ADVERTISEMENT

കാവശ്ശേരിയിലെ റോഡ് ഓരം ഉള്ള രാമൻ നായരുടെ ചായക്കട അതിരാവിലെ തുറക്കും. നാട്ടു വർത്തമാനം പറഞ്ഞിരിക്കുന്ന ഗ്രാമീണരുടെ കഥകൾ കേട്ടിരിക്കാൻ നല്ല രസമാണ്. പാലക്കാടിനു പുറത്തുള്ള വാർത്തകൾ അതിശയോക്തിയോടെ പാലക്കാടൻ ഭാഷയിൽ കേൾക്കാൻ ഒരു സുഖം. ഒരു വെളുപ്പാൻ കാലം രാമൻ നായരുടെ ചായക്കടയിൽ ഇരിക്കുമ്പോൾ കണ്ടു.. വേഗത്തിൽ വരുന്ന ഒരു കുറിയ മനുഷ്യനെ.. അയാളെ കണ്ടതും ഒരാൾ രാമൻ നായരെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.. "മൂത്താരു വന്നിട്കുണു ചായ കൊടീ," മൂത്താര്. കുറിയ മനുഷ്യൻ.. പറ്റെ വെട്ടിയ നരച്ച മുടി, നിറം മങ്ങിയ വെള്ള ജുബ്ബയും, വേഷ്ടിയും കൈയ്യിലൊരു തുണി സഞ്ചി.. കുടയുമുണ്ട്. പ്രായം അറുപതു കഴിഞ്ഞിരിക്കും. മീശയില്ലാത്ത മുഖത്ത് ഒരു കുട്ടിത്തം.. എവിടേക്കോ ഉള്ള യാത്രയുടെ ഉത്സാഹം മുഖത്തു കാണാം.

"ഒര് ചായ കൊടീൻ" രാമൻ നായരെ നോക്കി അയാൾ പറഞ്ഞു. പിന്നെ എല്ലാവരെയും നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു. ചിലർ അദ്ദേഹത്തിന് പൈസ കൊടുക്കുന്ന കണ്ടു. സന്തോഷത്തോടെ വാങ്ങി മൂത്താർ പോക്കറ്റിൽ വെക്കുന്നുണ്ട്. കടയുടെ പുറകിൽ പോയി മുറുക്കാൻ നീട്ടി തുപ്പി വരുമ്പോൾ ചായകടക്കാരൻ രാമൻ നായർ സ്നേഹത്തോടെ ചോദിച്ചു. "ഇന്നെവിട്യ മൂത്താരെ വേല?.." (പാലക്കാട്‌ ഉത്സവങ്ങളെ വേല എന്ന് പറയും) "കൊടുമ്പ്" മൂത്താർ സന്തോഷത്തോടെ മറുപടി പറഞ്ഞു. ചായ കുടിച്ചു തീരുമ്പോഴേക്കും, കിഴക്ക് നിന്നും നീല നിറമുള്ള മുരുകൻ ബസ് വരുന്നത് മൂത്താര് കണ്ടു. ചായ പെട്ടെന്ന് കുടിച്ചു വേഗത്തിൽ നടക്കുമ്പോൾ "വരാട്ടോളി" എന്ന് പറയാനും മറന്നില്ല (പോയിട്ട് വരാം എന്നർഥം) കടയിൽ ഇരിക്കുന്ന പ്രായം ചെന്ന ഒരു കർഷകൻ ആ പോക്ക് കണ്ടു ചിരിച്ചുകൊണ്ട് പറഞ്ഞു "ആവു.. എന്താ അവസരം.. കോവില് വേലക്കു പോണാള്.. വെള്ളേം വെള്ളേം ഇട്ട്.. സ്കൂൾള് മേഷ് മാതിരി" ചിലർ അത് കേട്ട് ചിരിച്ചു. മറ്റു ചിലർക്ക് മൗനം. മൂത്താര് പോകുന്ന കണ്ടപ്പോൾ എനിക്ക് ഒരു വെള്ളരി പ്രാവ് പറന്നു പോയ പോലെയാണ് തോന്നിയത്.

ഉത്സവ സീസണിൽ ആണ് മൂത്താരെ അവിടെ കണ്ടിരുന്നത്. ഒരു യാത്രികനായി. ആരാണ് മൂത്താര്.?. ഒരു ദിവസം കടയിൽ തിരക്കെല്ലാം ഒഴിയുന്ന വരെ കാത്തിരുന്നു.. ആളൊഴിഞ്ഞപ്പോൾ രാമൻ നായരോട് ചോദിച്ചു "ഈ മൂത്താര് ആരാ?". അന്ന് രാമൻ നായർ ആ കഥ പറഞ്ഞു.. മകനെ കാണാതായതോടെ മനോ നില തെറ്റിയ കൃഷ്ണൻ മൂത്താരെ കുറിച്ച് "നല്ല ചന്തക്കാരൻ ഉണ്ണി ആർന്നു" (കാണാൻ ഭംഗിയുള്ള കുട്ടി) അങ്ങനെയാണ് മൂത്താരുടെ മകനെ പറ്റി പറഞ്ഞത് കുഞ്ഞായിരിക്കുമ്പോൾ കൃഷ്ണൻ മൂത്താര് തോളിൽ ഇരുത്തി മോനെ നാട്ടിലെ ഉത്സവങ്ങൾക്ക് കൊണ്ട് പോകുമായിരുന്നു... ഒരിക്കൽ കുട്ടി കൊല്ലങ്കോട് അമ്മ വീട്ടിൽ നിന്നും നെന്മാറ വേലങ്ങി കാണാൻ അമ്മയുടെയും അവരുടെ സഹോദരിമാരുടെയും കൂടെ പോയതാണ്. അന്ന് മൂത്താർ കൂടെ ഉണ്ടായിരുന്നില്ല കാവശ്ശേരിയിൽ വീട് പണി ആയിരുന്നു. ചേച്ചിയമ്മയുടെ കൈ പിടിച്ചാണ് ഉണ്ണിക്കുട്ടൻ നടന്നിരുന്നതത്രേ.. വെടിക്കെട്ട് കഴിഞ്ഞപ്പോൾ കുട്ടിയെ കാണാനില്ല. തിരക്കിൽ കൈ വിട്ട് പോയി.

പൊലീസിൽ കേസ് കൊടുത്തിരുന്നു പക്ഷെ അവർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ കൃഷ്ണൻ മൂത്താരുടെ മനോ നില തെറ്റി.. കുറേ നാൾ ഭാര്യ കൂടെ ഉണ്ടായിരുന്നു.. ഒരിക്കൽ അവരും മൂത്താരെ ഇട്ടിട്ടു പോയി.. ചിലർ അയാളെ സമാധാനപ്പെടുത്താൻ ഓരോന്ന് പറയും. ചിനകത്തൂർ വേലക്ക് ഉണ്ണിയെ കണ്ടു.. മീൻകുളത്തി അമ്പലത്തിൽ കണ്ടു എന്നൊക്കെ.. ഇന്നും എല്ലാ ഉത്സവ പറമ്പുകളിലും മൂത്താർ പോവും.. പഴയ പോലെ മാനസിക പ്രശ്നങ്ങൾ ഇല്ലെങ്കിലും മകനെ തേടിയുള്ള യാത്ര തുടരുന്നു. ആളുകൾ മൂത്താര് പോകുന്ന കാണുമ്പോൾ ദയയോടെ യാത്രാ ചിലവിനുള്ള കാശ് കൊടുക്കും... ഉത്സവ പറമ്പുകളിൽ അലയുന്ന മൂത്താർ ഒരു നൊമ്പരമാണ്. അല്ലെങ്കിലും ജീവിതം ഒരു യാത്രയാണല്ലോ ഇടക്ക് ഇറങ്ങി പോകുന്നവർ.. ഒരിക്കലും തിരിച്ചു വരാത്തവർ.. എന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നവർ.. കൃഷ്ണൻ മൂത്താരെ പോലെ..

English Summary:

Malayalam Short Story Written by Vishwanathan Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com