ADVERTISEMENT

കൽപറ്റ∙ ദളങ്ങൾ ഓരോന്നായി കൊഴിഞ്ഞു നാലുപേരിലേക്കു മാത്രമായി ഒതുങ്ങിയിരിക്കുകയാണ് കേരളത്തിലെ മാവോയിസ്റ്റ് സംഘം. അവരാണെങ്കിൽ പൊലീസിന്റെ തോക്കിൻമുനയിലാണു ജീവിക്കുന്നതും. വയനാട്, ആറളം, നിലമ്പൂർ കാടുകളിലായി വ്യാപിച്ചു പ്രവർത്തിച്ചിരുന്ന സംഘങ്ങൾ ഏറെക്കുറെ ഒടുങ്ങി. തലപ്പുഴയും ആറളത്തുമായി ചുറ്റിത്തിരിയുന്ന നാലുപേർ മാത്രമാണു നിലവിൽ കേരളത്തിൽ പൊലീസിന്റെയും ദൗത്യസംഘത്തിന്റെയും നിരീക്ഷണത്തിലുള്ളത്. അവരുമായി കഴിഞ്ഞ ദിവസം തലപ്പുഴയിൽ ഏറ്റുമുട്ടലുമുണ്ടായി.

മാവോയിസ്റ്റുകൾക്കായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇവർ കണ്ണുവെട്ടിച്ച് കാട്ടിൽ കഴിയുകയാണ്. ഇതിനിടെയാണു കഴിഞ്ഞ 24ന് മാനന്തവാടി തലപ്പുഴയിലെ കമ്പമലയിൽ എത്തി വോട്ട് ബഹിഷ്കരിക്കണമെന്നു മാവോയിസ്റ്റ് സംഘം ആഹ്വാനം ചെയ്തത്. ഇതോടെ വീണ്ടും പൊലീസും ദൗത്യസംഘവും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി.

വയനാട്ടിൽ പിടിയിലായ മാവോയിസ്റ്റ്  ഉണ്ണിമായയെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ. 
ചിത്രം: മനോരമ
വയനാട്ടിൽ പിടിയിലായ മാവോയിസ്റ്റ് ഉണ്ണിമായയെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോൾ. ചിത്രം: മനോരമ

ഇനി കബനീദളം മാത്രം

മുതുമല കേന്ദ്രീകരിച്ചുള്ള ശിരുവാണി ദളം, പാലക്കാട് - മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളം, കോഴിക്കോട്-വയനാട് അതിർത്തിമേഖല കേന്ദ്രീകരിച്ചുള്ള ബാണാസുര ദളം എന്നിവയുടെ പ്രവർത്തനം നേരത്തേ നിലച്ചു. കേരളത്തിലെ മാവോയിസ്റ്റുകളുടെ പ്രവർത്തനം കണ്ണൂരിലെ ആറളത്തിനും വയനാട്ടിലെ തലപ്പുഴയ്ക്കുമിടയിൽ പ്രവർത്തിക്കുന്ന കബനീദളത്തിലൊതുങ്ങി. അതും അടുത്ത കാലത്തായി ദുർബലപ്പെട്ടു. മലയാളികളല്ലാത്ത മാവോയിസ്റ്റുകൾ കർണാടകയിലെ മംഗളൂരുവിലേക്കും തമിഴ്നാട്ടിലെ വനത്തിലേക്കും മാറിയതായാണു വിവരം. മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലേക്കു കടന്നതോടെ ഇപ്പോൾ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ നാലു മാവോയിസ്റ്റുകൾ മാത്രമാണു കേരളത്തിൽ പൊലീസ് നിരീക്ഷണത്തിലുള്ളത്. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കർണാടക സ്വദേശി സുരേഷ് കീഴടങ്ങിയിരുന്നു. മലയാളികളായ സി.പി. മൊയ്തീൻ, മനോജ്, സോമൻ, തമിഴ്നാട്ടുകാരനായ സന്തോഷ് എന്നിവരാണു കബനീദളത്തിൽ അവശേഷിക്കുന്നത്. 

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിൽ മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ (ഫയൽ ചിത്രം)
തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിൽ മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകൾ (ഫയൽ ചിത്രം)

കഴിഞ്ഞ വർഷം പതിനെട്ടോളം മാവോയിസ്റ്റുകളാണു വയനാടൻ കാടുകളിൽ ഉണ്ടായിരുന്നതെന്നാണു വിവരം. അതിൽ രണ്ടുപേരെ തലപ്പുഴ, പേരിയ ചപ്പാരത്ത് നടന്ന ഏറ്റുമുട്ടലിൽ പൊലീസ് പിടികൂടി. കബനീദളം ഏരിയാ സെക്രട്ടറിയും മുൻ കമാൻഡറുമായ ആന്ധ്ര രായലസീമ സ്വദേശി കവിത, ആറളത്തെ അയ്യംകുന്നിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കണ്ണൂർ പയ്യാവൂരിലെ കാഞ്ഞിരകൊല്ലിയിലെ കോളനിയിൽവച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കർണാടക ചിക്കമംഗളൂരു സ്വദേശി സുരേഷിനെ ഗ്രാമത്തിൽ ഉപേക്ഷിച്ചശേഷം മാവോയിസ്റ്റുകൾ കടന്നുകളയുകയായിരുന്നു. ബാക്കിയുള്ളവർ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുക കൂടി ചെയ്തതോടെ കേരളത്തിലെ തന്നെ മാവോയിസ്റ്റ് ഭീഷണി ഏറെക്കുറെ ഇല്ലാതായി.

സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ഓഫിസും വാഹനവും ആക്രമിച്ച് തീയിട്ട കേസിൽ പ്രതി മാവോയിസ്റ്റ് ചന്ദ്രുവുമായി അഗളി ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിൽ പൊലീസ് മുക്കാലിയിൽ  തെളിവെടുപ്പ് നടത്തുന്നു. (ഫയൽ ചിത്രം)
സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ഓഫിസും വാഹനവും ആക്രമിച്ച് തീയിട്ട കേസിൽ പ്രതി മാവോയിസ്റ്റ് ചന്ദ്രുവുമായി അഗളി ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിൽ പൊലീസ് മുക്കാലിയിൽ തെളിവെടുപ്പ് നടത്തുന്നു. (ഫയൽ ചിത്രം)

പട്ടിണിയിലാണ് പ്രവർത്തനം

മാവോയിസ്റ്റുകൾക്ക് അടുത്തിടെയായി ഭക്ഷണംപോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നാണു പുറത്തുവരുന്ന വിവരം. കോളനികളിൽനിന്നും വീടുകളിൽനിന്നും അരിയും സാധനങ്ങളും വാങ്ങിയാണു പോകാറ്. പൊലീസ് നിരീക്ഷണം ശക്തമായതിനാൽ നാട്ടിലിറങ്ങി സാധനം വാങ്ങുന്നതിനു വലിയ ബുദ്ധിമുട്ടാണു നേരിടുന്നത്. അതുകൊണ്ടു തന്നെ അർധപ്പട്ടിണിയിലാണു പോരാട്ടം. അംഗബലം കുറഞ്ഞതും വലിയ പ്രതിസന്ധിയായി. നാമമാത്രമായ ആയുധങ്ങളേ ഇവരുടെ കയ്യിലുള്ളു. അതാണെങ്കിൽ വളരെ പഴകിയതുമാണ്. അത്യാധുനിക ആയുധങ്ങളുമായി എത്തുന്ന ദൗത്യസംഘത്തിനെതിരെ വലിയൊരു പോരാട്ടത്തിനുള്ള കെൽപ്പൊന്നും മാവോയിസ്റ്റുകൾക്കില്ല. ഇതിനെല്ലാം അപ്പുറം ജനം മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വോട്ടുബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളോടും കീഴടങ്ങാൻ നാട്ടുകാർ ആവശ്യപ്പെടുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ പ്രതിഷേധവും കമ്പമലയിലുണ്ടായി. ഇതോടെയാണ് ഇവർ കാട്ടിലേക്കു മടങ്ങിയത്. 

മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിൽ കോടികളാണു മുടക്കുന്നത്. ശക്തി ക്ഷയിച്ച് ഏറെക്കുറെ ഇല്ലാതായിട്ടും മാവോയിസ്റ്റുകൾക്കായി വേട്ട തുടരുകയാണ്. കാടിന്റെ മറയുള്ളതുകൊണ്ടു മാത്രമാണു മാവോയിസ്റ്റുകളിൽ പലരും ജീവനോടെയുള്ളത്. കേരളത്തിൽ നാശത്തിന്റെ വക്കിലെത്തിയ മാവോയിസ്റ്റുകൾ വെല്ലുവിളി ഉയർത്താൻ സാധിക്കാത്ത അവസ്ഥയിലെത്തിയെന്നാണു പൊലീസ് നൽകുന്ന വിവരം. 

English Summary:

Maoist group in Kerala reduced to 4 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com