ADVERTISEMENT

ന്യൂഡൽഹി∙ റായ്ബറേലിയിൽ രാഹുൽ ഗാന്ധി സ്ഥാനാർഥി ആയെത്തുമ്പോൾ അയൽപക്കത്ത് അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി കളത്തിലിറങ്ങുന്നത് കിഷോരി ലാൽ ശർമയാണ്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിനു പുറത്ത് അധികമാർക്കും അറിയാത്ത വ്യക്തിയാണു കിഷോരി ലാൽ. സ്ഥാനാർ‌ഥി പട്ടിക ‍പുറത്തുവന്നതിനു പിന്നാലെ ഇദ്ദേഹം ആരാണെന്നാണു പലരും തിരക്കുന്നത്. രാഹുൽ ഗാന്ധിയും റോബർട്ട് വാധ്‌രയുംവരെ മത്സരിക്കുമെന്നു പറഞ്ഞുകേട്ട അമേഠിയിൽ സ്ഥാനാർഥി ആയെത്തുന്ന കിഷോരിലാൽ ശർമ മണ്ഡലവുമായി ഏറെ ബന്ധമുള്ള വ്യക്തിയാണ്. ഗാന്ധി കുടുംബത്തിന്റെ പൊന്നാപുരം കോട്ടയായിരുന്ന അമേഠി തിരിച്ചുപിടിക്കാൻ താഴെത്തട്ടിലടക്കം വ്യക്തമായ പിന്തുണയുള്ള കിഷോരി ലാൽ ശർമയല്ലാതെ മറ്റൊരു മുഖം ഉത്തർപ്രദേശിൽ കോൺഗ്രസിനു മുന്നിലില്ല. റോബർട്ട് വാധ്‌ര അടക്കം സ്ഥാനാർഥി മോഹം തുറന്നുപറഞ്ഞു മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടും കിഷോരിലാലിനു നറുക്കുവീണത് ഈ കാരണത്താലാണ്.

പഞ്ചാബ് സ്വദേശിയായ കിഷോരി ലാൽ 1983ലാണ് അമേഠിയിലെത്തുന്നത്. അന്നു മുതൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിശ്വസ്തൻ എന്ന നിലയിലാണ് അദ്ദേഹത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ആദ്യം ശ്രദ്ധിച്ചുതുടങ്ങുന്നത്. 1991ൽ രാജീവിന്റെ മരണശേഷവും അമേഠിയിൽ പാർട്ടിയുടെ വളർച്ചയ്ക്കു ചുക്കാൻ പിടിച്ചതും ഇദ്ദേഹം തന്നെ. ഗാന്ധി കുടുംബം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു മാറിനിന്നപ്പോഴും കിഷോരി ലാൽ മറ്റു സ്ഥാനാർഥികൾക്കു വേണ്ടി അമേഠിയിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങി. 

1999ൽ സോണിയ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിലും താക്കോൽ സ്ഥാനം വഹിച്ചത് കിഷോരി ലാലാണ്. പിന്നീട് രാഹുൽ അമേഠിയിലും സോണിയ റായ്ബറേലിയിലും എംപിമാർ ആയിരുന്നപ്പോൾ മണ്ഡലത്തിലെ കാര്യങ്ങൾ ഓടിനടന്നു നോക്കിയിരുന്നത് ഇദ്ദേഹമാണ്. ബിഹാറിലും പഞ്ചാബിലും കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. മേയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്. 

English Summary:

Who is Kishori Lal Sharma ? Congress candidate in Amethi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com