ADVERTISEMENT

ആലപ്പുഴ ∙ കായലിൽ ജലോത്സവത്തിന്റെ ആവേശത്തിരകളുയർന്നു തുടങ്ങി. ആലപ്പുഴയുടെ അഭിമാനമായ നെഹ്റു ട്രോഫി ജലോത്സവത്തിന് ഇത് 70–ാം വർഷം. ഈ  ആഘോഷങ്ങളിലേക്കു വായനക്കാരോടൊപ്പം ചേർന്നു മലയാള മനോരമയും തുഴയെറിയുന്നു. വള്ളംകളിയുമായി ബന്ധപ്പെട്ടു മനോരമ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുത്ത് വായനക്കാർക്ക് ഈ ആഘോഷങ്ങളുടെ  ഭാഗമാകാം; ഒപ്പം കൈനിറയെ സമ്മാനങ്ങളും നേടാം. സ്കൂൾ വിദ്യാർഥികൾക്കു ചിത്രരചനാ മത്സരവും മുതിർന്നവർക്കു വഞ്ചിപ്പാട്ടു രചനാ മത്സരവുമാണ് ആദ്യം. 

സ്കൂൾ കുട്ടികൾക്ക് ചിത്രരചന, കളറിങ്
സ്കൂൾ വിദ്യാർഥികൾക്കുള്ള ചിത്രരചന, കളറിങ് മത്സരം 28ന് രാവിലെ 10 മുതൽ 12 വരെ മലയാള മനോരമയുടെ ആലപ്പുഴ ഓഫിസിൽ നടക്കും.  3 വിഭാഗങ്ങളിലായാണു മത്സരം. ഒന്നു മുതൽ 4 വരെയുള്ള ക്ലാസിലെ വിദ്യാർഥികൾ എ വിഭാഗത്തിലും 5 മുതൽ 8 വരെയുളള ക്ലാസിലുള്ളവർ ബി വിഭാഗത്തിലും 8 മുതൽ പ്ലസ് ടു വരെയുള്ളവർ സി വിഭാഗത്തിലും. എ വിഭാഗത്തിൽ കളറിങ് മത്സരവും ബി,സി വിഭാഗങ്ങളിൽ ചിത്രരചനാ മത്സരവുമാണ് നടക്കുക. ക്രയോൺ, പേസ്റ്റൽസ്, ജലച്ചായം, പോസ്റ്റർ കളർ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയിൽ പെയിന്റ് ഉപയോഗിക്കാൻ പാടില്ല. കളറിങ് മത്സരത്തിൽ നിറം നൽകാനുള്ള രേഖാചിത്രം  നൽകും. ചിത്രം വരയ്ക്കാനുള്ള പേപ്പറും നൽകും.  മറ്റ് സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ടു മണിക്കൂറാണു മത്സര സമയം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 70  പേർക്കാണ് അവസരം. റജിസ്ട്രേഷന് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ 0477 2240400 എന്ന നമ്പറിൽ വിളിക്കാം.

വഞ്ചിപ്പാട്ടെഴുത്ത് മത്സരം
വഞ്ചിപ്പാട്ട് രചനാ മത്സരം: 18 വയസ്സു മുതൽ മുകളിലോട്ടുള്ളവർക്കാണു മത്സരം. വഞ്ചിപ്പാട്ടിന്റെ താളത്തിൽ ആലപിക്കാൻ കഴിയുന്ന 10 വരി പാട്ട് എഴുതി വാട്സാപിൽ അയയ്ക്കാം.  വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന മികച്ച 3 രചനകൾക്ക് ആകർഷകമായ സമ്മാനം. വള്ളംകളിയുടെ  ആവേശം തുളുമ്പുന്ന  അർഥവത്തായ മികച്ച രചനകൾ ഇന്നുതന്നെ അയച്ചു തുടങ്ങൂഅവസാന തീയതി: ജൂലൈ 31.​

ജലചക്രവർത്തി, കാരിച്ചാൽ ചുണ്ടൻ
ആലപ്പുഴ ∙ ജലചക്രവർത്തി എന്ന പേരിന് ഒരവകാശിയേയുള്ളു, കാരിച്ചാൽ ചുണ്ടൻ. നെഹ്റു ട്രോഫി വള്ളംകളി 70ാം വർഷത്തിലേക്ക് എത്തുമ്പോൾ അതിൽ 15 തവണയും ജവാഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് കാരിച്ചാലിന്റെ കൈപിടിച്ചു. വിജയക്കണക്കിൽ മറ്റു വള്ളങ്ങൾക്കും വള്ളപ്പാടകലെ. 2011ൽ കോടതി ഉത്തരവിലൂടെയായിരുന്നു വിജയം. 30ലേറെ തവണ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. 2016നു ശേഷം നെഹ്റു ട്രോഫി നേടിയിട്ടില്ലെന്ന പരാതി തീർക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെയും കൂട്ടുപിടിച്ചാണ് ഇത്തവണത്തെ വരവ്.

2020ലും 2021ലും പുതുക്കിപ്പണിത വള്ളത്തിനു വേഗമില്ലെന്ന് എതിരാളികൾ പറയുന്നുണ്ടെങ്കിലും ഇത്തവണ കുറഞ്ഞ ഫിനിഷിങ് സമയമെന്ന റെക്കോർഡ് ഇടുമെന്നു വള്ളസമിതി ഉറപ്പിച്ചു പറയുന്നു. 1970 സെപ്റ്റംബർ 8നു നീറ്റിലിറക്കിയ ചുണ്ടൻ പിന്നീടു പലതവണ പുതുക്കിപ്പണിതെങ്കിലും വള്ളത്തിന്റെ ഏരാവ് പലക ഇതുവരെ മാറ്റിയിട്ടില്ല. കോവിൽമുക്ക് നാരായണനാചാരിയാണു വള്ളത്തിന്റെ മുഖ്യശിൽപി.വള്ളസമിതി: എം.ജി.സ്റ്റീഫൻ മലാൽ (പ്രസി), പി.പി.പ്രസാദ് (സെക്ര), ഗീവർഗീസ് ഐപ്പ് (ട്രഷ).
വള്ളത്തിന്റെ നീളം:     51.25 കോൽ
വള്ളത്തിന്റെ വീതി:    50 അംഗുലം
        നീരണഞ്ഞത്:               2021 
(പുതുക്കിപ്പണിത ശേഷം) വള്ളത്തിലുള്ളത്
തുഴച്ചിലുകാർ:               80
അമരക്കാർ:                     5
നിലക്കാർ:                         9
ക്യാപ്റ്റൻ:   അലൻ മൂന്നു തൈക്കൽ, എയ്ഡൻ മൂന്നു തൈക്കൽ

കുതിച്ചുപായാൻ പായിപ്പാടൻ, പായിപ്പാടൻ (2) ചുണ്ടനുകൾ
ആലപ്പുഴ ∙ വേഗരാജാവ് പായിപ്പാടൻ ചുണ്ടനും പിൻഗാമിയും ഒന്നിച്ചു മത്സരത്തിനിറങ്ങുമ്പോൾ ഓരോ വള്ളംകളിപ്രേമിയും ഉറ്റുനോക്കുന്നതു വേഗ റെക്കോർഡുകൾ തകരുന്ന കാഴ്ചയ്ക്കാണ്.നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്ത ചുണ്ടൻ വള്ളം പായിപ്പാടനാണ്. 2017ൽ ഹീറ്റ്സിൽ ഏവരെയും ഞെട്ടിച്ച റെക്കോർഡ് ഫിനിഷ് സമയം പിന്നീടാരും തകർത്തിട്ടില്ല. 2005 മുതൽ 2007 വരെ ഹാട്രിക് ഉൾപ്പെടെ 4 തവണ നെഹ്റു ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്.  2015–17 കാലയളവിൽ പായിപ്പാട് ജലോത്സവത്തിൽ ഹാട്രിക്, കല്ലട, ചമ്പക്കര ജലോത്സവം തുടങ്ങിയവയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ചരിത്രമേറെയുള്ള ചുണ്ടന്റെ പിൻഗാമി ഈ വർഷം ഏപ്രിൽ 5നാണു നീരണഞ്ഞത്. ഈ ചുണ്ടന്റെ ആദ്യ നെഹ്റു ട്രോഫിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബാണു തുഴയുന്നത്. പായിപ്പാടൻ (2) ചുണ്ടനിൽ പായിപ്പാട് ബോട്ട് ക്ലബ്ബും മത്സരിക്കും. 1974ലാണ് ആദ്യ പായിപ്പാടൻ വള്ളം നിർമിക്കുന്നത്. ഇതു വിറ്റ ശേഷമാണ് ഇന്നത്തെ പായിപ്പാടൻ (2) വള്ളം നിർമിക്കുന്നത്.
വള്ളസമിതി: ജിനു കെ.ജോൺ (പ്രസി), കെ.കെ.മുരളി (സെക്ര), കോശി (ട്രഷ).

പായിപ്പാടൻ ചുണ്ടൻ
നീളം:                                  52.25 കോൽ
വീതി:                                  51 അംഗുലം
നീരണഞ്ഞത്:               2024ൽ
വള്ളത്തിലുള്ളത്
തുഴച്ചിലുകാർ:                92 
അമരക്കാർ:                      5
നിലക്കാർ:                         9
ക്യാപ്റ്റൻ: ജോസ് ആറാത്തുപള്ളി

പായിപ്പാടൻ (2) ചുണ്ടൻ
നീളം:                                    52.25 കോൽ
വീതി:                                    51 അംഗുലം
നീരണഞ്ഞത്:                 2002ൽ
വള്ളത്തിലുള്ളത്
തുഴച്ചിലുകാർ:                 81
അമരക്കാർ:                       5
നിലക്കാർ:                           7
ക്യാപ്റ്റൻ: മഹേഷ് കൃഷ്ണൻ നായർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com