ADVERTISEMENT

കണ്ണൂർ ∙ സജനയുടെ ചിതയിൽ അഗ്നി പകർന്ന നിമിഷം അശോകിന്റെ ‘ഹൃദയത്തിലിരുന്ന്’ വിഷ്ണു മിടിച്ചു. ആ ഹൃദയം അശോകിന്റെ കൈകളിലെ തീനാളത്തോടു പറഞ്ഞിട്ടുണ്ടാവും; അതു നമ്മുടെ അമ്മയാണെടാ... മകന്റെ ഹൃദയം സ്വീകരിച്ചയാൾ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ ആ നിമിഷം കണ്ടുനിന്നവരുടെയും ഹൃദയമെരിഞ്ഞു.

സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോകിന്റെയുള്ളിൽ മിടിക്കുന്നത്. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ വിഷ്ണുവിനായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച സമയത്താണു മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്.

കുടുംബമാകെ തളർന്നുപോയെങ്കിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. വേദനയുടെയും വേർപാടിന്റെയും വിങ്ങൽ കാൻസർ രോഗിയായ സജനയ്ക്ക് നന്നായി അറിയാമായിരുന്നു. അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നവർ ആശ്വസിച്ചു. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തു. ഒരൊറ്റ നിബന്ധന മാത്രം വച്ചു – സ്വീകർത്താക്കളെ നേരിൽ കാണണം. 

വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) അന്നാണ് സജനയെ (48) ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി; വേദനകളിൽ കൂട്ടിരുന്നു. വിഷ്ണുവിന്റെ കഥകൾ കേട്ടു. അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം സജനയുടെ ഹൃദയമിടിപ്പു നിലച്ചപ്പോൾ അശോക് ഓടിയെത്തി. ഷാജിയുടെ അഭ്യർഥനപ്രകാരം അന്ത്യകർമം ചെയ്തു.

English Summary:

Ashok who accepted the heart of Vishnu lit the pyre of his mother Sajana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com