ADVERTISEMENT

ആലപ്പുഴ∙ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ ഇല്ലെന്നു കണ്ടെത്തിയ രേഖകൾ ഒരു വർഷത്തിനു ശേഷം ഡിഡിഇ ഓഫിസ് അധികൃതർ വിവരാവകാശ കമ്മിഷനു മുന്നിൽ ഹാജരാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ വിവരാവകാശ കമ്മിഷനു മുന്നിൽ ഡിഡിഇ ഓഫിസ് അധികൃതർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന ആരോപണമുയർന്നു. 

അധ്യാപകരുടെയും ജീവനക്കാരുടെയും നിയമന ശുപാർശയും നിയമന ഉത്തരവും രേഖപ്പെടുത്തുന്ന അപ്പോയിന്റ്മെന്റ് റജിസ്റ്റർ, പ്രബേഷൻ ഡിക്ലറേഷൻ റജിസ്റ്റർ, ഓരോ അധ്യയന വർഷത്തെയും അധ്യാപകരുടെ നിയമന വിവരങ്ങൾ  പിഎസ്‌സി വഴിയുള്ള അധ്യാപക നിയമനം, അന്തർജില്ലാ സ്ഥലം മാറ്റം, തസ്തികമാറ്റം, സ്ഥാനക്കയറ്റം, ആശ്രിതനിയമനം എന്നിങ്ങനെ  തരംതിരിച്ചു രേഖപ്പെടുത്തുന്ന കേഡർ സ്ട്രെങ്ത് റജിസ്റ്റർ, സ്റ്റോക്ക് ഫയൽസ്, ലീവ് റജിസ്റ്റർ എന്നിവ ഡിഡിഇ  ഓഫിസിൽ സൂക്ഷിച്ചിട്ടില്ലെന്ന് 2023 മേയ് 19ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. 

എന്നാൽ ജില്ലയിലെ സാമൂഹിക ശാസ്ത്ര അധ്യാപകരുടെ നിയമന രേഖകൾ ആവശ്യപ്പെട്ടു കായംകുളം കൊറ്റുകുളങ്ങര കൊറശേരിൽ നസ്റിൻ ഖാൻ വിവരാവകാശ കമ്മിഷണർക്കു പരാതി നൽകിയതിനെത്തുടർന്നു രേഖകൾ 2024 ഏപ്രിൽ ഏഴിനകം ലഭ്യമാക്കണമെന്നു വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം ഉത്തരവിട്ടിരുന്നു. സാമൂഹിക ശാസ്ത്ര അധ്യാപക ഒഴിവുകളിലേക്കു നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും നടത്തിയ വിവരങ്ങളുള്ള റജിസ്റ്ററിന്റെ പകർപ്പാണ് ആവശ്യപ്പെട്ടത്. 

മുൻപ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോഴെല്ലാം ഓഫിസിൽ ലഭ്യമല്ലെന്നായിരുന്നു മറുപടി. എന്നാൽ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടതിനു പിന്നാലെ രേഖകൾ ഡിഡിഇ ഓഫിസിലെ ഉദ്യോഗസ്ഥർ കമ്മിഷനു മുൻപിൽ സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്  ഒരു വർഷം മുൻപു നടത്തിയ നടത്തിയ പരിശോധനയിൽ ഇല്ലെന്നു കണ്ടെത്തിയ രേഖകളാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചതെന്നു വ്യക്തമായതോടെയാണ് ഇവ കൃത്രിമമായി തയാറാക്കിയതാണെന്ന ആരോപണമുയരുന്നത്.  2022ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പരിശോധനയിലും ഇതേ രേഖകൾ ഓഫിസിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com