ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിലെത്തിക്കുന്നു. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിലടക്കമാണ് പ്രചാരണ ബോർഡുകൾ എത്തിച്ചത്. ‘കോൺഗ്രസ് മാറ്റം കൊണ്ടുവരും, ഇന്ത്യ പോരാടും, ഇന്ത്യ ജയിക്കും’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ബോർഡിലുള്ളത്. രാജ്യതലസ്ഥാനത്തും കർണാടകയിലുമായി അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേഠിയിലെ അപ്രതീക്ഷിത നീക്കം.

2004, 2009, 2014 വർഷങ്ങളിൽ അമേഠിയിൽനിന്നു ലോക്സഭാംഗമായ രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സ്മൃതിയുടെ അട്ടിമറി ജയം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,07,903 വോട്ടിനാണ്. രാഹുലിനോട് സ്മൃതി പരാജയപ്പെട്ടത് ഇത്തവണയും രാഹുൽ അമേഠിയിൽ മത്സരിച്ചാൽ സ്മൃതിയുമായുള്ള മൂന്നാം നേർക്കുനേർ പോരാട്ടമാകും അത്. കഴിഞ്ഞയാഴ്ച സ്മൃതി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് കർണാടകയിൽ ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ കർണാടകയിലെത്തിയത്. അമേഠിയിലും റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം നാളെയാണ്. അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ്. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ പ്രിയങ്ക ഗാന്ധി ഉറച്ചുനിൽക്കുന്നതായാണ് സൂചന.

സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രവർത്തകർക്കിടയിലും ആശങ്കയുണ്ട്. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രഖ്യാപനം നീളുന്തോറും സ്ഥാനാർഥിത്വം ചർച്ചയാകുമെന്നും അവസാനനിമിഷം രാഹുലിനെ രംഗത്തിറക്കുന്നതു ഗുണം ചെയ്യുമെന്നുമുള്ള ചിന്ത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. രാഹുൽ അമേഠിയിൽ മത്സരിക്കണമെന്നാണു പാർട്ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായം.

വയനാട്ടിൽനിന്നുള്ള സിറ്റിങ് എംപിയായ രാഹുൽ, അമേഠിയിൽ മത്സരിക്കാൻ ഉപാധികൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. റായ്‌ബറേലിയിൽ ജയിച്ചാൽ ഗാന്ധി കുടുംബത്തിലെ മൂന്നു പേരും പാർലമെന്റിലെത്തുമെന്ന ന്യായമാണ് മത്സരിക്കാതിരിക്കാൻ പ്രിയങ്ക ഗാന്ധി പറയുന്നത്. ഇതു കുടുംബാധിപത്യ പാർട്ടിയെന്ന ബിജെപിയുടെ പ്രചാരണം ശക്തിപ്പെടുത്തുമെന്നും അവർ പറയുന്നു. ഇതുവരെ റായ്ബറേലിയെ പ്രതിനിധീകരിച്ചിരുന്ന സോണിയ ഗാന്ധി, രാജ്യസഭയിലേക്ക് മാറിയിരുന്നു.

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയുള്ള തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ 330 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. സൂറത്ത്, ഇൻഡോർ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു.

English Summary:

Mallikarjun Kharge, Rahul Gandhi Meet To Discuss Amethi, Raebareli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com