ADVERTISEMENT

ഹരിപ്പാട് ∙ മഹാദീപക്കാഴ്ചയോടെ ഇന്ന് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് തുടക്കം. ഉത്സവത്തിനു മുന്നോടിയായി ആലക്കോട്ട്, എരിങ്ങാടപ്പള്ളി കാവുകളിലെ പൂജകളും നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും നടത്തുന്ന കളഭമുഴുക്കാപ്പ് ചാർത്തലും നാഗരാജാവിന് ഏകാദശ രുദ്രാഭിഷേകവും, ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ പ്രത്യേകം തയാറാക്കുന്ന മണ്ഡപത്തിൽ മഹാദേവന് നടത്തുന്ന രുദ്ര ഏകാദശിനീ കലശാഭിഷേകവും പൂർത്തിയായി. 11 ദ്രവ്യങ്ങൾ നിറച്ച 11 കലശങ്ങളിൽ 11 വൈദിക ശ്രേഷ്ഠർ 11 ആവർത്തി മഹാശ്രീരുദ്രമന്ത്ര ജപം നടത്തുന്നതാണ് രുദ്ര ഏകാദശിനീ കലശപൂജ.

നാളെ പുണർതം നാളിൽ വൈകിട്ട് 5ന് നട തുറക്കും. തുടർന്ന് മഹാദീപക്കാഴ്ച. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ദീപങ്ങൾ തെളിയും. 6.30ന് കോഴിക്കോട് പ്രശാന്ത് വർമയുടെ മാനസജപലഹരി, നാളെ അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം തൊഴൽ നടക്കും. നാഗരാജാവായ അനന്ത സങ്കൽപത്തിലുള്ള തിരുവാഭരണമാണ് അന്നേദിവസം ക്ഷേത്ര ശ്രീകോവിലിൽ ഭഗവാന് ചാർത്തുന്നത്.

രാവിലെ 6.30ന് ഭാഗവത പാരായണം, 8.30ന് ശ്രീനന്ദ ഇളയിടത്തിന്റെ അഷ്ടപതി, 9.30ന് നാഗരാജാവിനും സർപ്പയക്ഷി അമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ, 10ന് ഇടപ്പള്ളി ഗായത്രീ ഭജന മണ്ഡലിയുടെ ഹരിനാമ സങ്കീർത്തനാമൃതം, 11 മുതൽ ക്ഷേത്രം വക യുപി സ്കൂൾ അങ്കണത്തിൽ പ്രസാദമൂട്ട്, 12ന് ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരിയുടെ പുരാണ കഥാഖ്യാനം, വൈകിട്ട് 3ന് ബാംസുരി നാരായണ സമിതിയുടെ നാരായണീയ പാരായണം, 5.30ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതലയം, 7ന് തൃപ്പൂണിത്തുറ പി.എസ്.രാമചന്ദ്ര ഭാഗവതരുടെ ഭജൻ. 

ആയില്യം നാളായ 6ന് രാവിലെ 6.30ന് ഭാഗവത പാരായണം, 8.30ന് ഹരിപ്പാട് കാർത്തികേയാശ്രമം ഭൂമാനന്ദ തീർഥപാദരുടെ ആധ്യാത്മിക പ്രഭാഷണം, 10ന് മഹാപ്രസാദമുട്ട്, 1.30ന് നാഗഭൈരവി സംഗീത സമന്വയം, ഉച്ചയ്ക്ക് 12.30ന് ബിനു വിശ്വനാഥിന്റെ പുരാണ കഥാഖ്യാനം, 2ന് ഹരിപ്പാട് അമൃത വിദ്യാലയത്തിന്റെ ഭക്തിഗാനമഞ്ജരി, കുടുംബകാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷി അമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ആയില്യം നാളിലെ വിശേഷാൽ കലശാഭിഷേകത്തിനും പൂജകൾക്കും ശേഷം ക്ഷേത്രനടയിൽ വാദ്യമേളങ്ങളാൽ സേവ. ആയില്യം നാളിൽ രാവിലെ 9.30ന് ശേഷം മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്ക്കു സമീപം തെക്കേതളത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com