ADVERTISEMENT

മാവേലിക്കര ∙ പുതിയകാവ്–കല്ലുമല റോഡ‍ിൽ 10 ദിവസത്തിനുള്ളിൽ വീണ്ടും അപകട മരണം, വളവുകൾ അപകട ഭീഷണിയാകുന്നു. കഴിഞ്ഞദിവസം രാത്രി റെയിൽവേ മേൽപാലത്തിനു വടക്കുള്ള വളവിൽ ബൈക്ക് നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുത തൂണിലിടിച്ചു യുവാവ് മരിച്ച സംഭവത്തോടെ റോഡിൽ 10 ദിവസത്തിനുള്ളിൽ രണ്ടാമത്തെ മരണമാണു സംഭവിച്ചത്. കഴിഞ്ഞ 19നു രാവിലെ എട്ടരയോടെ പഴയ എംകെവി തിയറ്ററിനു സമീപത്തെ വളവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് മരിക്കുകയും ഭാര്യയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പുതിയകാവ് മുതൽ കല്ലുമല വരെ മാത്രം ചെറുതും വലുതുമായ എട്ടോളം അപകട വളവുകളാണ് ഉള്ളത്. 

ഏറ്റവും കൂടുതൽ അപകട വളവുകൾ ഉള്ളതു പുതിയകാവിനും കല്ലുമല മേൽപാലത്തിനും ഇടയിലാണ്. പാലത്തിന്റെ ഇരുവശങ്ങളും ഇറക്കവും വളവും ചേർന്നു ഭാഗമാണ്. പഴയ എംകെവി തിയറ്റർ, മഞ്ചാടി മേഖലയിലേക്കു തിരിയുന്ന ഭാഗം, മാർ ഇവാനിയോസ് പള്ളിക്കു സമീപം, പാലത്തിനു വടക്ക് ഉൾപ്പെടെ പ്രദേശങ്ങളിൽ എസ് ആകൃതിയിലുള്ള അപകട വളവുകൾ ഉണ്ട്. ഇവിടെ റോഡിന്റെ വശങ്ങളിൽ മതിയായ വീതിയില്ലാത്തതും കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. പാലത്തിനു സമീപത്തു സ്കൂൾ ഉണ്ടെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും അത് അവഗണിച്ച് ഇവിടെ വാഹനങ്ങൾ അതിവേഗത്തിലാണു റോഡിലൂടെ സഞ്ചരിക്കുന്നത്.

പലപ്പോഴും സ്കൂളിൽ നിന്നെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്കു പ്രവേശിക്കുമ്പോൾ പാലം കടന്നെത്തുന്ന വാഹനങ്ങളിൽ ഇടിക്കുന്ന സംഭവങ്ങൾ സ്ഥിരമാണ്. പാലം കഴിഞ്ഞതിനു ശേഷം റോഡിൽ ചെറിയൊരു വളവും ഇറക്കവും ആയതിനാൽ കല്ലുമല ഭാഗത്തേക്കുള്ള വാഹനങ്ങൾ അതിവേഗത്തിലാണു സഞ്ചരിക്കുന്നത്. കല്ലുമല–ബുദ്ധ ജംക്‌ഷൻ റോഡിലെ ലവൽക്രോസ് ഒഴിവാക്കാനായി പലരും പുതിയകാവ്–കല്ലുമല റോഡ് ആണ് ആശ്രയിക്കുന്നത്. അതിനാൽ പുതിയകാവ്–കല്ലുമല റോഡിൽ തിരക്കും ഏറെയാണ്. രാവിലെയും വൈകിട്ടും ചില സ്വകാര്യ ബസുകളും പുതിയകാവ്–കല്ലുമല റോഡിലൂടെയാണു കടന്നു പോകുന്നത്. 

പുതിയകാവ് സെന്റ് മേരീസ്, കല്ലുമല ബിഷപ് മൂർ വിദ്യാപീഠം, ബിഷപ് മൂർ കോളജ്, മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിൽ വാഹനങ്ങളുടെ അതിവേഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നിരത്തിൽ ദുരന്തങ്ങൾ വർധിക്കുമെന്നതിൽ സംശയമില്ല.  കല്ലുമല റെയിൽവേ മേൽപാലം നിർമാണം ആരംഭിക്കുന്നതോടെ പുതിയകാവ് കല്ലുമല റോഡ് പൂർണമായി ഗതാഗത തിരക്കിലാകും. അതിനു മുന്നോടിയായി വേഗനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

English Summary:

The Puthiyacavu-Kallumala Road in Mavelikkara, India has become a death trap due to its dangerous curves, speeding vehicles, and lack of safety measures. Two fatal accidents in just ten days highlight the urgent need for speed control and improved road design to prevent further tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com