ADVERTISEMENT

കോഴിക്കോട്∙ നവകേരള ബസ് ആദ്യ സർവീസ് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സ്ഥലത്തെ കസേരയിൽ ഇരുന്നത് കെഎസ്‌യുക്കാരൻ. കോഴിക്കോട് ദേവഗിരി കോളജിലെ മുൻ കെഎസ്‌യു റെപ്രസെന്റേറ്റീവും കർണാടക ദാവൻകരിയിൽ കാൻസർ ആശുപത്രിയിൽ ആർഎസ്ഒയും (റേഡിയോളജിക്കൽ സേഫ്റ്റി ഓഫിസർ) ആയ അജിൻ ഷാജി വർഗീസാണ് ആ കസേരയിൽ ഇരുന്നത്. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന കസേര മാറ്റി പുഷ് ബാക്ക് സീറ്റാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മുഖത്തേക്കു വെളിച്ചം കിട്ടുന്നതിനു പ്രത്യേകം ക്രമീകരിച്ച ലൈറ്റ് ഒഴിവാക്കിയിരുന്നില്ല.

അവിചാരിതമായാണു സീറ്റ് ബുക്ക് ചെയ്തതെന്ന് അജിൻ പറഞ്ഞു. നവകേരള ബസ് ബെംഗളൂരു സർവീസ് തുടങ്ങുന്നുവെന്നു ചാനലിൽ വാർത്ത കണ്ടാണ് കെഎസ്ആർടിസിയുടെ സൈറ്റിൽ കയറി നോക്കിയത്. അപ്പോൾ സീറ്റുകൾ എല്ലാം ഒഴിവായിരുന്നു. ആദ്യത്തെ സീറ്റ് മുഖ്യമന്ത്രി ഇരുന്നതായിരിക്കുമെന്നും അതിനു പിന്നിലെ സീറ്റിൽ ഇരിക്കാമെന്നും കരുതി രണ്ടാമത്തെ സീറ്റാണ് ബുക്ക് ചെയ്തത്. എന്നാൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന് മുന്നിൽ പുതിയൊരു സീറ്റുകൂടി ഘടിപ്പിച്ചിരുന്നു. അതോടെ ‘മുഖ്യമന്ത്രിക്കസേര’ തന്നെ അജിന് കിട്ടി. പെരിന്തൽമണ്ണ സ്വദേശിയായ അജിൻ പുലർച്ചെ രണ്ട് മണിക്കാണ് വീട്ടിൽനിന്നു പുറപ്പെട്ടത്.

നവകേരള ബസില്‍ യാത്ര ചെയ്യുന്ന അമീൻ. (Photo: Arun Varghese / Manorama Online)
നവകേരള ബസില്‍ യാത്ര ചെയ്യുന്ന അമീൻ. (Photo: Arun Varghese / Manorama Online)

നവകേരള ബസിൽ യാത്ര ചെയ്യുന്നതിനു വേണ്ടി ഇന്നലെ കോഴിക്കോട് മുറിയെടുത്ത് താമസിച്ച് ആളാണ് പെരിന്തൽമണ്ണ സ്വദേശിയായ നൂറുൽ അമീൻ. അടുത്ത ആഴ്ച ബെംഗളൂരുവിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു നൂറുൽ അമീന്. നവകേരള ബസ് സർവീസ് തുടങ്ങുന്നു എന്ന് അറിഞ്ഞതോടെ ബെംഗളൂരുവിലേക്കുള്ള ആദ്യ യാത്ര ആ ബസിൽ ആയിക്കോട്ടെ എന്നു കരുതി ഉടൻ സീറ്റ് ബുക്ക് ചെയ്തു. പെരിന്തൽമണ്ണയിൽനിന്നു പുലർച്ചെ കോഴിക്കോട് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ ഇന്നലെ ൈവകിട്ട് കോഴിക്കോടെത്തി ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇന്നു ഉച്ചതിരിഞ്ഞ് മറ്റൊരു ബസിൽ പെരിന്തൽമണ്ണയിലേക്കു തിരികെ പോകും.

നവകേരള ബസ് ഗുണ്ടല്‍പ്പേട്ടിൽ എത്തിയപ്പോൾ. (Photo: Arun Varghese / Manorama Online)
നവകേരള ബസ് ഗുണ്ടല്‍പ്പേട്ടിൽ എത്തിയപ്പോൾ. (Photo: Arun Varghese / Manorama Online)

യൂട്യൂബർമാരും രാഷ്ട്രീയ പ്രതിനിധികളും ബസിൽ കൗതുകത്തിനു യാത്ര ചെയ്തവരിൽപ്പെടും. നവകേരള ബസിനെക്കുറിച്ചു വിഡിയോ ചെയ്യുന്നതിനാണു രണ്ട് യൂട്യൂബർമാർ യാത്ര നടത്തിയത്. കൗതുകത്തിനു ബെംഗളൂരുവിലേക്കു യാത്ര നടത്തിയ സിപിഎം പ്രവർത്തകരും ബസിലുണ്ടായിരുന്നു. 25 യാത്രക്കാരിൽ രണ്ട് സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്.

English Summary:

YouTubers and Politicos Aboard: Unveiling Stories from Navakerala's First Bus Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com