ADVERTISEMENT

നിര്‍മിത ബുദ്ധിയില്‍ (എഐ) പ്രവര്‍ത്തിക്കുന്ന, ലോകത്തെ ആദ്യത്തെ നയതന്ത്രപ്രതിനിധിയെ അവതരിപ്പിച്ച് യുക്രെയ്‌ന്‍. വിക്ടോറിയ ഷി (Shi) എന്നാണ് പേര്. അതിവേഗം വളരുന്ന എഐ, മനുഷ്യ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് കടന്നുകയറുകയാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഷിയുടെ വരവ്. ചില ജോലികളില്‍ ബുദ്ധിവൈഭവം കാണിക്കുന്ന സംവിധാനം എന്ന നിലയില്‍ നിന്ന്, അതിലേറെ വലിയ റോളുകളിലേക്ക് എഐയെ വിന്യസിച്ചു തുടങ്ങാമെന്നു കാണിച്ചു തരുന്നു എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമത്രെ. 

ലോകത്തെ മറ്റൊരു ഡിപ്ലോമാറ്റിക് സര്‍വിസും ഇതുവരെ ചെയ്യാത്ത കാര്യമാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ഡ്മിട്രോ കുലെബാ (Dmytro Kuleba) ദി ഗാര്‍ഡിയനോട് പറഞ്ഞു. വിക്ടോറിയ എന്ന പേര് വിക്ടറി അല്ലെങ്കില്‍ വിജയം എന്ന വാക്കില്‍ നിന്നും, ഷി എന്ന വാക്ക്, നിര്‍മ്മിത ബുദ്ധിക്ക് യുക്രെയ്‌നില്‍ പ്രയോഗിക്കുന്ന ഷ്ടുച്‌നി ഇന്‍ടലെക്ട് (shtuchniy intelekt) എന്ന പ്രയോഗത്തില്‍ നിന്നും ഉരുത്തിരിച്ചെടുത്തതാണ്.   

അത്ര പ്രാധാന്യമുണ്ടോ?

ഡിപ്ലോമാറ്റ് എന്ന പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും വിക്ടോറിയ ഷിയുടെ റോള്‍ ഒരു വക്താവിന്റേതു മാത്രമാണ് ഇപ്പോള്‍. ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ വക്താവ് എന്ന വിവരണമായിരിക്കും ഷിക്ക് കൂടുതല്‍യോജിക്കുക. മനുഷ്യര്‍ തയാറാക്കുന്ന കുറിപ്പുകള്‍ വായിക്കുക എന്ന ചുമതലായണ് ഇപ്പോള്‍ ഷിക്ക് നല്‍കിയിരിക്കുന്നത്. ഈ ഡിജിറ്റല്‍ അവതാറിന് സംസാരിക്കുന്നതിനൊപ്പം തലയും കൈകളും ചലിപ്പിക്കാനുള്ള കഴിവും ഉണ്ട് എന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ നിന്ന് മനസിലാക്കാം. 

യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി തയാറാക്കപ്പെടുന്ന കുറിപ്പുകള്‍ ഇനി ഷി വായിച്ചു കേള്‍പ്പിക്കും. സ്വരവും സംസാര രീതിയും യുക്രെയ്‌നിലെ പാട്ടുകാരി റൊസാലി നോംബ്രെയില്‍ നിന്ന് കടമെടുത്തതാണ്. 

അനുകരണം വന്നാലോ?

ഡിജിറ്റല്‍ അവതാറുകള്‍ സൃഷ്ടിക്കുക എന്നത് അത്ര വിഷമംപിടിച്ച കാര്യമല്ലെന്നിരിക്കെ, ഷിയുടെ അനുകരണങ്ങള്‍ വന്നാല്‍ യുക്രെയ്ന്‍ എന്തു ചെയ്യും? ഷി വായിച്ചു കേള്‍പ്പിക്കുന്ന പ്രസ്താവനകള്‍ക്ക് ഒരോന്നിനും ഓരോ ക്യുആര്‍ കോഡും ഉണ്ടായിരിക്കും. ഇത് മന്ത്രാലയത്തിന്റെ ഔദ്യോഗികവെബ്‌സൈറ്റിലെത്തി വേരിഫൈ ചെയ്യണമെന്നാണ് യുക്രെയ്ന്‍ പറയുന്നത്. ഷിയുടെ വിഡിയോ കാണാം: 

ചാറ്റ്ജിപിറ്റി 'മന്ദബുദ്ധി' ആണെന്ന് സാം ഓള്‍ട്ട്മാന്‍; പകരം വരാന്‍പോകുന്നത് എന്ത്?

ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ പോലും ഞെട്ടിച്ച എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റി 'മന്ദബുദ്ധി' (dumbest) മോഡല്‍ ആണെന്ന് സാം ഓള്‍ട്ട്മാന്‍. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ മേധാവിയാണ് സാം. ഇപ്പോള്‍ ചാറ്റ്ജിപിറ്റിക്ക് അടിസ്ഥാനമാക്കിയിരിക്കുന്ന സാങ്കേതികവിദ്യയായ ജിപിറ്റി-4 'ഏറ്റവും മോശമാണെന്നും' അതുപോലെ ഒന്നുമായി ഉപയോക്താക്കള്‍ക്ക് ഇനി അധികം താമസിയാതെ ഇടപടേണ്ടിവരില്ലെന്നുമാണ് സാം പറഞ്ഞിരിക്കുന്നത്. ഓപ്പണ്‍എഐ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) യാഥാര്‍ത്ഥ്യമാക്കാനുള്ള ത്രീവ്രയജ്ഞത്തിലാണെന്നാണ് സംസാരം. 

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

എജിഐ വികസിപ്പിക്കാന്‍ 50 ബില്ല്യന്‍ ചെലവിടാമെന്ന്

നിര്‍മിത ബുദ്ധി (എഐ) മനുഷ്യസമാനമായ ബുദ്ധി അല്ലെങ്കില്‍ വിവേചനശേഷി നേടുന്ന സാങ്കല്‍പ്പിക സാഹചര്യത്തെയാണ് എജിഐ എന്ന പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നത്. ചില പ്രത്യേക കാര്യങ്ങള്‍ക്കായി വികസിപ്പിക്കുന്ന എഐയെ പോലെയല്ലാതെ എല്ലാത്തിനെക്കുറിച്ചും സമഗ്രമായ വിവരങ്ങളും, സ്വന്തമായി ഏതു തരത്തിലുള്ള തീരുമാനവും എടുക്കാനുളള കഴിവും ഉള്ള എഐമോഡലിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.  എജിഐ വികസിപ്പിക്കാന്‍ 5 ബില്ല്യന്‍ ഡോളറോ, 50 ബില്ല്യന്‍ ഡോളറോ ചിലവിടാന്‍ ഒരുക്കമാണ് എന്നാണ് സാം പറഞ്ഞത്. സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ട്രെപ്രെനോറിയല്‍ തോട്ട് ലീഡര്‍ എന്ന പരിപാടിയില്‍ സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഈ പ്രസ്താവനനടത്തിയതെന്ന് സ്റ്റാന്‍ഫെഡ് ഡെയിലി. 

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

എജിഐ എന്ന് എത്തും എന്നതിനേക്കാളേറെ, ഇപ്പോള്‍ സജീവമായ ജിപിറ്റി4 ഉടനെ കാലഹരണപ്പെടും എന്ന വ്യക്തമായ സൂചനയാണ് സാമിന്റെ സംസാരത്തിലുള്ളത്. ഇതിന്റെ തുടര്‍ച്ചയായി എത്താന്‍ പോകുന്നത് മോഡലിനെ ജിപിറ്റി-5 എന്നായിരിക്കാം വിളിക്കുക. ഇത് ജിപിറ്റി4നേക്കാള്‍ പലമടങ്ങ് സ്മാര്‍ട്ട്ആയിരിക്കും. അതിനേക്കാള്‍ സ്മാര്‍ട്ട് ആയിരിക്കും ജിപിറ്റി6. നമ്മള്‍ മുകളിലെത്താറായിട്ടുമില്ല, എന്നാണ് സ്റ്റാന്‍ഫെഡ് ലക്ചറര്‍ ആയ രവി ബലാനിയോട് സംസാരിക്കവെ സാം അവകാശപ്പെട്ടത്. വികസിപ്പിക്കാന്‍ എത്ര പണം ചിലവിട്ടാലും സമൂഹത്തിന് വളരെ മൂല്യവത്തായ ഒന്നായിരിക്കും എജിഐ, സാം പറഞ്ഞു. 

ഐഎസ്എസിലെ ബാക്ടീരിയയുടെ പരിണാമത്തില്‍ അത്ഭുതപ്പെട്ട് ഗവേഷകര്‍

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ (ഐഎസ്എസ്) ബാക്ടീരിയയുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത് 2018ല്‍ ആയിരുന്നു. ഈ അപ്രതീക്ഷിത സന്ദര്‍ശകര്‍ 5 തരത്തിലുള്ളവയാണെന്നാണ് അന്ന് ശാസ്ത്രജ്ഞര്‍ അവയെ തരംതിരിച്ചപ്പോള്‍ പറഞ്ഞത്. എന്ററോബാക്ടര്‍ ബഗാന്‍ഡെന്‍സിസ് ഉണ്ടാക്കുന്ന ബാക്ടീരിയയുടെ വകഭേദങ്ങള്‍ ആണ് ഇവ. അടുത്തിടെ പരിശോധിച്ചപ്പോള്‍ 13 വകഭേദങ്ങളെ കാണാന്‍ സാധിച്ചിരിക്കുന്നു എന്നതാണ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അതിലുപരി, പുതിയ വകഭേദങ്ങളില്‍ പലതും ഒരിക്കലും ഭൂമിയില്‍ കാണത്തവയാണ്എന്നതും ഗവേഷകരില്‍ ജിജ്ഞാസ വളര്‍ത്തിയിരിക്കുന്നു എന്ന് ബിജിആര്‍. 

പിക്‌സല്‍ 8എ ഉടന്‍ അവതരിപ്പിച്ചേക്കും

ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ എ സീരിസ് ഫോണ്‍ മെയ് 14ന് അവതരിപ്പിച്ചേക്കും. ഗൂഗിള്‍ പിക്‌സല്‍ 8എ എന്നായിരിക്കും പേര്. താരതമ്യേന വില കുറഞ്ഞ പിക്‌സല്‍ സീരിസ് ഫോണ്‍ ആണെങ്കിലും ഇതിന് പ്രീമിയം സീരിസിനോട് കിടപിടിക്കാനാകുന്ന ശേഷി ഉണ്ടായേക്കും എന്നതിനാല്‍ എ സീരിസ് ഇനി ഇറക്കിയേക്കില്ലെന്നുള്ള വാദവും ഉയര്‍ന്നു കഴിഞ്ഞു. പിക്‌സല്‍ 8എ ആയിരിക്കാം അവസാനത്തെ മോഡലെന്നാണ് യോഗേഷ് ബ്രാറിനെ ഉദ്ധരിച്ച് ടോംസ് ഗൈഡ് പറയുന്നത്. ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍. ഫീച്ചറുകള്‍ ഏറ്റവും വില കുറച്ച് ലഭിക്കുന്ന ഫോണുകളിലൊന്ന് എന്നാണ് എ സീരിസിന് ലഭിച്ചിരുന്ന വിവരണങ്ങളിലൊന്ന്. 

pixel-8-1 - 1

വണ്‍പ്ലസ് 11 ആര്‍ 29,999 രൂപയ്ക്ക്

ആമസോണില്‍ ഇപ്പോള്‍ നടക്കുന്ന ആദായ വില്‍പ്പനയുടെ ഭാഗമായി വണ്‍പ്ലസ് 11 ആര്‍ 5ജി ഇപ്പോള്‍ 29,999 രൂപയ്ക്ക് വാങ്ങാം. എംആര്‍പി 39,999 രൂപ.

സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ 1,39,999 രൂപയ്ക്ക്

എംആര്‍പി 1,44,999 രൂപയുള്ള സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ 1,39,999 രൂപയ്ക്ക് വാങ്ങാം.ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലിന്റെ ഭാഗമാണ് വിലക്കുറവ് എന്നതില്‍ വിലകള്‍ മാറിമറിയാം. ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വിലക്കുറവോടെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. 

English Summary:

Ukraine's Ministry of Foreign Affairs has appointed an AI-generated avatar, Victoria Shi, as its digital spokesperson. Shi was created using AI to provide timely updates on consular affairs for the Ukrainian government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com