ADVERTISEMENT

തൊഴിൽരംഗത്തെ വിജയം കഴിവ്, കഠിനാധ്വാനം, സ്ഥിരോത്സാഹം, ഏകാഗ്രത എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കുന്നു. ജ്യോതിശാസ്ത്രപ്രകാരം  ജന്മനക്ഷത്രത്തിനും രാശിക്കുമെല്ലാം  ഓരോ വ്യക്തിയുടെയും തൊഴിൽ മേഖലയെയും അതിലെ ഉയർച്ച താഴ്ചയെയും സ്വാധീനിക്കാൻ സാധിക്കും. ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനവും സ്വാധീനവും അനുസരിച്ച് വ്യക്തികളുടെ കഴിവുകളും താല്പര്യങ്ങളും വ്യത്യസ്തമായിരിക്കും. അതിനാൽ ജന്മരാശിക്ക് ഏറ്റവും യോജിച്ച തൊഴിൽ മേഖല തിരഞ്ഞെടുത്താൽ അവർക്ക് അതിൽ ശോഭിക്കാനുമാവും. ഓരോ രാശിക്കാർക്കും ഏറ്റവും അനുയോജ്യമായ തൊഴിൽരംഗം ഏതാണെന്ന് നോക്കാം.

 

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): നേതൃപാടവമാണ് ഈ രാശിക്കാരുടെ എടുത്തു പറയേണ്ട ഗുണം. ഏതു സാഹചര്യത്തിലും മനസ്സാന്നിദ്ധ്യം കൈവിടാതെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ നേതൃത്വം നൽകാറുള്ള ഇവർ പലപ്പോഴും ഈ സ്വഭാവംകൊണ്ട് തന്നെ പലരുടെയും അസൂയയ്ക്കും വിദ്വേഷത്തിനും പാത്രമാവാറുമുണ്ട്. ഏറ്റവും ധൈര്യവും മനസ്സുറപ്പുമുള്ള മേഖലകളാണ് ഇവർക്ക് അനുയോജ്യം. കോർപ്പറേറ്റ് മേഖലയിലോ സൈനികരംഗത്തോ അഗ്നിശമനസേനയിലോ ഒക്കെ ഇവർക്ക് ശോഭിക്കാനാവും.

 

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): സ്ഥിരതയും നിശ്ചയദാർഢ്യവും ഉള്ളവരാണ് ഇടവം രാശിക്കാർ. മാനേജ്മെന്റ് മേഖല ഇവർക്ക് അനുയോജ്യമാണ്. ആഡംബര പൂർണമായ ജീവിതം ആഗ്രഹിക്കുന്ന ഇവർ അതിനുള്ള പണം സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്യാനും തയ്യാറാണ്.

 

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ബുദ്ധിശക്തിയുടെ കാര്യത്തിൽ മുൻനിരക്കാരായ മിഥുനം രാശിക്കാർ പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന വിധത്തിൽ തുറന്ന മനസ്സുള്ളവരാണ്. പബ്ലീഷിംഗ് മേഖലയോ ഹ്യൂമൻ റിസോഴ്സ് മേഖലയോ തിരഞ്ഞെടുത്താൽ ഇവർക്ക് അതിൽ ഉയരങ്ങളിൽ എത്താനാവും.

 

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വൈകാരികമായി പെരുമാറുന്ന ഈ രാശിക്കാർ അവർ ഏർപ്പെടുന്ന മേഖലയെക്കുറിച്ച് കൃത്യമായ അവബോധമുള്ളവരാണ്. മറ്റുള്ളവരെ പരിചരിക്കാൻ ജന്മസിദ്ധമായ കഴിവ് ഇവർക്കുണ്ട്. മെഡിക്കൽ - പാരാ മെഡിക്കൽ മേഖലകൾ ഇവർക്ക് അനുയോജ്യമാണ്. സാമൂഹ്യ സേവകനായോ തെറാപ്പിസ്റ്റായോ ഒക്കെ ഈ രാശിക്കാർ ശോഭിക്കും.

 

ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): മറ്റുള്ളവരുടെ ശ്രദ്ധാ കേന്ദ്രമാകാൻ ആഗ്രഹിക്കുന്ന ചിങ്ങം രാശിക്കാർ അവരുടെ വ്യക്തിപ്രഭാവംകൊണ്ട് ആരെയും ആകർഷിക്കുന്നവരുമാണ്. അഭിനയം, മോഡലിംഗ് എന്നിവ പോലെ പ്രശസ്തി നേടിത്തരുന്ന മേഖലകൾ ഇവർക്ക് നിസ്സംശയം തിരഞ്ഞെടുക്കാം.

 

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഏതു കാര്യങ്ങളിലും കൃത്യത ഉറപ്പാക്കുന്നവരാണ് കന്നിരാശിക്കാർ.    ഏറ്റെടുക്കുന്ന കാര്യങ്ങളുടെ ഓരോ വിശദാംശങ്ങളും ഇവർ കൃത്യമായി മനസ്സിലാക്കും. ഇവന്റ് മാനേജ്മെന്റും നിക്ഷേപ മേഖലയും ഇവർക്ക് യോജിച്ചതാണ്. അനലിസ്റ്റായും പ്ലാനറായും ഇവർക്ക് ശോഭിക്കാൻ കഴിയും.

 

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കലാരംഗമാണ് തുലാം രാശിക്കാരുടെ മേഖല. മറ്റുള്ളവരോട് നന്നായി ഇടപഴകാനുള്ള കഴിവും ഇവർക്കുണ്ട്.  ആർട്ട് ക്യുറേറ്റർ, ഫാഷൻ ഡിസൈനർ, ആർട്ടിസ്റ്റ് എന്നിങ്ങനെ കലയുമായി ബന്ധപ്പെട്ട ഏതൊരു രംഗവും ഇവർക്ക് അനുയോജ്യമാണ്.

 

വൃശ്‌ചിക രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വൈകാരിക ബുദ്ധിയാണ് വൃശ്ചിക രാശിക്കാരുടെ സവിശേഷത. ഈ കാരണംകൊണ്ടു തന്നെ അധ്യാപന മേഖലയും മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട മേഖലയും ഇവർക്ക് തിരഞ്ഞെടുക്കാം. 

 

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ): സ്വതന്ത്രമായി വിഹരിക്കാൻ ആഗ്രഹിക്കുന്നവരാണ് ധനു രാശിക്കാർ. ഒരേ രീതിയിലുള്ള ജീവിതശൈലിയോട് ഇവർക്ക് പൊരുത്തപ്പെടാനാവില്ല. അതിനാൽ തന്നെ ഓഫീസ് ജോലികളെക്കാൾ കൂടുതൽ യാത്രകൾ ഉൾപ്പെടുന്ന ജോലികൾ ചെയ്യാനാവും ഇവർക്ക് താല്പര്യം. ടൂറിസം, ട്രാവൽ പ്ലാനിങ് പോലെയുള്ള മേഖലകളാണ് ഏറ്റവും അനുയോജ്യം.

 

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): അച്ചടക്കത്തിനും പതിവുകൾ പാലിക്കുന്നതിനും ഇവർ മുൻതൂക്കം നൽകുന്നു. തൊഴിൽ രംഗത്തെക്കുറിച്ച് ഏറെ കണക്കുകൂട്ടലുകൾ ഉള്ളവരാണ് ഇവർ. ഏൽപ്പിക്കുന്ന ജോലി കൃത്യതയോടെ ചെയ്യാനുള്ള പ്രതിബദ്ധതയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുള്ള ഇക്കൂട്ടർക്ക് ഡാറ്റാ എൻജിനീയറിങ്, ഗവേഷണം തുടങ്ങിയ മേഖലകൾ യോജിക്കും. 

 

കുംഭം രാശി- Aquarius  (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുരോഗമനപരമായ ചിന്താഗതി വച്ചുപുലർത്തുന്നവരാണ് കുംഭം രാശിക്കാർ. പുതിയ കാര്യങ്ങളെ തുറന്ന മനസോടെ ഇവർ സമീപിക്കും.  സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാവുന്ന ഏതു മേഖലയിലും ഇവർ സന്തോഷം കണ്ടെത്തും. ആക്ടിവിസ്റ്റ്, സാമൂഹിക സേവനം എന്നിവ തിരഞ്ഞെടുക്കാം.

മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): മറ്റുള്ളവരോട് അനുകമ്പ പുലർത്തുന്ന മനസ്ഥിതിക്കാരാണ് മീനം രാശിക്കാർ. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഇവർക്ക് അവബോധമുണ്ടാവും. കലാരംഗം, സാഹിത്യരംഗം എന്നിവയുമായി ബന്ധപ്പെട്ട ഏത് ജോലിയും യോഗയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മേഖലകളും ഇവർക്ക് തിരഞ്ഞെടുക്കാം.

 

Content Highlights: Best jobs | ​zodiac signs | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com