ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽ സ്വാഭാവികമായും മത്സരിക്കേണ്ടത് എൽഡിഎഫിനോടല്ല, ബിജെപിയോടാണ്. ബിജെപിയാണ് ഫാഷിസ്റ്റ് നിലപാട് സ്വീകരിക്കുന്ന പാർട്ടി. ബിജെപി കേന്ദ്രങ്ങളിൽപോയി മത്സരിക്കണം. രാഹുൽ മത്സരിക്കരുതെന്ന് അപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ല.

കേരളത്തിൽ ബിജെപി പ്രധാന ശക്തിയല്ല. ഒരു സീറ്റും കിട്ടുന്ന പാർട്ടിയല്ല. ഇന്ത്യ മുന്നണിയുടെ വിശാല കേന്ദ്രങ്ങളിലൊന്ന് കേരളമാണ്. അങ്ങനെയുള്ള സംസ്ഥാനത്തിലാണോ ബിജെപിയെ തോൽപിക്കാൻ മത്സരിക്കേണ്ടത്, അതോ ബിജെപിക്ക് സ്വാധീനമുള്ള സ്ഥലത്ത് മത്സരിക്കണോ എന്നു ചിന്തിക്കണമെന്നും വാർത്താ സമ്മേളനത്തിൽ മറുപടിയായി ഗോവിന്ദൻ പറഞ്ഞു. 

മുസ്‌ലിം ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുവരുന്നത് സിപിഎമ്മിന്റെ അജൻഡയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വപ്രശ്നം, ഏകീകൃത സിവിൽകോഡ് തുടങ്ങിയ വിഷയങ്ങളിൽ വർഗീയവാദികൾ ഒഴികെ മറ്റെല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് സിപിഎം ശ്രമിച്ചത്. അതെല്ലാം ചില പാർട്ടികളെ എൽഡിഎഫിലേക്ക് കൊണ്ടുവരാനാണെന്ന് കരുതി ആരും ഉത്കണ്ഠപ്പെടേണ്ട.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയവും സംഘടനാപരവുമായ പരാജയം കോൺഗ്രസിനുണ്ടായി. പ്രാദേശിക പാർട്ടിയുടെ തലത്തിലേക്ക് കോൺഗ്രസ് മാറി. നിലവിൽ 3 സംസ്ഥാനം മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച തെലങ്കാനയിൽ ഇപ്പോൾ തന്നെ എംഎൽഎമാരുമായി കോൺഗ്രസ് ഓട്ടം തുടങ്ങി. എംഎൽഎമാരെ സംരക്ഷിച്ചു നിർത്താൻ കോൺഗ്രസിനു കഴിയട്ടെ.

കോൺഗ്രസിനു രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാൻ കഴിയുന്നില്ല. ‘ഇന്ത്യ’ മുന്നണിയുടെ യോഗം വിളിച്ചാൽ മാത്രം ബിജെപിയെ നേരിടാനാകില്ല. വടക്കേ ഇന്ത്യയിൽ ഹിമാചലിൽ ഒഴികെ ഒരിടത്തും കോൺഗ്രസിന് അധികാരമില്ല. ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത നിലയിലേക്ക് കോൺഗ്രസ് മുട്ടുകുത്തി. ബിജെപിയെ തോൽപിച്ചില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യ സംവിധാനം ഉണ്ടാകില്ല. ഇന്ത്യ മുന്നണിയിലൂടെ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി എടുക്കണം. അവിടെയെല്ലാം ബിജെപി വിരുദ്ധ വോട്ട് ഛിന്നഭിന്നമാകാതെ നോക്കണം. ഏതു പാർട്ടിക്കാണ് പ്രദേശിക തലത്തിൽ ശക്തിയെന്നു നോക്കണം. അല്ലെങ്കിൽ അപകടകരമായ സ്ഥിതിയുണ്ടാകും– എം.വി.ഗോവിന്ദൻ പറഞ്ഞു. 

English Summary:

Congress should decide whether Rahul Gandhi should contest in Wayanad: MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com