ADVERTISEMENT

ആലപ്പുഴ∙ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നാടിന്റെ യാത്രാക്ലേശത്തിനു പരിഹാരമായി പുന്നമട–നെഹ്റുട്രോഫി പാലത്തിന്റെ നിർമാണം നാളെ ആരംഭിക്കും. പുന്നമട–നെഹ്റുട്രോഫി വാർഡുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ, കായലിന്റെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള പാലത്തിന്റെ നിർമാണോദ്ഘാടനം നാളെ വൈകിട്ട് 5.00ന് പുന്നമട ജെട്ടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. പി.പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും.  

പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ നെഹ്റുട്രോഫി, പുന്നമട വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികളുടെയും യാത്രാദുരിതത്തിനു പരിഹാരമാകും. നിലവിൽ ചെറുവള്ളങ്ങളിലാണ് ഇവർ നഗരത്തിലെത്തുന്നത്. ആലപ്പുഴ നഗരത്തിലെ ടൂറിസം മേഖലയ്ക്കും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. പുന്നമട കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്രയെ ബാധിക്കാതെ ദേശീയജലപാതയിൽ തടസ്സം വരാത്ത നിലയിലാണ് പാലം നിർമിക്കുന്നത്. 

   384.1 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിങ് ആർച്ച് മാതൃകയിലുള്ള ജലഗതാഗത സ്പാനുകളുമാണ് ഉള്ളത്. ഇതുകൂടാതെ ഇരുകരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 57.12 കോടി രൂപ പാലം നിർമാണത്തിനും 8 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് അനുബന്ധ ജോലികൾക്കായി 50 ലക്ഷം രൂപയും അടക്കം 65.62 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിക്കുക. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമാണച്ചുമതല. 2019ൽ എംഎൽഎയും ധനകാര്യ മന്ത്രിയുമായിരുന്ന ടി.എം തോമസ് ഐസക്കാണ് പദ്ധതി വിഭാവനം ചെയ്യുകയും കിഫ്ബിയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തത്. 

 എന്നാൽ അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടി വന്നതും വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വന്ന തടസ്സങ്ങളും നിർമാണം നീളാൻ ഇടയാക്കി. തുടർന്ന് 2022ൽ ഭരണാനുമതി പുതുക്കി നിശ്ചയിപ്പിച്ച് എല്ലാ തടസ്സങ്ങളും നീക്കി ടെൻഡർ നടപടികളിലേക്ക് കടക്കുകയായിരുന്നു.

 ഒന്നര വർഷം കൊണ്ട് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്നു നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ റിജോ തോമസ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.രേഖ എന്നിവർ അറിയിച്ചു.

English Summary:

A new bridge connecting Punnamada and Nehru Trophy wards in Alappuzha, Kerala, is set to transform local transportation and boost tourism. The 384-meter bridge, a long-awaited project, will provide a much-needed alternative to boat travel for residents and enhance access to this scenic region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com