ADVERTISEMENT

ആലപ്പുഴ ∙ ശുദ്ധജലക്ഷാമം രൂക്ഷമാകുമ്പോഴും നഗരസഭയുടെ വാട്ടർ കിയോസ്കുകളിൽ പലതും പ്രവർത്തനരഹിതം. അമിതവില നൽകി ശുദ്ധജലം സ്വകാര്യ പ്ലാന്റുകളിൽ നിന്നു വാങ്ങേണ്ട ഗതികേടിലാണ് നഗരവാസികൾ. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടുകോടി രൂപ മുടക്കി 20 ഇടങ്ങളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചത്. ഇവയിൽ പലതും പ്രവർത്തനം ആരംഭിച്ചത് പിന്നീട് വന്ന എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിയോസ്കുകൾ സ്ഥാപിച്ചത്.

ലീറ്ററിന് 50 പൈസ നിരക്കിലാണ് ഇവിടെ നിന്നു ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. കുടുംബശ്രീക്കാണ് കിയോസ്കുകളുടെ നടത്തിപ്പ് ചുമതല. കാളാത്ത് വാർഡിൽ കാളാത്ത് ജംക്‌ഷന് പടിഞ്ഞാറ് ഗംഗ വായനശാലയോടു ചേർന്ന് നിർമിച്ചിരിക്കുന്ന വാട്ടർ കിയോസ്കിന്റെ ഉദ്ഘാടനം നടന്നതല്ലാതെ ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകാത്ത സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ചതാണ് പ്രതിസന്ധിയായത്. വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ഉൾപ്പെടെ നശിക്കുകയാണ്.  പള്ളാത്തുരുത്തിയിലെ കിയോസ്ക് പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തിന് മുകളിലായി.

ഇവിടെ വാട്ടർ ടാങ്ക് തകർന്നതാണ് കിയോസ്ക് പ്രവർത്തിക്കാത്തതിന്റെ കാരണം. പലതവണ അമൃത് പദ്ധതി ഉദ്യോഗസ്ഥരോടും നഗരസഭയിലും പരാതി പറഞ്ഞിട്ടും കിയോസ്കുകൾ നന്നാക്കാൻ നടപടിയില്ലെന്ന് വാർഡ് കൗൺസിലർ ബീന രമേശ് പറഞ്ഞു. ‌‌‌ ഇരവുകാട്, വാടക്കനാൽ വാർഡുകളിലെ കിയോസ്കുകൾ മാസങ്ങളായി തകരാറിലാണ്. റെയിൽവേ സ്റ്റേഷൻ വാർഡിലെ കിയോസ്കും ഉപയോഗശൂന്യമായ നിലയിലാണ്. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഇങ്ങോട്ടുള്ള വഴി തടസ്സപ്പെട്ടതാണ് കിയോസ്ക് ഉപയോഗ ശൂന്യമായി കിടക്കാനുള്ള കാരണം. വളരെ താഴ്ന്ന പ്രദേശത്താണ് കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നു വെള്ളം ശേഖരിച്ച് റോഡിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ ആരും ഈ കിയോസ്ക് ഉപയോഗിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com