ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച സസ്പെൻസ് തുടരവേ രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നു സൂചന. 24 മണിക്കൂറിനുള്ളിൽ 2 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയതായി മുതിർന്ന നേതാവ് ജയ്റാം രമേശ് പറഞ്ഞു. ആരും എവിടേക്കും ഓടിയൊളിക്കുന്നില്ലെന്നും ഭയമില്ലെന്നും ജയ്റാം രമേശ് വ്യക്തമാക്കി.

ചൊവ്വാഴ്ച പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിലും കോൺഗ്രസ് രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധിച്ചു. പാർട്ടി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ‘അമേഠി ആവശ്യപ്പെടുന്നത് ഗാന്ധി കുടുംബത്തെ’– എന്ന മുദ്രാവാക്യം പ്രവർത്തകർ ഉയർത്തി. അമേഠിയിൽ രാഹുലിനെ പാർട്ടി കളത്തിലിറക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. 2019ന് സമാനമായി ഇത്തവണയും വയനാട്ടിൽനിന്നും അമേഠിയിൽനിന്നും രാഹുൽ മത്സരിക്കുമെന്നായിരുന്നു സൂചന. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്. 

2004 മുതൽ സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. ഇത്തവണ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരാണ് ഉയർന്നുകേട്ടത്. രാഹുൽ, പ്രിയങ്ക എന്നീ പേരുകൾ സജീവമായി ഉയരുമ്പോൾ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം എടുക്കുമെന്നു കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. അമേഠിയിലും റായ്ബറേലിയും സ്ഥാനാർഥികളെ കോൺഗ്രസ് വ്യാഴാഴ്ച തീരുമാനിക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അറിയിച്ചു. അനുയോജ്യരായവരെ സ്ഥാനാർഥികളാക്കും. രാഹുലിന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കേണ്ട കാര്യമാണെന്നും വേണുഗോപാൽ പറഞ്ഞു. മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് രണ്ടു മണ്ഡലങ്ങളിലും മത്സരം. 

English Summary:

Congress will declare candidates in Amethi, Raebareli within 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com