ADVERTISEMENT

ആലപ്പുഴ ∙ സ്വർണമാല മോഷണവും നഗരസഭയിലെ താൽക്കാലിക നിയമനങ്ങൾ സംബന്ധിച്ച വിവാദവും നഗരസഭാ കൗൺസിൽ യോഗത്തെ പ്രക്ഷുബ്ധമാക്കി. ഹെൽത്ത് ഇൻസ്പെക്ടറുടെ 3 പവൻ സ്വർണമാല മോഷ്ടിച്ചതായി പറയപ്പെടുന്ന ജീവനക്കാരനെ ജോലിയിൽ നിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യം നഗരസഭാധ്യക്ഷ നിഷേധിച്ചു. എൽഡിഎഫിനു നിരക്കാത്ത കാര്യങ്ങളാണ് നഗരസഭയിൽ നടക്കുന്നതെന്നു ഭരണകക്ഷിയായ സിപിഐ അംഗം ആരോപിച്ചു.

കോൺഗ്രസ് കക്ഷി നേതാവ് റീഗോ രാജുവാണ് അടിയന്തര വിഷയമായി മാലമോഷണം ഉന്നയിച്ചത്. ജൂലൈ 25ന് ഒരു പിറന്നാൾ ആഘോഷത്തിനിടെയാണ് മാല കാണാതായത്. തിരച്ചിൽ നടത്താനും, സ്റ്റേഷനിൽ പരാതിപ്പെടാനും മോഷ്ടിച്ചയാൾ കൂടെ ഉണ്ടായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്ക്കാൻ ചെന്നപ്പോൾ മാലയും, ആളെയും തിരിച്ചറിഞ്ഞതാണ് മോഷണ വിവരം പുറത്തറിയാൻ ഇടയായത്.

ജീവനക്കാരനെ ജോലിയിൽ നിന്നു മാറ്റിനിർത്തി ജില്ലാ പൊലീസ് മേധാവി, അല്ലെങ്കിൽ ഡിവൈഎസ്പി അന്വേഷിക്കാൻ നിർദേശിക്കണമെന്നും റീഗോ രാജു ആവശ്യപ്പെട്ടു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ജീവനക്കാരനെ മാറ്റിനിർത്താൻ കഴിയില്ലെന്നു നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ മറുപടി പറഞ്ഞതോടെ യോഗം ബഹിഷ്കരിച്ച കോൺഗ്രസ് കൗൺസിലർമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ചേർന്നു കവാടത്തിൽ ധർണ നടത്തി.

നഗരസഭാധ്യക്ഷയ്ക്കു നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടിയിൽ സ്വാധീനമുള്ള ആളാണ് മോഷണത്തിൽ ആരോപണ വിധേയനായ താൽക്കാലിക ജീവനക്കാരനെന്നും ഇയാളെ പുറത്താക്കി അന്വേഷണം നടത്തണമെന്നും ബിജെപി കക്ഷി നേതാവ് മനു ഉപേന്ദ്രൻ പറഞ്ഞു. പാർക്കുകളിൽ ജോലിക്ക് 10 പേരെ നിയമിച്ച വിവരം കൗൺസിൽ യോഗത്തെ അറിയിച്ചിട്ടില്ല. മുനിസിപ്പൽ എൻജിനീയർ സ്റ്റോപ് മെമ്മോ നൽകിയിട്ടും നഗരത്തിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും മനു ഉപേന്ദ്രൻ പറഞ്ഞു. 

പത്ത് പേരുടെ താൽക്കാലിക നിയമനങ്ങൾ അടക്കം അജ്ഞാതകേന്ദ്രത്തിൽ ഇരുന്നുകൊണ്ട് ആരോ ചെയ്യുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നു സിപിഐ അംഗം ഡി.പി.മധു പറഞ്ഞു. മധുവിനെ പിന്തുണച്ച് സിപിഐ അംഗങ്ങളായ എൽജിൻ റിച്ചാർഡ്, ബി.നസീർ, കെ.എസ്.ജയൻ എന്നിവർ രംഗത്തെത്തി. സിപിഐ അംഗവും വൈസ് ചെയർമാ‍നുമായ പി.എസ്.എം.ഹുസൈൻ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com