന്ന സമയത്തു കാലുകളെ രോഗം ബാധിച്ചിരുന്നില്ല. കണ്ണൂർ ജില്ലയിലേക്കുള്ള പരീക്ഷയാണ് വിജയിച്ചത്.

‘പുറത്തെല്ലാം പോയി ആളുകളുമായി ഇടപഴകി ചെയ്യേണ്ട ജോലിയാണ്. വലിയ പ്രയാസങ്ങളില്ലാതെ ചെയ്യാനാകുന്നുണ്ട്. അവധി കിട്ടുമ്പോൾ ട്രെയിൻ കയറി തിരുവനന്തപുരത്തെത്തും. സ്കൂട്ടറോടിക്കാൻ പഠിച്ചു. ചെറിയ ദൂരമൊക്കെ സ്കൂട്ടറിൽ പോകും. ജീവിതത്തിൽ ഇനി തന്നെക്കൊണ്ട് ഒന്നിനും കൊള്ളാത്തവളെന്നു ചിന്തിച്ചിരുന്ന സമയമുണ്ടായിരുന്നു. അതു മാറ്റിയത് എന്റെ മോളാണ്’– വൈഗയെ ചേർത്തുപിടിച്ച് സോണിയ പറയുന്നു.

amma-kanmani-2

കാലുകൾ തളർന്നപ്പോൾ

‘സിസ്റ്റമിക് സ്ക്ലിറോസിസ്’ എന്ന സങ്കീർണമായ അപൂർവരോഗമാണു സോണിയയെ ബാധിച്ചത്. ശരീരത്തിെനെതിരെ ശരീരം തന്നെ പ്രവർത്തിക്കുന്ന രോഗാവസ്ഥ. കാലിനു വേദനയായിട്ടാണു തുടക്കം. രക്തക്കുഴലുകളിലെ രക്തയോട്ടം നിലച്ച് കാലുകൾ അനക്കാനാകാത്ത സ്ഥിതിയായി. നടക്കാൻ കഴിഞ്ഞില്ല. രക്തക്കുഴലുകൾ പൂർണമായും അടഞ്ഞതോടെ ഗുരുതരാവസ്ഥയിലായി. പല ഡോക്ടർമാരേയും കാണിച്ചെങ്കിലും 8 മാസമെടുത്തു രോഗനിർണയത്തിന്.

ആദ്യം വലതുകാലിലെ വിരലുകൾ മുറിച്ചുനീക്കേണ്ടിവന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇരുകാലിലും വേദന കൂടി. അനുബന്ധമായി കടുത്ത പ്രമേഹവും പിടികൂടി. വീണ്ടും വ്രണം വന്നു. ശസ്തക്രിയയല്ലാതെ മറ്റൊരു പോംവഴിയില്ല. അങ്ങനെ വലതു കാലിന്റെ മുട്ടിനു 3 സെന്റീമീറ്റർ താഴെ വച്ചു പൂർണമായും മുറിച്ചുനീക്കി. ഇടതുകാലിന്റെ പാദത്തിന്റെ മുൻഭാഗവും നീക്കി. കാലുകൾ ഇല്ലാതായതോടെ കടുത്ത ഡിപ്രഷനിലായി. മോശം ആരോഗ്യാവസ്ഥയും. പ്രാഥമിക കൃത്യങ്ങൾക്കു പോലും സഹായം വേണം. ആ അവസ്ഥയിൽ ഹോളി ഏഞ്ചൽസിലെ വിദ്യാർഥിനിയായ വൈഗ അമ്മയെ ശുശ്രൂഷിച്ചു.

‘വയ്യാതായ അമ്മയെ നോക്കേണ്ടതു മകളുടെ കടമയല്ലേയെന്നു ചോദിക്കാം. പക്ഷേ എന്റെ മോൾ കൊച്ചുകുട്ടിയല്ലേ? അവളെക്കൊണ്ട് ഇതെല്ലാം എങ്ങനെ ചെയ്യിക്കും എന്നോർത്തായിരുന്നു സങ്കടം. ഒരമ്മ തന്റെ കുഞ്ഞിനെ എങ്ങനെ നോക്കുന്നുവോ അതു പോലെയാണ് അവളെന്നെ നോക്കിയത്. കുറച്ചുനാൾ എന്റെ അമ്മ സഹാത്തിനുണ്ടായിരുന്നു. അമ്മയ്ക്കു അത്യാവശ്യമായി മാറി നിൽക്കേണ്ടി വന്നപ്പോൾ താൻ തന്നെ മതിയെന്നു വൈഗ പറഞ്ഞു. ബെഡ്പാനൊക്കെ മടിയോ അറപ്പോ ഇല്ലാതെ എടുത്തുമാറ്റി. മുറിവുകളിൽ മരുന്നുവച്ചു. ആഹാരമുണ്ടാക്കി. വീട്ടിൽ എന്തൊക്കെ ഞാൻ ചെയ്തിരുന്നോ അതെല്ലാം ചെയ്യാൻ തുടങ്ങി. പക്ഷേ ശിഷ്ടകാലം കട്ടിലിൽ തന്നെയെന്നു കരുതിയിരുന്ന എന്നെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നത് അവളുടെ വാക്കുകളാണ്. ’

അമ്മയുടെ മുന്നിൽ വൈഗ പതറാതെയും കരയാതെയും പിടിച്ചുനിന്നു. ചെറിയൊരു വിതുമ്പലോ തേങ്ങലോ പോലുമുണ്ടായില്ല. സോണിയയെ കാണാനെത്തുന്നവരുടെ മുന്നിലും ചിരിച്ച് സന്തോഷത്തോടെ നിന്നു. പക്ഷേ ഉള്ളിൽ അടക്കിപ്പിടിച്ചു വച്ചതത്രയും ഹോളി ഏഞ്ചൽസിലെ തന്റെ അധ്യാപികയായ ഷീബ ബിജുവിനു മുന്നിൽ അണപൊട്ടിയൊഴുകി. തന്റെ ചുമലിൽ മുഖംചേർത്തു പൊട്ടിക്കരഞ്ഞ കുട്ടിയെ ആശ്വസിപ്പിക്കാനാകാതെ ടീച്ചറും വിഷമിച്ചു. സ്കൂളിൽ നടന്ന യോഗത്തിൽ വൈഗയെ അടുത്തു നിർത്തി അവളുടെ അധ്യാപകർ പറഞ്ഞു : ‘നമുക്കിടയിൽ ഒരു സൂപ്പർ അമ്മയും ആ അമ്മയുടെ മനസ്സും ശരീരവും ശുശ്രൂഷിച്ചു ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ബോൾഡായ ഒരു പൊന്നുമോളുമുണ്ട്. നിങ്ങളുടെ കൂട്ടുകാരിയെക്കുറിച്ച് നിങ്ങൾക്കേറെ അഭിമാനിക്കാം.’ 

English Summary:

Sunday Special about Sonia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com