ADVERTISEMENT

ആലപ്പുഴ∙ റെയിൽവേ സ്റ്റേഷനിൽ പാളങ്ങൾക്ക് അടിയിലൂടെ പോകുന്ന 100 മീറ്റർ നീളത്തിലുള്ള കാനയിലെ മാലിന്യം റെയിൽവേ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നു നിർദേശം. 20 മീറ്റർ നീളത്തിലുള്ള മറ്റു രണ്ടു കാനകളിലെ മാലിന്യം 31നു മുൻപായും നീക്കണം. ആവശ്യമെങ്കിൽ ജെൻ റോബട്ടിന്റെ സൗകര്യം ഉപയോഗപ്പെടുത്താം. സ്റ്റേഷൻ പരിസരത്തെ തോടുകളെല്ലാം അടിയന്തരമായി ശുചീകരിക്കാനും കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 

സ്റ്റേഷനു മുന്നിലെ തോടും ട്രാക്കുകളുടെ അടിയിലൂടെ പോകുന്ന കാനയുമെല്ലാം മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതു മനോരമ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. റെയിൽവേയുടെ സ്ഥലങ്ങളിലെ മാലിന്യനീക്കത്തിനു നടപടി ആവശ്യപ്പെട്ട് എച്ച്.സലാം എംഎൽഎ കലക്ടർക്കു കത്തു നൽകിയതിന തുടർന്നാണു യോഗം വിളിച്ചത്. സ്റ്റേഷനു മുന്നിലെ  ഇലവന്തിത്തോട് കയ്യേറിയുള്ള നിർമാണം കഴിഞ്ഞ മാസം എംഎൽഎയും കലക്ടറും നേരിട്ടെത്തി തടഞ്ഞിരുന്നു. യോഗത്തിൽ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കൗൺസിലർ പ്രഭാ ശശികുമാർ, നഗരസഭാ സെക്രട്ടറി എ.എം.മുംതാസ്, ഹെൽത്ത് ഇൻസ്പെക്ടർ ശങ്കർ മണി, സ്റ്റേഷൻ മാനേജർ എസ്.ശ്യാംകുമാർ തുടങ്ങിയവരും പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ :
∙ഇലവന്തിത്തോട് ശുചീകരിച്ച് നീരൊഴുക്കു സുഗമമാക്കണം. റെയിൽവേ, നഗരസഭ അധികൃതർക്കാണ് ഇതിന്റെ ഉത്തരവാദിത്തം. തോട്ടിലെ റെ‍യിൽവേയുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്) കെട്ടിട നിർമാണം തോടിനു മുകളിലുള്ളത് ഒഴിവാക്കണം. 
∙മൂന്നു ട്രെയിനുകളിൽ നിന്നുള്ള മാലിന്യം സ്റ്റേഷൻ പരിസരത്ത്   ഉപേക്ഷിക്കുന്നതായി മനസ്സിലായി. മാലിന്യം നീക്കാൻ കരാറെടുത്തവർ യഥാസമയം അതു ചെയ്തു മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്നു റെയിൽവേ ഉറപ്പുവരുത്തണം.  ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
∙പാളങ്ങൾക്ക് അടിയിലൂടെ പോകുന്ന 100 മീറ്റർ നീളത്തിലുള്ള കാന നിലവിൽ ഒരിടത്തേക്കാണു തുറക്കുന്നത്. രണ്ടിടത്തു കൂടി തുറക്കാൻ സംവിധാനമുണ്ടാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com