ADVERTISEMENT

ലണ്ടൻ∙ യുകെയിൽ നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച വൈക്കം ചെമ്പ് സ്വദേശി സജീഷ് ടോം മികച്ച നേട്ടത്തോടെ വീണ്ടും കൗൺസിലറായി വിജയിച്ചു. ബേസിങ്‌സ്‌റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിലിന്‍റെ കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് സജീഷ് ടോം മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് സജീഷ് ടോം കൗൺസിലറായി വിജയിക്കുന്നത്. 2021 ല്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം ചിട്ടയായ ജനസമ്പര്‍ക്ക പരിപാടികളിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് ബേസിങ്സ്റ്റോക്കിലെ 'പോപ്പിലി' വാര്‍ഡിലെ ജനപ്രിയ നേതാവായി മാറിയിരുന്നു.

ഇത്തവണ ആകെ പോൾ ചെയ്ത വോട്ടിന്‍റെ എഴുപത് ശതമാനത്തിലധികം വോട്ടിങ് ഷെയറായി നേടിയാണ് സജീഷ് ടോം വിജയിച്ചത്. കൗൺസിലർ എന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിലെ തന്‍റെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരമാണ് ഈ ഉജ്വല വിജയത്തിന് കാരണമെന്ന് സജീഷ് ടോം മനോരമ ഓൺലൈനിനോട് പറഞ്ഞു. കൗൺസിലിന്‍റെ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് കമ്മിറ്റി, ലൈസൻസിങ് കമ്മിറ്റി എന്നിവയിൽ സജീഷ് ടോം അംഗമായിരുന്നു. എൺപത് ശതമാനത്തോളം ബ്രിട്ടിഷുകാർ താമസിക്കുന്ന 'പോപ്പിലി' വാർഡിൽ നിന്ന് ഇത്തവണ 1184 വോട്ടുകൾ നേടിയ സജീഷ് ടോമിന് 4 വർഷം കൗൺസിലറായി തുടരാൻ അവസരം ലഭിക്കും.

sajeesh-tom-family
Image Credit :SION Photography

കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷ് ടോം ബേസിങ്സ്റ്റോക്ക് എൻഎച്ച്സ് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുകയാണ്. ഭാര്യ ആൻസി ഇതേ ആശുപത്രിയിലെ ഐസിയു വിഭാഗം നഴ്സാണ്. അലീന ഏക മകളാണ്. 2005 ൽ യുകെയിൽ എത്തിയ സജീഷ് ടോം ബേസിങ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പൊതുപ്രവർത്തനം ആരംഭിച്ചു. ബേസിങ്സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്‍റെ ട്രഷറർ, 'യുക്മ' ദേശീയ ജനറൽ സെക്രട്ടറി, ബേസിങ്സ്റ്റോക്ക് ലേബർ പാർട്ടിയുടെ എക്സിക്യൂട്ടീവ് അംഗം, യുകെയിലെ പ്രമുഖ തൊഴിലാളി യൂണിയനായ 'യൂണിസൺ' ബ്രാഞ്ച് ചെയർമാൻ, റീജനണൽ കമ്മറ്റി അംഗം, സ്കൂൾ ഗവർണർ തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ബേസിങ്സ്റ്റോക്ക് ആൻഡ് ഡീൻ കൗൺസിലിലെ 18 വാർഡുകളിലെ 54 കൗൺസിലർമാരിൽ 11 പേരാണ് ലേബർ പാർട്ടി പ്രതിനിധികളായി ഉള്ളത്. കൺസർവേറ്റീവ് പാർട്ടി 16 സീറ്റുകളിൽ വിജയിച്ചു. എന്നാൽ ഭൂരിപക്ഷം നേടാൻ ഇരു പാർട്ടികൾക്കും കഴിഞ്ഞില്ല. 27 അംഗങ്ങളുടെ പിന്തുണയുള്ള വിവിധ പാർട്ടികൾ ഉൾപ്പെടുന്ന സ്വതന്ത്ര മുന്നണി അധികാരത്തിൽ എത്താനാണ് സാധ്യത.സ്വാതന്ത്ര മുന്നണിക്ക് ഭൂരിപക്ഷം നേടാൻ ഒരു കൗൺസിലറുടെ കുറവ് ഉള്ളതിനാൽ, അധികാരത്തിൽ എത്താൻ ലേബർ പാർട്ടി പുറത്ത് നിന്ന് പിന്തുണ നൽകിയേക്കും.

English Summary:

Sajeesh Tom wins local council elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com