ADVERTISEMENT

ചാരുംമൂട്∙ ആദിമൂലം വെട്ടിക്കോട് നാഗരാജസ്വാമിക്ഷേത്രത്തിൽ നാളെ നടക്കുന്ന ആയില്യം ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ‌ ശക്തമാക്കി. ചെങ്ങന്നൂർ‌ ഡിവൈഎസ്പി നേതൃത്വത്തിൽ 300 പൊലീസുകാർ‌ ക്രമസമാധാന പാലനത്തിനായി നിലയുറപ്പിക്കും. ചെങ്ങന്നൂർ റവന്യു ഡിവിഷന്റെ കീഴിലുള്ള സിഐമാരും എസ്ഐമാരും നേതൃത്വം നൽകും.സുരക്ഷയുടെ ഭാഗമായി ക്ഷേത്രപരിസരത്തും റോ‍ഡിന്റെ വശങ്ങളിലുമായി 65 ക്യാമറകൾ സ്ഥാപിച്ചു.

ക്ഷേത്രത്തിലുള്ള നാല് കൺട്രോൾ റൂമുകളിലായി ക്യാമറ നിരീക്ഷണത്തിനായി പ്രത്യേക പൊലീസുകാരെ നിയമിക്കും. മോഷണം, അനിഷ്ട സംഭവങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. വനിതാ പൊലീസ് ഉൾപ്പെടെ 50ഓളം പേരെ മഫ്തിയിൽ വിന്യസിക്കും. ഷാഡോ പൊലീസിന്റെ സേവനവും ഉണ്ടായിരിക്കും. ആയില്യത്തോടനുബന്ധിച്ച് കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് ഇന്ന് സർവീസ് നടത്തും. 

ഗതാഗത നിയന്ത്രണം ഇങ്ങനെ
കെ–പി റോഡിൽ ക്ഷേത്ര ഗോപുരത്തിന്റെ മുൻവശം മുതൽ 150 മീറ്റർ കായംകുളം അടൂർ ഭാഗങ്ങളിലേക്ക് പൂർണമായും വാഹനപാർക്കിങ് നിരോധിച്ചു. ഇതോടൊപ്പം ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയിൽ നിന്നും നൂറുമീറ്റർ അകലത്തിൽ മാത്രമേ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയുമുള്ളു. ക്ഷേത്രത്തിലെത്തുന്ന വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ആരോഗ്യവകുപ്പിന്റെ ഹെൽ‌ത്ത് ഡെസ്ക്കിന്റെ പ്രവർത്തനം ഉണ്ടാവും. രണ്ട് ഡോക്ടർമാരുടെയും ആവശ്യമായ സ്റ്റാഫുകളുടെയും സേവനം ക്ഷേത്രത്തിലെത്തുന്ന  ഭക്തജനങ്ങൾക്ക് ഇവരിൽ നിന്നും ലഭിക്കും. കായംകുളം, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനായൂണിറ്റുികളും നിലകൊള്ളും.

തേവാരപ്പുരയും നിലവറയും തൊഴുത് സായൂജ്യമടയാൻ ഭക്തർ
വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യത്തിനെത്തുന്ന ഭക്തർ മുക്തി ലഭിക്കുന്നതിനായി തേവാരപ്പുരയും നിലവറയും തൊഴുത് സായൂജ്യമടയും. നാഗരാജസ്വാമി ക്ഷേത്രം നിർമിച്ചതെന്ന് കരുതുന്ന പരശുരാമൻ പൂജാദികർമങ്ങൾ നടത്തുന്ന ബ്രാഹ്മണ ശ്രേഷ്ടരെ നാല് കെട്ടുനിർമിച്ച് താമസിപ്പിച്ചു എന്നാണ് ഐതിഹ്യം.

ഇതാണ് പിന്നീട് തേവരപ്പുരയായി മാറിയത്. അനന്തദേവൻ കുടികൊള്ളുന്ന ഇടമായിട്ടാണ് നിലവറ സങ്കൽപ്പിക്കുന്നത്. വെളുപ്പിനെ ക്ഷേത്രത്തിലെത്തി പൂജാദികർമങ്ങൾ നടത്തുന്ന ബ്രാഹ്മണർ നാഗരാജസ്വാമി ക്ഷേത്രത്തിലെത്തി പൂജ നടത്തിയശേഷം തേവരപ്പുരയിലെത്തി പൂജനടത്തുക പതിവായിരുന്നു. ഉച്ചപൂജയ്ക്ക് മുൻപിവിടെ പൂജ നടത്തിയശേഷമാണ് നാഗരാജക്ഷേത്രത്തിലെ പൂജ തുടങ്ങുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് നിലവറ തുറന്ന് പൂജ നടത്തുന്നത്. 

പ്രധാനമായും നാഗരാജാവ്, നാഗയക്ഷി സങ്കൽപത്തിലാണ് ഇവിടെ പൂജ നടത്തുക. തുലാംമാസത്തിലെ ആയില്യം കഴിഞ്ഞ് തൊട്ടടുത്തദിവസം മകം നാളിൽ നടക്കുന്ന ശുദ്ധിക്രിയകൾക്കും ക്ഷേത്ര ചടങ്ങുകൾക്കും ശേഷമാണ് നിലവറ തുറന്ന് പൂജകൾ നടത്തുന്നത്. 

വെട്ടിക്കോട് ക്ഷേത്രത്തിലെ പുള്ളുവൻ പാട്ടിന് സവിശേഷതകൾ ഏറെയാണ്. നാഗക്ഷേത്രങ്ങളിൽ എല്ലാം പുള്ളുവൻ പാട്ടുണ്ടെങ്കിലും നാഗങ്ങളിൽ ശ്രേഷ്ടരായ അനന്തന്റെ സങ്കൽപത്തിൽ ജന്മം കൊണ്ട ആദ്യ നാഗക്ഷേത്രം വെട്ടിക്കോടാണെന്ന് പുള്ളുവൻപാട്ടിൽ പറയുന്നു. വീണയും മൺകുടവും താളവുമായി നാടൻ പാട്ട് ശൈലിയിൽ ആലപിക്കുന്ന പുള്ളുവൻപാട്ടിൽ പാട്ടിനൊപ്പം വീണയും പാടുമെന്നാണ് സങ്കൽപം.

വെട്ടിക്കോട് ഇന്ന്
രാവിലെ 5.00ന് നിർമാല്യദർശനം, അഭിഷേകം, ഗണപതിഹവനം, ഉച്ചപൂജ. 3.00ന് എഴുന്നള്ളത്ത്, 6.00ന് ചുറ്റുവിളക്ക്, 7.00ന് സർപ്പബലി.

English Summary:

To ensure the safety and security of devotees attending the Aayilyam festival at the Vettikode Nagarajaswamy Temple in Charummoodu, extensive security arrangements have been put in place. Over 300 police personnel will be deployed, and 65 CCTV cameras have been installed throughout the temple premises and surrounding areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com