ADVERTISEMENT

ലക്നൗ∙ സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഉത്തർപ്രദേശിലെ രണ്ടു സഹോദരിമാർക്കു പറയാനുള്ളത്. ട്വിസ്റ്റുകളും നിറഞ്ഞ ജീവിതത്തിനൊടുവിൽ മരിച്ചു എന്നു കരുതിയവർ തിരികെ എത്തിയതിന്റെ ഞെട്ടിലിലും സന്തോഷത്തിലുമാണു കുടുംബം. ഒരു വർഷം മുൻപ് മരിച്ചു എന്നു കരുതിയ സീത, ഗീത എന്നീ സഹോദരിമാരാണു ഭർത്താവും മക്കളുമായി തിരികെ എത്തിയത്. സഹോദരിമാരെ ഒരാൾ കൊലപ്പെടുത്തി എന്ന സഹോദരന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസുകാരാണ് ഇവരെ ‘ജീവനോടെ’ തിരികെ എത്തിച്ചത്. 

ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശികളായ സീത(20)യും ഗീത(21)യും മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഡൽഹിയിലാണു താമസിച്ചിരുന്നത്. 2023 ജനുവരിയിൽ ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായി. തുടർന്ന് ഇവരുടെ സഹോദരൻ അജയ് പ്രജാപതി സഹോദരിമാരെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകി. സഹോദരിമാരെ കണ്ടുപിടിക്കാൻ അജയ്‌യും തന്നാലാകുവിധം ശ്രമങ്ങൾ നടത്തി. അതിനിടെ ഒരു സഹോദരിക്കു ഗ്രാമത്തിലുള്ള ജയ്നാഥ് മയൂര്യ എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് അറിഞ്ഞു. തുടർന്ന് ജയ്നാഥിനെ കാണുകയും സഹോദരി എവിടെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള സംസാരം വാക്പോരിലേക്കു നീങ്ങിയതോടെ ജയ്നാഥൻ അജയ്‌യെ ഭീഷണിപ്പെടുത്തി. ‘നിന്റെ സഹോദരിമാർക്കുണ്ടായ അതേ വിധി നിന്നെയും തേടുവരും’ എന്നാണ് അയാൾ പറഞ്ഞത്.

ജയ്നാഥന്റെ വാക്കുകളിൽനിന്നു സഹോദരിമാർ കൊല്ലപ്പെട്ടെന്ന് അനുമാനിച്ച അജയ് പൊലീസ് സ്റ്റേഷനിലെത്തി അയാൾക്കെതിരെ കൊലപാതക കേസ് ഫയൽ ചെയ്തു. എന്നാൽ അജയ്‌യുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലായിരുന്നതിനാൽ പൊലീസ് പരാതി സ്വീകരിച്ചില്ല. തുടർന്ന് അജയ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം 2024 ജനുവരിയിൽ ഗൊരഖ്പുരിലെ ബെൽഗത് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരിമാർ ജീവിച്ചിരിപ്പുണ്ടെന്നും അവർ പ്രണയിച്ചവർക്കൊപ്പം ജീവിക്കുന്നതിനായി നാടുവിട്ടതാണെന്നും കണ്ടെത്തുന്നത്. ജയ്‌നാഥിനെതിരെ കൊലപാത കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് അറിഞ്ഞ സഹോദരിമാർ നിരപരാധിയായ ഒരാൾ ശിക്ഷിക്കപ്പെടരുതെന്നു കരുതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. 

ഹരിയാന സ്വദേശിയായ വിജേന്ദ്രർ എന്നയാളെ വിവാഹം ചെയ്തെന്നും അഞ്ചു മാസം പ്രായമുള്ള പെൺകു‍ഞ്ഞിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നും സീത പൊലീസിനെ അറിയിച്ചു. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ സുരേഷ് റാമിനൊപ്പമാണു ഗീത ഒളിച്ചോടിയത്. ഇവർക്കും ആറു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. 

English Summary:

Real Life Plot Twist Of Sita & Gita: Gorakhpur Sisters, Presumed Murdered, Found Alive And Married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com