ADVERTISEMENT

ചേർത്തല∙ തണ്ണീർമുക്കത്ത് വീട് കുത്തിത്തുറന്നു 53 പവൻ സ്വർണവും 4000 രൂപയും കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും  കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. 3 യുവാക്കളുടെ സംഘമാണു മോഷണം നടത്തിയത് എന്നാണു നിഗമനം.വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ  മുഖം വ്യക്തമല്ല. 3 പേർ വീടിന്റെ പിന്നിലൂടെ വരുന്നതു കാണാം. ഇവർ മുഖം മറച്ചിരുന്നു. മോഷണം നടന്ന വീട്ടിലെത്തി സൈബർ സെൽ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ചു. ഈ വീട്ടിലേക്കുള്ള വഴിയിൽ മറ്റേതെങ്കിലും സിസിടിവി ക്യാമറയിൽ ഇവരുടെ മുഖം പതിഞ്ഞിട്ടുണ്ടോ എന്നു പൊലീസ് പരിശോധന തുടങ്ങി. 

ചേർത്തല തണ്ണീർമുക്കം റോഡ്, തണ്ണീർമുക്കം ആലപ്പുഴ റോഡ്, തണ്ണീർമുക്കം കോട്ടയം റോഡ് എന്നിവിടങ്ങളിലെയും കായലോരത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. 27ന് രാത്രി 11നും 12.30നും ഇടയിലാണു മോഷണം നടന്നത്. അപ്പോൾ സമീപത്തെ മൊബൈൽ ഫോൺ ടവറിന്റെ റേഞ്ചിൽ ഉണ്ടായിരുന്ന നമ്പറുകൾ പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ ഫോൺ വിളികളുടെ വിവരങ്ങളും സൈബർ സെൽ ശേഖരിച്ചു.

തണ്ണീർമുക്കം പഞ്ചായത്ത് 6–ാം വാർഡ് വാഴയ്ക്കൽ റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കെ.ഷാജിയുടെ വീട്ടിൽ നിന്നാണ് 30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം നഷ്ടമായത്. ഷാജിയുടെ ഭാര്യ റൂബിമോൾ കോട്ടയത്ത് ഇഎസ്ഐ ആശുപത്രി ജീവനക്കാരിയാണ്. മകൻ പഠിക്കുന്നതും കോട്ടയത്തായതിനാൽ കുടുംബസമേതം അവിടെ ഇഎസ്ഐ ക്വാർട്ടേഴ്സിലാണു താമസം. ഷാജി രാവിലെ തണ്ണീർമുക്കത്തെ വീട്ടിലെത്തി വൈകിട്ടു മടങ്ങും.

27 ന് വൈകിട്ട് പതിവുപോലെ വീട് പൂട്ടി കോട്ടയത്തേക്കു പോയി. പിറ്റേന്നു രാവിലെ 9.30ന് തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നത് അറിയുന്നത്. മുൻവാതിൽ തകർത്തിരുന്നു.   സംസ്ഥാനത്തു നടന്ന സമാന രീതിയിലുള്ള മോഷണങ്ങൾ, ഇതരസംസ്ഥാന കവർച്ച സംഘങ്ങളുടെ ഉൾപ്പെടെ മോഷണരീതികൾ എന്നിവ വിലയിരുത്തിയാണ് അന്വേഷണം. മുഹമ്മ എസ്എച്ച്ഒ  കെ.എസ്. വിജയൻ, എസ്ഐ ലൈസാദു മുഹമ്മദ് എന്നിവർ നേതൃത്വം നൽകുന്നു.

English Summary:

A house in Thanneermukkam was robbed of 53 sovereigns of gold and Rs 4000. Police are actively investigating using CCTV footage and mobile tower data, focusing on a group of three young men.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com