ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് പുതുതായി കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനു സ്റ്റേ ഇല്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിരാകരിച്ചത്. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. കമ്മിഷണർക്ക് സർക്കുലർ ഇറക്കാനുള്ള അധികാരമുണ്ട്, കേന്ദ്ര ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ് സ്റ്റേ ആവശ്യം കോടതി നിരാകരിച്ചത്. കേസ് വീണ്ടും 21ന് പരിഗണിക്കും. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ, ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, വിവിധ വ്യക്തികൾ തുടങ്ങിയവരാണു സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ട്രാൻസ്പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലർ കേന്ദ്ര നിയമങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അതേസമയം, കേന്ദ്ര നിയമത്തിലെ നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ സർക്കുലർ നിയമപരമാണെന്ന് സർക്കാരും വാദിച്ചു.

അതേസമയം, പരിഷ്കരണത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനു മുന്നില്‍ വിവാദ സര്‍ക്കുലര്‍ കത്തിച്ചു കഞ്ഞിവച്ചാണ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

ടെസ്റ്റ് ബഹിഷ്കരണം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍. എന്നാല്‍ പരിഷ്കരണവുമായി മുന്നോട്ടു പോകാനാണു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. സ്കൂൾ ഉടമകൾക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ചില നിർദ്ദേശങ്ങൾ പിൻവലിച്ചു എന്നും അതിനാൽ സമരം അനാവശ്യമെന്നുമാണു മന്ത്രിയുടെ നിലപാട്. ‌

അതിനിടെ, ഡ്രൈവിങ് സ്കൂള്‍ ഉടമകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. 11 മണിക്ക് ഗതാഗത കമ്മിഷണറുടെ നേതൃത്വത്തിലാണു ചര്‍ച്ച.

English Summary:

Kerala high court denies to stay driving test reform circular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com