ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദേശം ഉയർന്നതോടെ ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. 

ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർദേശം നൽകി. ക്ഷേത്രവളപ്പിൽ അരളി നട്ടുവളർത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. 

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ടു മുതലേ അരളി പൂജയ്ക്കോ മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. 

English Summary:

Travancore Devaswom Board meeting will take decision on use of arail flower for pooja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com