ADVERTISEMENT

തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്ത് തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അരൂർ, ചന്തിരൂർ ഭാഗങ്ങളിൽ 3 മണിക്കൂർ ഉയരപ്പാത നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. അരൂർ പെട്രോൾ പമ്പിനു സമീപത്തു നിന്നു പ്രകടനമായി നീങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ അരൂർ അബാദ് കോൾഡ് സ്റ്റോറേജിനു എതിർവശം ഗർഡറുകളുടെ മുകളിൽ കയറി പ്രതിഷേധിച്ചു.അരൂർ ക്ഷേത്രം കവല മുതൽ വടക്ക് ബൈപാസ് കവല വരെ റോഡിന്റെ ഇരുവശവും തകർന്നു കിടക്കുകയാണ്. കുഴികൾ അടച്ച് കോൺക്രീറ്റ് കട്ടകൾ പാകിയതിനു ശേഷം ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മതിയെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാദം.

കരാർ കമ്പനി അധികൃതർ ഡിവൈഎഫ്ഐ നേതാക്കളുമായി പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കരാർ കമ്പനി അധികൃതർ ഉറപ്പു നൽകി.റോഡുകളുടെ ശോച്യാവസ്ഥ പൂർണമായും പരിഹരിച്ചില്ലെങ്കിൽ വീണ്ടും നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ മുന്നറിയിപ്പു നൽകി. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, ഡിവൈഎഫ്ഐ–സിപിഎം നേതാക്കളായ പി.ഡി.രമേശൻ‌, സി.പി.പ്രകാശൻ, വി.കെ.സൂരജ്, എൻ.നിഷാന്ത്, സലിംകുമാർ, അർജുൻ ബാബു, ധനേഷ് ദാസ്, ജിബി ഗോപി, ബിലാൽ എന്നിവർ നേതൃത്വം നൽകി.

ജനകീയ സമിതി നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തും
തുറവൂർ∙ റോഡുകളുടെ തകർച്ച മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അരൂർ–തുറവൂർ ജനകീയ സമിതി നാളെ രാവിലെ 9ന് ചന്തിരൂർ മുതൽ അരൂർ വരെ ഉയരപ്പാത നിർമാണം തടസ്സപ്പെടുത്തും. നേരത്തെ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും റോഡുകൾ പൂർണമായും നന്നാക്കുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ല.

English Summary:

Construction of the Aroor-Thuravoor overpass came to a standstill for three hours due to a protest led by DYFI activists. They demanded the repair of severely damaged roads at the construction site before work on the overpass could continue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com