ADVERTISEMENT

ആലപ്പുഴ∙ ഓണം അടുക്കുമ്പോഴും പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൽ ജീവനക്കാർക്കു നാലുമാസമായി ശമ്പളമില്ല. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും ശമ്പള വിതരണം കൃത്യമായി നടക്കുന്നില്ലെന്നു ജീവനക്കാർ പറയുന്നു. ശമ്പളത്തിനു പുറമേ മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിട്ടുണ്ട്. കെഎസ്ഐഡിസിയുടെ സാമ്പത്തിക സഹായം ലഭിച്ചു കൂടുതൽ ഓർഡറുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമ്പോഴാണു ജീവനക്കാർ പരാതി ഉന്നയിക്കുന്നത്.

രണ്ടാഴ്ച മുൻപുണ്ടായ കാറ്റിലും മഴയിലും ഓട്ടോകാസ്റ്റിലെ പ്ലാന്റിന്റെ മേൽക്കൂരയ്ക്കു കേടുപറ്റിയത് ഇതുവരെ ശരിയാക്കിയിട്ടില്ല. പ്ലാന്റിൽ ജീവനക്കാർ ജോലി ചെയ്യുന്ന സമയത്തു മേൽക്കൂരയുടെ ഭാഗം ഇളകി വീഴുന്നുണ്ട്. പലപ്പോഴും ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവാകുന്നതെന്നു ജീവനക്കാർ പറയുന്നു. പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്താൻ പണമില്ലെന്നും ആക്ഷേപമുണ്ട്.

കാറ്റിലും മഴയിലും ഓട്ടോകാസ്റ്റിന്റെ മേൽക്കൂര തകർന്ന നിലയിൽ.
കാറ്റിലും മഴയിലും ഓട്ടോകാസ്റ്റിന്റെ മേൽക്കൂര തകർന്ന നിലയിൽ.

സൗരോർജ നിലയം കാടുകയറി
ജനുവരി 19നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്ത സോളർ പ്ലാന്റ് കാടുകയറി. ഓട്ടോകാസ്റ്റിന്റെ വൈദ്യുതി ബിൽ കുടിശികയ്ക്കു പരിഹാരമെന്നോണം പത്തുകോടിയോളം രൂപ ചെലവിട്ടാണു 2 മെഗാവാട്ട് സൗരോർജ നിലയം സ്ഥാപിച്ചത്. നിലയം സ്ഥാപിച്ച ഇൻകെൽ ലിമിറ്റഡിനു തുക പൂർണമായി നൽകിയിട്ടില്ല. ഓരോ മാസവും 10 ലക്ഷം രൂപ വൈദ്യുതി ചാർജ് ഇനത്തിൽ ഓട്ടോകാസ്റ്റിനു ലാഭിക്കാം എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ പദ്ധതി പ്രദേശത്തു കാടു കയറി. സോളർ പാനലുകളുടെ മുകളിലേക്കും കാടു കയറിത്തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com