ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസ് തടയാൻ മേയർക്ക് അധികാരമുണ്ടോ? ഏതാനും ദിവസമായി കേരളം ചർച്ച ചെയ്യുന്ന ചോദ്യങ്ങളിലൊന്നാണിത്. ഒരു നഗരത്തിന്റെ പ്രഥമപൗരനാണ് നഗരപിതാവോ മാതാവോ എന്നെല്ലാം വിശേഷമുള്ള മേയർ. അധികാരസൂചകമായ കറുത്ത ഗൗണും കോർപറേഷൻ പരിധിയിൽ ശക്തമായ അധികാരങ്ങളും ഉണ്ടെങ്കിലും കെഎസ്ആർടിസി വാഹനം തടയുന്നതിന് മേയർക്ക് അധികാരമില്ല. മേയർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു കെഎസ്ആർടിസിക്കും തടസ്സമില്ല. കെഎസ്ആർടിസി സർവീസ് തടസ്സപ്പെട്ടാൽ സ്ഥാപനത്തിന് നഷ്ടമായ തുക പിഴയായി ഈടാക്കാം.

പ്രോട്ടോകോളിൽ മേയർ എംപിക്കും മുകളിൽ

പ്രോട്ടോകോൾ പ്രകാരം എംപിക്കും എംഎൽഎയ്ക്കും മുകളിലാണ് മേയറുടെ സ്ഥാനം. പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികൾ സന്ദർശനത്തിനെത്തുമ്പോൾ ഗവർണർക്കും മുഖ്യമന്ത്രിക്കും മന്ത്രിക്കും പുറമേ സ്വീകരിക്കാൻ മേയറുമുണ്ടാകും. മറ്റ് സവിശേഷ അധികാരങ്ങളില്ല. നഗരത്തിലെ ഗതാഗത പരിഷ്ക്കരണ കമ്മിറ്റിയുടെ അധ്യക്ഷ മേയറാണ്. റോഡ് വൺവേ ആക്കൽ, ഗതാഗത ക്രമീകരണം എന്നിവയടക്കം നടപ്പിലാക്കുന്നത് ഈ കമ്മിറ്റിയാണ്. പൊതുഭരണവകുപ്പിന്റെ പ്രോട്ടോകോൾ ബുക്കിൽ പതിനെട്ടാം സ്ഥാനത്താണ് മേയർ. ഒന്നാം സ്ഥാനത്ത് രാഷ്ട്രപതി.

കെഎസ്ആർടിസി ട്രിപ്പ് മുടങ്ങിയാൽ പിഴ

ട്രിപ്പ് പൂർത്തിയാക്കുന്നതിനു മുൻപ് മറ്റാരുടെയെങ്കിലും ഇടപെടലിലൂടെ കെഎസ്ആർടിസി ബസിന് യാത്ര റദ്ദാക്കേണ്ടിവന്നാൽ നഷ്ടം  കാരണക്കാരിൽനിന്ന് ഈടാക്കാം. തമ്പാനൂരിൽ സർവീസ് അവസാനിപ്പിക്കേണ്ട ബസിന് മേയറുടെയും ബന്ധുക്കളുടെയും ഇടപെടലിലൂടെ ഒരു കിലോമീറ്റർ അകലെ പാളയത്താണ് യാത്ര റദ്ദാക്കേണ്ടിവന്നത്. ഇതിനാൽ കെഎസ്ആർടിസിക്ക് യാത്രാനഷ്ടം ഇല്ല. വഴിയിലായ യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്നാണ് നിയമം. ഇതു പാലിക്കപ്പെട്ടില്ല. 

ബസിനു നഷ്ടമുണ്ടായാൽ 5 വർഷം തടവും പിഴയും

ഡ്രൈവർ അറസ്റ്റിലായെന്നും യാത്രക്കാരോട് ബസിൽനിന്ന് ഇറങ്ങാനും മേയറുടെ ഭർത്താവ് സച്ചിൻേദവ് എംഎൽഎ ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും, സബ് ഇൻസ്പെക്ടർ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ബസിൽ പരിശോധന നടത്താനും നിർദേശങ്ങൾ നൽകാനും അധികാരം. കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താൻ പ്രത്യേക അധികാരം നൽകാറുണ്ട്. കെഎസ്ആർടിസി ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തൽ, ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയവയ്ക്ക് അഞ്ചുവർഷം തടവും പിഴയുമാണ് ശിക്ഷ. ബസിനുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടം ഈടാക്കി കേസുകൾ ഒത്തുതീർപ്പാക്കരുതെന്ന് പ്രത്യേക നിർദേശമുണ്ട്.

English Summary:

As per protocol mayor is even above the MP; but this power is not enough for the mayor to stop bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com