ADVERTISEMENT

ആലപ്പുഴ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും കാരണം കെഎസ്ആർടിസിക്കു കനത്ത നഷ്ടം. ബസുകൾക്കു വരുമാനം കുറഞ്ഞതിനു പുറമേ വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുകയും അറ്റകുറ്റപ്പണികൾ കൂടുകയും ചെയ്തു. ആലപ്പുഴ, ചേർത്തല, കായംകുളം ഡിപ്പോകൾക്കാണു കൂടുതൽ വരുമാന നഷ്ടമുള്ളത്. ആലപ്പുഴ ഡിപ്പോയിൽ 14.9 ലക്ഷമാണു പ്രതിദിന ടാർഗറ്റ്.

കുഴി നിറഞ്ഞ റോഡിലൂടെ ഓടി വാഹനത്തിന് അറ്റകുറ്റപ്പണികൾ ഉണ്ടാകുന്നതും കെഎസ്ആർടിസിക്കു നഷ്ടം ഉണ്ടാക്കുന്നുണ്ട്. സർവീസിനിടെ പല ബസുകളും ബ്രേക്ക് ഡൗൺ ആയി റോഡിൽ നിന്നു പോകുന്ന സംഭവങ്ങളും  ഉണ്ടായി.

ദേശീയപാത നവീകരണം തുടങ്ങുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ഏകദേശം 13 ലക്ഷത്തോളം രൂപ ദിവസം കലക്‌ഷൻ ലഭിച്ചിരുന്നു. തിങ്കൾ പോലെ തിരക്കുള്ള ദിവസങ്ങളിൽ ടാർഗറ്റും കടന്നു വരുമാനം ലഭിച്ചിരുന്നു. എന്നാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ആളുകൾ യാത്ര കുറച്ചതും ബസുകളെ ആശ്രയിക്കാതെ വന്നതും കാരണം ശരാശരി 10 ലക്ഷത്തിലേക്കു കലക്‌ഷൻ ഒതുങ്ങി.

ഏറെ നാളുകൾക്കു ശേഷം ജൂലൈ ഒന്നിന് 12 ലക്ഷം രൂപ ലഭിച്ചതാണ് അടുത്തിടെയുണ്ടായ കൂടിയ വരുമാനം. മറ്റു ഡിപ്പോകളിലും വരുമാനത്തിൽ ഏകദേശം 20% കുറവുണ്ട്. സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള ഏകദേശം 150 ബസുകൾ ആണ് ഓരോ ദിവസവും തുറവൂർ - അരൂർ ഭാഗത്തു കൂടി ഒരു വശത്തേക്കു മാത്രം സഞ്ചരിക്കുന്നത്. ഗതാഗതക്കുരുക്ക് രൂഷമാകുമ്പോൾ ഈ ബസുകൾ തീരദേശപാത വഴിയും പൂച്ചാക്കൽ അരൂക്കുറ്റി വഴിയും വഴിതിരിച്ചുവിടുന്നതു ദൂരം കൂട്ടും. രാത്രിയിൽ വഴി തിരിച്ചു വിടുന്ന പല ദീർഘദൂര ബസുകളും വഴിതെറ്റി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്.

എല്ലായിടത്തും ബ്ലോക്ക്
ജില്ലാ ആസ്ഥാനത്തു നിന്നുള്ള എല്ലാ പ്രധാന റൂട്ടിലും ഗതാഗതക്കുരുക്കു രൂക്ഷമാണ്. ദേശീയപാതയിൽ എറണാകുളം റൂട്ടിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് 12.75 കിലോമീറ്റർ കടക്കാൻ ഒരു മണിക്കൂറാണു മിക്കപ്പോഴും എടുക്കുന്നത്. ആലപ്പുഴ - കായംകുളം റൂട്ടിൽ പുന്നപ്ര ഭാഗത്തും കായംകുളത്തും പലപ്പോഴും ഗതാഗതക്കുരുക്കും റോഡിലെ കുഴികളും പ്രശ്നമാകുന്നു. എസി റോഡിൽ പണ്ടാരക്കളത്തെ ഗതാഗതക്കുരുക്കു കാരണം ചങ്ങനാശേരിക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ എണ്ണം കുറച്ചിരുന്നു.

ഇന്ധനക്ഷമത കുറഞ്ഞു
ഡീസൽ ലീറ്ററിനു 4- 4.5 കിലോമീറ്റർ ആണു കെഎസ്ആർടിസി ബസുകൾക്കു ശരാശരി ഇന്ധനക്ഷമത ലഭിച്ചിരുന്നത്. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസുകളുടെ ഇന്ധനക്ഷമത ലീറ്ററിനു 3.5– 4 കിലോമീറ്ററായി കുറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com