ADVERTISEMENT

ന്യൂഡൽഹി ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ കളിച്ചതും ജയിച്ചതും ഡൽഹി ക്യാപിറ്റൽസാണെങ്കിലും ഡൽഹി ആരാധകരെക്കാൾ ഈ ജയം ആഘോഷിക്കുന്നത് രാജസ്ഥാൻ, ബെംഗളൂരു, ചെന്നൈ ആരാധകരാണ്. ഡൽഹിക്കെതിരെ 19 റൺസ് തോൽവി വഴങ്ങിയതോടെ ലക്നൗവിന് ഇനി അവസാന ലീഗ് മത്സരം ജയിച്ചാലും 14 പോയിന്റ് മാത്രമേ ലഭിക്കൂ. ഇതോടെ നിലവിൽ 16 പോയിന്റുള്ള രാജസ്ഥാൻ പ്ലേഓഫ് ഉറപ്പിച്ചു. നെറ്റ് റൺറേറ്റിൽ ലക്നൗവിനെക്കാൾ മുന്നിലുള്ള ബെംഗളൂരുവിന് അടുത്ത മത്സരത്തിൽ ചെന്നൈയെ നല്ല മാർജിനിൽ തോൽപിച്ചാൽ പ്ലേഓഫ് ഉറപ്പാക്കാം. തിരിച്ച് ബെംഗളൂരുവിനെതിരായ ജയം ചെന്നൈയ്ക്കും പ്ലേഓഫിലേക്കുള്ള വഴി തുറക്കും. ലക്നൗവിനെ തോൽപിച്ചതോടെ 14 പോയിന്റ് ആയെങ്കിലും മൈനസ് നെറ്റ് റൺറേറ്റുള്ള ഡൽഹിക്ക് പ്ലേഓഫ് സാധ്യത അതിവിദൂരം മാത്രം. സ്കോർ: ഡൽഹി 20 ഓവറിൽ 4ന് 208. ലക്നൗ 20 ഓവറിൽ 9 ന് 189

പൊരുതിവീണ് ലക്നൗ

‌ക്വിന്റൻ ഡികോക്ക് (12), കെ.എൽ.രാഹുൽ (5), മാർകസ് സ്റ്റോയ്നിസ് (5), ദീപക് ഹൂഡ (0) എന്നീ മുൻനിര താരങ്ങളെ നഷ്ടമായി 4ന് 44 എന്ന നിലയിലേക്കു വീണ ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് 27 പന്തിൽ 61 റൺസുമായി കത്തിക്കയറിയ നിക്കോളാസ് പുരാന്റെ വെടിക്കെട്ടാണ്. പുരാൻ പുറത്തായതോടെ തോൽവി ഉറപ്പിച്ച ലക്നൗവിനെ അവസാന ഓവറുകളിലെ കൂറ്റൻ അടികളിലൂടെ അർഷദ് ഖാൻ (33 പന്തിൽ 58 നോട്ടൗട്ട്) വിജയപ്രതീക്ഷ നൽകിയെങ്കിലും 19 റൺസ് അകലെ ലക്നൗവിന്റെ പോരാട്ടം അവസാനിച്ചു.

ഹിറ്റിങ് ക്യാപിറ്റൽസ്‌

ആദ്യ ഓവറിലെ രണ്ടാം പന്തിൽ വെടിക്കെട്ട് ഓപ്പണർ ജേക്ക് ഫ്രേസർ മക്ഗുർക്കിനെ (0) നഷ്ടമായ ഞെട്ടലോടെയാണ് ഡൽഹി തുടങ്ങിയത്. എന്നാൽ മക്ഗുർക്കിന്റെ റോൾ ഏറ്റെടുത്ത സഹഓപ്പണർ അഭിഷേക് പൊറൽ (33 പന്തിൽ 58) ഒരറ്റത്ത് കത്തിക്കയറിയതോടെ ഡൽഹി സ്കോർ ബോർഡ് കുതിച്ചുപായാൻ തുടങ്ങി. മൂന്നാമനായി എത്തിയ ഷായ് ഹോപ്പും (27 പന്തിൽ 38) താളം കണ്ടെത്തിയതോടെ പവർപ്ലേയിൽ 73 റൺസാണ് ഡൽഹി അടിച്ചുകൂട്ടിയത്. 33 പന്തിൽ 4 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ ഡൽഹിയുടെ ടോട്ടൽ 200 കടക്കില്ലെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് ലക്നൗവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 25 പന്തിൽ 4 സിക്സും 3 ഫോറുമടക്കം പുറത്താകാതെ 57 റൺസ് നേടിയ സ്റ്റബ്സിന്റെ ഇന്നിങ്സാണ് ഡൽഹി ടോട്ടൽ 208ൽ എത്തിച്ചത്.

English Summary:

IPL playoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com