ADVERTISEMENT

ആലപ്പുഴ ∙ തങ്ങളുടെ സ്വപ്നമായ പുന്നമട –നെഹ്റു ട്രോഫി പാലത്തിന്റെ നിർമാണോദ്ഘാടനത്തിനു സാക്ഷിയാകാൻ നാടൊന്നാകെ എത്തി. ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ നിർമാണ പ്രവൃത്തികൾക്കും തുടക്കമായി. നിർമാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. കായൽത്തുരുത്തുകളെയും നഗരത്തെയും തമ്മിൽ ബന്ധപ്പെടുത്തുന്ന പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ നേരിട്ട് ഇടപെടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണു ജനങ്ങൾ സ്വീകരിച്ചത്. കിഫ്ബി പദ്ധതിയിൽ പാലം നിർമിക്കാൻ സർക്കാർ 57 കോടി രൂപ ചെലവഴിക്കും. മറുകര എത്താൻ ചെറുവള്ളങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഒരു ജനതയെ സർക്കാർ ചേർത്തുപിടിക്കുകയാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കെ.സി.വേണുഗോപാൽ എംപി കശ്മീരിൽ തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് പോയിരിക്കുകയാണെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പി.പി.ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കലക്ടർ അലക്സ് വർഗീസ്, കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ എം.അശോക് കുമാർ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, നഗരസഭ സ്ഥിരസമിതി ചെയർമാൻ എം.ആർ.പ്രേം, കൗൺസിലർ ജി.ശ്രീലേഖ, ഡി.ലക്ഷ്മണൻ, തോമസ് ജോസഫ്, സൗമ്യ രാജ്, സുബാഷ് ബാബു, എസ്.എം.ഇക്ബാൽ, ഡി.സലിംകുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിജിത്ത് ലാൽ, കെആർഎഫ്ബി പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ റിജോ തോമസ് മാത്യു, കെആർഎഫ്ബി സൗത്ത് സർക്കിൾ ടീം ലീഡർ പി.ആർ.മഞ്ജുഷ, അഗസ്റ്റിൻ കരിമ്പുംകാല തുടങ്ങിയവർ പ്രസംഗിച്ചു. 

പാലം വരുന്നതോടെ
∙ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന നെഹ്റു ട്രോഫി ദ്വീപ് പ്രദേശത്തെ മറ്റ് പ്രദേശങ്ങളുമായി വേഗം ബന്ധപ്പെടുത്തും.

∙ നെഹ്‌റു ട്രോഫി നിവാസികളുടെയും, കൈനകരി നടുത്തുരുത്ത് നിവാസികളുടെയും യാത്രാക്ലേശത്തിന് പരിഹാരം. 

∙ കായൽ ടൂറിസം മേഖലയുടെ മുന്നേറ്റത്തിനു കാരണമാകും.

∙ ഭാവിയിൽ കോട്ടയം, ഇടുക്കി തുടങ്ങിയ കിഴക്കൻ ജില്ലകളുമായി വേഗം എത്തിച്ചേരാനുള്ള ഇടനാഴിയായി മാറും.

കായലിന് ഭീഷണിയല്ല
പുന്നമട കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്രയെ ബാധിക്കാത്ത നിലയിലും, ദേശീയ ജലപാതയ്ക്കു തടസ്സം വരാത്ത രീതിയിലുമാണ് പാലത്തിന്റെ നിർമാണം.

പാലത്തിന്റെ നീളം 384.1 മീറ്റർ
ആകെ 384.1 മീറ്റർ നീളവും, 12 മീറ്റർ നീളമുള്ള 25 സ്‌പാനുകളും, 72.05 മീറ്ററിന്റെ ബോ സ്ട്രിങ് ആർച്ച് മാതൃകയിലുള്ള ജലഗതാഗത സ്‌പാനുകളുമാണ് ഉള്ളത്. ഇരുകരകളിൽ 110 മീറ്റർ അപ്രോച്ച് റോഡുകളും.

ആകെ നിർമാണച്ചെലവ് 65.62 കോടി രൂപ
പാലം നിർമാണത്തിന് 57.12 കോടി രൂപയും, സ്ഥലം ഏറ്റെടുക്കാൻ 8 കോടി രൂപയും, അനുബന്ധ പ്രവൃത്തികൾക്ക് 50 ലക്ഷം രൂപയും ഉൾപ്പെടെ 65.62 കോടി രൂപ ആകെ ചെലവാകും.

English Summary:

Excitement fills the air as Alappuzha inaugurates the construction of the long-awaited Punnamada-Nehru Trophy Bridge. Minister P.A. Muhammed Riyas promises timely completion of this transformative project connecting backwater islands with the city, boosting tourism and local connectivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com