ADVERTISEMENT

അഹമ്മദാബാദ് ∙ ഐപിഎൽ 17–ാം സീസണിൽ ഓറഞ്ച് ക്യാപുമായി റൺവേട്ട തുടരുകയാണ് ആർസിബി താരം വിരാട് കോലി. മികച്ച സ്കോർ കണ്ടെത്തുന്നതിനിടെ താരത്തിന്റെ സ്ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഉയർന്നിരുന്നു. റോയൽ ചാലഞ്ചേഴ്സ് തോൽക്കുന്നതിനു പിന്നില്‍ കോലിയുടെ ‘മെല്ലെപ്പോക്ക്’ ആണെന്നു വരെ വിമർശനമുയർന്നു. എന്നാൽ താരത്തിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ക്രിക്കറ്റർമാരായ മുഹമ്മദ് കൈഫും നവജോത് സിദ്ധുവും.

‘‘കോലിയുടെ സ്ട്രൈക്ക് റേറ്റിനേക്കുറിച്ച് വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ നോക്കൂ 7 മുതൽ 15 വരെയുള്ള മധ്യ ഓവറുകളിൽ കോലിയെക്കാൾ നന്നായി ബാറ്റു ചെയ്യുന്ന മറ്റൊരു താരത്തെ കണ്ടെത്താൻ പ്രയാസമാണ്. മിഡിൽ ഓവറുകൾ ചെയ്യുന്നത് അധികവും സ്പിന്നർമാരാണ് എന്നതുകൊണ്ട് അവർക്ക് ആനുകൂല്യം കിട്ടുന്നു എന്നുമാത്രം. അതിനാലാണ് സ്പിന്നർ‌മാർക്ക് ഫാസ്റ്റ് ബോളർമാരെക്കാൾ ഇക്കോണമി റേറ്റ് കുറയുന്നത്. ആ ഘട്ടത്തിൽ സ്പിന്നിനെതിരെ ആക്രമിച്ചു കളിക്കുന്നില്ല എന്ന് വിമർശിക്കുന്നതിൽ കാര്യമില്ല’’ – കൈഫ് പറഞ്ഞു.

‘‘ആളുകൾ കരുതുന്നത് കോലി ദൈവമാണെന്നാണ്. എന്നാൽ അദ്ദേഹം ഒരു മനുഷ്യനാണ്. അതിനാൽ മനുഷ്യനെപ്പോലെയേ കളിക്കാനാകൂ. അദ്ദേഹം 80 രാജ്യാന്തര സെഞ്ചറി നേടിയിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തിൽ സ്പിന്നർമാർക്കെതിരെയും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ക്രീസിലുള്ള ഓരോ നിമിഷവും അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. സാഹചര്യം അനുസരിച്ചുള്ള ക്രിക്കറ്റാണ് കോലി കളിക്കുന്നത്. ഇത്രയും മികച്ച ക്രിക്കറ്ററിൽനിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?’’ –നവജോത് സിദ്ധു പറയുന്നു.

നേരത്തെ സ്ട്രൈക്ക് റേറ്റ് കുറവാണെന്ന വിമർശനത്തിന് മറുപടിയുമായി കോലിയും രംഗത്തുവന്നിരുന്നു. ’’സ്ട്രൈക്ക് റേറ്റ് കുറവാണെന്നും സ്പിന്നിനെതിരെ ആക്രമിച്ചു കളിക്കുന്നില്ലെന്നും എനിക്കെതിരെ പരാതിയുണ്ട്. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാം. എന്നാൽ എന്റെ കളി ഏറ്റവും നന്നായി അറിയാവുന്നത് എനിക്കുതന്നെയാണ്. എന്റെ മനസ്സും മസിലും പ്രതികരിക്കുന്നതു പോലെയാണ് ഞാൻ കളിക്കുന്നത്. സ്വന്തം ജോലി നന്നായി ചെയ്യുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്’’ – കോലി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 44 പന്തിൽ 70 റൺസാണ് കോലി സ്വന്തമാക്കിയത്. മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് റോയൽ ചാലഞ്ചേഴ്സ് ജയിച്ചത്. സീസണിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽനിന്ന് 500 റൺസ് നേടിയ കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. സീസണിലെ നാലാം അർധ ശതകമാണ് കോലി ഞായറാഴ്ച സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

English Summary:

People thinks Virat Kohli is god, but he plays like a human; former cricketers backs RCB star amid strike rate criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com