ADVERTISEMENT

മാവേലിക്കര ∙ ‘പനി ബാധിച്ചതിനാൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങാനായി ഉച്ചയ്ക്ക് 2.45ന് എത്തിയതാണ്. ഡോക്ടറെ കണ്ടപ്പോൾ രക്തം പരിശോധിക്കുന്നതിന് എഴുതി തന്നു, സമയം 7.15 ആകുന്നു, പരിശോധന ഫലം കാണിക്കാനായി ഇപ്പോഴും ഊഴം കാത്ത് ഇവിടെ നിൽക്കുകയാണ്, ആരോടു പരാതി പറയാൻ, ഡ്യൂട്ടിയിലുള്ള ഡോക്ടർ ആത്മാർഥമായി ജോലി ചെയ്യുന്നുണ്ട്. തിരക്ക് വർധിച്ചാൽ ഡോക്ടർക്ക് എന്തു ചെയ്യാൻ സാധിക്കും’– മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ ബന്ധുവിന്റെ പ്രതികരണമാണിത്. 

 ജില്ലാ ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിക്കു വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞദിവസം ഉച്ചയ്ക്കു ശേഷം ഒരു ഡോക്ടറുടെ സേവനം മാത്രമാണു അത്യാഹിത വിഭാഗത്തിൽ ലഭിച്ചത്.ദിവസവും ഉച്ചയ്ക്ക് രണ്ടോടെ സ്പെഷലിസ്റ്റ് വിഭാഗം ഡോക്ടർമാരുടെ ഒപി അവസാനിച്ചാൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ 2, വാർഡിൽ 1 വീതം ഡോക്ടർമാരുടെ സേവനം രാത്രി 8 വരെ ലഭിക്കും. 

   അതിനു ശേഷം രണ്ടിടങ്ങളിലും ഒന്നു വീതം ഡോക്ടർമാർ ഉണ്ടെന്നാണു അധികൃതരുടെ വിശദീകരണം. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ തിരക്കനുസരിച്ചു പലപ്പോഴും ഡോക്ടർമാരുടെ എണ്ണം മതിയാകുന്നില്ല എന്നതാണു സത്യം. അപകടം, പൊലീസ് കേസുകൾ എന്നിവയുമായി ബന്ധപ്പെട്ടു രോഗികൾ എത്തിയാൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അവിടേക്കു പോയാൽ ഒപി ടിക്കറ്റ് എടുത്തു കാത്തു നിൽക്കുന്നവരുടെ എണ്ണവും വർധിക്കും. 

  8 മണിക്കു ശേഷം ഡോക്ടർമാരുടെയും രോഗികളുടെയും ദുരിതവും ഇരട്ടിയാകും. അത്യാഹിത വിഭാഗത്തിൽ ജൂനിയർ ഡോക്ടർമാരെയാണു ഡ്യൂട്ടിക്കു നിയോഗിക്കുന്നത്. വാർഡിൽ സ്പെഷലിസ്റ്റ് ഡോക്ടർ ഉള്ളതിനാൽ അത്യാവശ്യ സന്ദർഭത്തിൽ സഹായം ലഭിക്കും. സ്പെഷലിസ്റ്റ് ഡോക്ടർമാരെ അത്യാഹിത വിഭാഗത്തിൽ നിയോഗിച്ചാൽ അടുത്ത ദിവസം പകൽ ഒപിയിൽ ഡോക്ടറുടെ സേവനം ലഭ്യമാകില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരക്കുള്ള ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയോഗിക്കാനും കൃത്യമായ ചികിത്സ ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നാണു സ്ഥിരമായി ആശുപത്രിയെ ആശ്രയിക്കുന്നവരുടെ ആവശ്യം.

English Summary:

This article highlights the plight of patients facing long wait times at Mavelikkara District Hospital due to a shortage of doctors, particularly in the evenings. With limited doctors available and a high influx of patients, the situation demands urgent attention to ensure timely and efficient healthcare.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com