ADVERTISEMENT

മാവേലിക്കര ∙ ഓഡിറ്റിന് ആവശ്യമായ ഫയലും രേഖകളും നൽകിയില്ല, നഗരസഭയിലെ ഓഡിറ്റ് നിർത്തേണ്ടി വരുമെന്നു അക്കൗണ്ട്സ് ജനറൽ (ഓഡിറ്റ്) വിഭാഗം.നഗരസഭയിലെ ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പെരുമാറി, ഓഡിറ്റിങ് സമയത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അക്കൗണ്ട്സ് ജനറൽ (ഓഡിറ്റ്) വിഭാഗം സീനിയർ ഓഡിറ്റ് ഓഫിസറാണു നഗരസഭാ ചെയർമാനു കഴിഞ്ഞ ദിവസം കത്ത് നൽകിയത്. നഗരസഭയിലെ 2019–20 മുതൽ 2023–24 വരെ സാമ്പത്തിക വർഷത്തെ ഓഡിറ്റ് കഴിഞ്ഞ ഓഗസ്റ്റ് 15നാണ് തുടങ്ങിയത്.ഓഡിറ്റിന് ആവശ്യമായ ഫയലുകളും മറ്റു രേഖകളും കൃത്യമായി ഹാജരാക്കണമെന്നു കാണിച്ച് ഓഡിറ്റ് സംഘം കത്ത് നൽകിയിരുന്നു.

എന്നാൽ 10 ഓഡിറ്റ് ആവശ്യപ്പെടൽ, പരിശോധിച്ചു മറുപടി നൽകാനായി 11 ഓഡിറ്റ് നിരീക്ഷണങ്ങൾ, ജില്ലാ ഓഡിറ്റുമായി ബന്ധപ്പെട്ടു 18 ഓഡിറ്റ് നിരീക്ഷണങ്ങൾ എന്നിവ നഗരസഭയ്ക്കു നൽകിയ ഓഡിറ്റ് സംഘം മറുപടി ആവശ്യപ്പെട്ടിരുന്നു.ഏതാനും ഫയലുകളും രേഖകളും നൽകിയതല്ലാതെ ഓഡിറ്റ് നിരീക്ഷണങ്ങൾ, ആവശ്യപ്പെടലുകൾ എന്നിവയ്ക്കു നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല.ഈ സാഹചര്യത്തിൽ ഓഡിറ്റ് നിർത്തേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടുന്ന കത്തിൽ നഗരസഭയുടെ വരവ് ചെലവു കണക്കുകളുടെ വിശദാംശങ്ങളും നൽകിയില്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റ് കാലയളവിൽ നഗരസഭാ സെക്രട്ടറി, മറ്റു ജീവനക്കാർ എന്നിവർ ഓഫിസിൽ നിർബന്ധമായും ഉണ്ടാകണമെന്നും നിർദേശിച്ചിരുന്നു.

എന്നാൽ സെക്രട്ടറിയുടെ ചുമതലയുള്ള മുനിസിപ്പൽ എൻജിനീയറും സൂപ്രണ്ടും ഓഡിറ്റിങ്ങിനു നിരുത്തരവാദപരമായ സമീപനം കാട്ടിയെന്നും കത്തിലുണ്ട്.ഓഡിറ്റ് വേളയിൽ നഗരസഭാ സൂപ്രണ്ട് ഉൾപ്പെടെ 7 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവിറങ്ങി .ഭരണ വിഭാഗത്തിലെ 5 പേരെയും എൻജിനീയറിങ് വിഭാഗത്തിലെ 2 പേരെയുമാണു സ്ഥലം മാറ്റ ഉത്തരവിനെ തുടർന്നു വിടുതൽ ചെയ്തത്.ഓഡിറ്റ് സംഘത്തിനായി തയാറാക്കി നൽകേണ്ട ഫയലുകളുടെയും രേഖകളുടെയും വിശദമായ വിവരവും ഓഡിറ്റ് നിരീക്ഷണങ്ങൾക്ക് കൃത്യമായ മറുപടിയും നൽകണമെന്നും കത്തിന് ഒരു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും വിഷയത്തിൽ ചെയർമാൻ സ്വീകരിച്ച തുടർനടപടി ഓഡിറ്ററെ അറിയിക്കണമെന്നും നിർദേശമുണ്ട്.

English Summary:

An ongoing audit of the Mavelikkara Municipality is under threat of being stopped due to the unavailability of crucial files and documents. The Accounts General (Audit) department has accused municipal officials of irresponsible behavior, including transferring key personnel during the audit process.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com