ADVERTISEMENT

ഒരൊറ്റ മഴയിൽ സംസ്ഥാനമൊട്ടാകെ താപനില കുറഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് പെയ്ത മഴയിൽ ജില്ലയിലെ താപനില കുറഞ്ഞത് 5°c  മുകളിലാണ്. തൃശൂരിൽ 3°c മുകളിൽ കുറഞ്ഞപ്പോൾ കോട്ടയം 2.5°c കുറഞ്ഞു. അതിശക്തമായ മഴയില്ലെങ്കിലും കിട്ടിയ മഴയിൽ ചൂട് കുറഞ്ഞതായി പാലക്കാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിലും മഴ ലഭിക്കുകയാണെങ്കിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും താഴെയായിരിക്കുമെന്ന് വിശ്വസിക്കുന്നു.

ചൂട് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കാര്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഉപയോഗം 10 കോടി യൂണിറ്റിൽ താഴെയും വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ടിൽ താഴെയുമായി. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗം 10.10999 കോടി യൂണിറ്റ് ആയിരുന്നത് വെള്ളിയാഴ്ച 9.88319 കോടി യൂണിറ്റായി കുറഞ്ഞു. പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5209 മെഗാവാട്ടിൽ നിന്ന് 4,976 മെഗാവാട്ടായി.

rain

അതേസമയം, എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇടുക്കി, പത്തനംതിട്ട, വയനാട്  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ആണ് യെലോ അലർട്ട്. തുടർന്നുള്ള ദിവസങ്ങളിലും പത്തനംതിട്ടയിൽ യെലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. 

ചൂട് കൂടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം, രക്ഷനേടാം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങൾ അറിയാം

∙ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

∙ ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തിവയ്ക്കുക.

∙ ധാരാളമായി വെള്ളം കുടിക്കുക.

∙ അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

∙ കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

∙ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.

∙ വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. 

∙ കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം. 

∙ എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും.

English Summary:

Climate Twist: How One Rain Shower Lowered Temperatures and Power Demands Across the State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com