ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി പിസി മുക്കിൽ അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂർ തണ്ടുപാറക്കൽ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടർന്നു ബന്ദിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു നാജ്മി പറയുന്നതിങ്ങനെ:

വീട് വൃത്തിയാക്കാനെന്നു പറഞ്ഞ് ബിനു വാടക ക്വാർട്ടേഴ്സിൽ എത്തിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി– മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിർത്തി നടന്നു പോയി ഒരു കവറിൽ ഒരു കെട്ട് പണവുമായി ബിനു തിരിച്ചെത്തി. അവിടെനിന്നു വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിയെ ഏൽപ്പിച്ചു.

പിന്നീട് ബാറിലെത്തി മദ്യപിച്ചശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ചെത്തി. ബിനു പറഞ്ഞതനുസരിച്ചു ബന്ദിയാക്കപ്പെട്ട വിവരം സുഹൃത്തിനോടു വിളിച്ചു പറഞ്ഞു. പിന്നീടു കൈകൾ ബന്ധിച്ചു നിലത്തിട്ടു. ഇതിനിടെ നാജ്മി കാൽ വിരൽ ഉപയോഗിച്ചു ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു. സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി ബിനുവിനെ പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണു നാജ്മിയെ മോചിപ്പിച്ചു ബിനുവിനെ പിടികൂടിയത്. പ്രതിയെ മുൻപരിചയമില്ലെന്നും നാജ്മി പറഞ്ഞു. ‌രാത്രി പൊലീസ് എത്തുമ്പോൾ കയ്യും മുഖവും കെട്ടിയ നിലയിലായിരുന്നു നാജ്മി. എന്തിനുവേണ്ടിയാണു തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ല. താമരശ്ശേരി ഇൻസ്പെക്ടർ ഒ.പ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com