ADVERTISEMENT

ഒല്ലൂർ ∙ തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ ഗർഭിണിയായ പന്നിമാൻ അടക്കം 5 ജീവികൾ 4 മാസത്തിനിടെ ചത്ത സംഭവത്തിൽ അടിയന്തര റിവ്യു മീറ്റിങ് വിളിക്കാൻ വനംവകുപ്പിന്റെ നിർദേശം. ആവാസ വ്യവസ്ഥ പൂർണ സജ്ജമാകുന്നതിനു മുൻപേ ജീവികളെ മൃഗശാലയിലെത്തിച്ചതു ജീവൻ നഷ്ടപ്പെടാനിടയാക്കിയെന്ന വിവരം യോഗത്തിൽ ചർച്ചയാകും. ഈയാഴ്ച തന്നെ യോഗം ചേരും.

ചത്ത ജീവികളിലൊന്നായ ഏഴു വയസ്സുള്ള പന്നിമാനിനെ പാർപ്പിച്ചിരുന്ന കൂട് തരിശുഭൂമി പോലുള്ള സ്ഥലമാണ്. വളർച്ചയെത്തിയ ഒരു മരം പോലും കൂട്ടിലില്ല. പുത്തൂരിലെത്തിച്ചു 10 ദിവസത്തിനുള്ളിൽ മാനിനു പലതരം അണുബാധയുടെ (മൾട്ടിപ്പിൾ ബാക്ടീരിയൽ ഇൻഫക്‌ഷൻ) ലക്ഷണം കണ്ടിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ജീവികളുടെ സംരക്ഷണച്ചുമതല വഹിച്ചിരുന്ന 2 ജീവനക്കാർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകി.

ഡിസംബർ 15 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിനിടെ 4 പക്ഷികളും ഒരു പന്നിമാനുമാണു പുത്തൂരിൽ ചത്തത്. ഇവയടക്കം തൃശൂർ മൃഗശാലയിൽ നിന്നു 43 ജീവികളെയാണു പുത്തൂരിലെത്തിച്ചിരുന്നത്. ഈ സമയത്തിനിടെ തൃശൂർ മൃഗശാലയിൽ ജീവികളൊന്നും ചത്തിട്ടില്ലെന്നാണു വിവരം. ആവാസ വ്യവസ്ഥ പൂർണമായെന്ന അവകാശവാദത്തോടെ 2 മാനുകളെ പുത്തൂരിലെത്തിച്ചു മേയാൻ വിട്ടതു തരിശു പോലെ കാണപ്പെടുന്ന കൂട്ടിലേക്കാണെന്നു വിവരമുണ്ട്.

thrissur-ollur-animals-death-issue-2
തൃശൂർ മൃഗശാലയിലെ പക്ഷിക്കൂടും ചുറ്റും തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും.

പുത്തൂരിലെത്തിച്ച് ഏതാനും ദിവസത്തിനകം അണുബാധയുടെ ലക്ഷണങ്ങൾ ഗർഭിണിയായ മാനിൽ കണ്ടിരുന്നതായി ജീവനക്കാരിൽ ചിലർ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 18ന് ആണു മാൻ ചത്തത്. രാവിലെയും വൈകിട്ടും വെറ്ററിനറി ഡോക്ടർ പരിശോധിച്ച ശേഷമാണു ജീവികൾക്കു ഭക്ഷണം നൽകുന്നത്. അണുബാധയേൽക്കാനിടയായ സാഹചര്യമെന്തെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഠനം നടത്താൻ സുവോളജിക്കൽ പാർക്ക് അധികൃതർക്കു വനംവകുപ്പ് നിർദേശം നൽകി.

എന്നാൽ, ജീവികൾ ചത്ത സംഭവം മറച്ചുവച്ചുവെന്ന വാർത്തകൾ തെറ്റാണെന്നു സുവോളജിക്കൽ പാർക്ക് അധികൃതർ പ്രതികരിച്ചു. സെൻട്രൽ സൂ അതോറിറ്റിയെ യഥാസമയം വിവരമറിയിച്ചിരുന്നു. ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്ന വിവരവും അധികൃതർ നിഷേധിച്ചു. പക്ഷികൾ ചത്തതതിനു കാരണം പ്രായാധിക്യവും തമ്മിലുള്ള ഏറ്റുമുട്ടലുമാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സുവോളജിക്കൽ പാർക്കിലെ ജീവനക്കാർക്കിടയിലെ ചേരിതിരിവും വിവാദങ്ങൾക്കു കാരണമാകുന്നതായി സൂചനയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 2ന് ആണു തൃശൂർ മൃഗശാലയിൽ നിന്ന് ആഘോഷമായി മയിലുകളെ പുത്തൂരിലെത്തിച്ച് ഉദ്ഘാടനം ചെയ്തത്. 4 കടുവകളും ഒരു പുള്ളിപ്പുലിയും ഒരു മാനും 35 പക്ഷികളും മൃഗശാലയിൽ ഇപ്പോഴുണ്ട്.

English Summary:

Emergency Review Initiated Over Wildlife Deaths at Puthur Zoo - Habitat Readiness in Question

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com