ADVERTISEMENT

ബെംഗളൂരു∙ ഓണത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിൽ നിന്നു സർവീസ് നടത്തുന്ന കേരള ആർടിസി ബസുകൾ പലതും കട്ടപ്പുറത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വിഫ്റ്റിന്റെ എസി ബസുകൾ ഉൾപ്പെടെയുള്ളവയാണ് അറ്റകുറ്റപ്പണികൾക്കായി റദ്ദാക്കിയത്. ബുധനാഴ്ച മാത്രം 6 സർവീസുകൾ റദ്ദാക്കിയതിൽ മൂന്നെണ്ണം എസി ബസുകളാണ്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ മറ്റു ബസുകളിൽ കയറ്റിവിടുകയായിരുന്നു.

തിരുവനന്തപുരത്തേക്കു നാഗർകോവിൽ വഴിയുള്ള സ്വിഫ്റ്റ് ഗജരാജ എസി സ്ലീപ്പർ ബസിന്റെ ഇന്നത്തെ സർവീസും റദ്ദാക്കിയിട്ടുണ്ട്. വിനായക ചതുർഥി അവധിയുടെ ഭാഗമായി തിരക്കുണ്ടെങ്കിലും പകരം ബസ് ഏർപ്പെടുത്തിയിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി ബസുകൾ മാറ്റുന്നതോടെ പകരം ബസുകൾ ഏർപ്പെടുത്താൻ കഴിയാത്തതാണു കേരള ആർടിസിക്കു തിരിച്ചടിയാകുന്നത്. 

ഓടിത്തളർന്ന് സ്പെഷൽ ബസുകൾ
ഓണം സ്പെഷലായി അനുവദിച്ച ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ ഭൂരിഭാഗവും ഓടിത്തളർന്നവയാണ്. കേരള ആർടിസിയുടെ ഡീലക്സ്, എക്സ്പ്രസ് ബസുകൾക്ക് 10 വർഷം വരെ പഴക്കമുണ്ട്. സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകൾ ഇല്ലാത്തതിനാൽ സ്വിഫ്റ്റിനു പതിവ് സർവീസുകൾ മാത്രമാണുള്ളത്. സ്വിഫ്റ്റിന്റെ എസി, ഡീലക്സ് വിഭാഗത്തിലെ പതിവ് സർവീസുകൾ മുടങ്ങിയാൽ പകരം കേരള ആർടിസിയുടെ ബസുകളാണ് ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് യാത്രക്കാരും ജീവനക്കാരും തമ്മിൽ  തർക്കവും പതിവാണ്. ഓണത്തിന് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 12നും 13നും സ്പെഷൽ ബസുകളിൽ ഉൾപ്പെടെ ടിക്കറ്റുകൾ ബാക്കിയില്ല. ഇത്തവണ ഒരു മാസം മുൻപേ  തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചതോടെ നേരത്തെ തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് സെപ്റ്റംബർ 9 മുതൽ 14 വരെയും തിരിച്ച് 15 മുതൽ 23 വരെയും 58 സ്പെഷൽ ബസുകളാണ് അനുവദിച്ചത്.

സ്പെയർ ബസുകൾ ഏർപ്പെടുത്തുമെന്ന് കേരള ആർടിസി
ഓണ സീസണിൽ ബസുകൾ തകരാറിലായി പാതിവഴിയിൽ യാത്ര മുടങ്ങുന്നതിന് പരിഹാരമായി ഇത്തവണ സ്പെയർ ബസുകൾ ഉറപ്പാക്കുമെന്നാണ് കേരള ആർടിസി വിശദീകരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനും പുറമേ ബത്തേരി, സേലം, പാലക്കാട് എന്നിവിടങ്ങളിലും സ്പെയർ ബസുകൾ ഏർപ്പെടുത്തും.  

മൊബൈൽ മെക്കാനിക്കൽ ടീമുമായി കർണാടക ആർടിസി
ഓണക്കാലത്ത് ബസുകൾ വഴിയിൽ തകരാറിലായാൽ പരിഹരിക്കുന്നതിനായി മൊബൈൽ മെക്കാനിക്കൽ ടീമിനെയാണ് കർണാടക ആർടിസി സജ്ജീകരിച്ചിരിക്കുന്നത്. സേലം വഴി തെക്കൻ കേരളത്തിലേക്കുള്ള ബസുകൾ വഴിയിൽ തകരാറിലായാൽ പരിഹരിക്കുന്നതിന് തമിഴ്നാട് കൃഷ്ണഗിരിയിലാണ് മൊബൈൽ സംഘം ക്യാംപ് ചെയ്യുക.  കോയമ്പത്തൂരിൽ സ്പെയർ ബസും ഏർപ്പെടുത്തും. മലബാർ മേഖലയിലേക്കുള്ള സർവീസുകൾക്കായി മൈസൂരുവിലും മെക്കാനിക്കൽ സംഘത്തെ ഏർപ്പെടുത്തും.

സ്പെഷൽ ട്രെയിനുകളിൽ ഇനിയും ടിക്കറ്റുകൾ ബാക്കി
ഓണം സ്പെഷലായി അനുവദിച്ച, ആഴ്ചയിൽ 3 ദിവസമുള്ള ബയ്യപ്പനഹള്ളി ടെർമിനൽ–കൊച്ചുവേളി എസി എക്സ്പ്രസിൽ (06239) 12ന് മാത്രമാണ് ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലുള്ളത്. മറ്റു ദിവസങ്ങളിൽ ടിക്കറ്റുകൾ ബാക്കിയാണ്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ പുറപ്പെടുന്ന എസി എക്സ്പ്രസിന് ഇനി 8,10,12,15,17 ദിവസങ്ങളിലാണ് സർവീസ്.

രാത്രി 9ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയിലെത്തും. തിരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുള്ള കൊച്ചുവേളി–ബയ്യപ്പനഹള്ളി ടെർമിനൽ സ്പെഷലിന് (06240) 13,16, 18 ദിവസങ്ങളിലെ ടിക്കറ്റുകളാണ് വെയ്റ്റ് ലിസ്റ്റിലായത്. 6,9,11 ദിവസങ്ങളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.30നു ബെംഗളൂരുവിലെത്തും. യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് (12257/12258) എക്സ്പ്രസിന് പകരമാണ് 16 തേഡ് എസി ഇക്കോണമി കോച്ചുകൾ മാത്രമുള്ള എസി സ്പെഷൽ എക്സ്പ്രസ് ഒരു മാസത്തേക്ക് അനുവദിച്ചത്. 

പ്രതിവാര സ്പെഷൽ
ബയ്യപ്പനഹള്ളി ടെർമിനൽ–കൊച്ചുവേളി പ്രതിവാര സ്പെഷലിന് (06084) ഇനി 11,18, 25 തീയതികളിലാണ് സർവീസ്. ഇതിൽ 2 സ്ലീപ്പർ കോച്ചുകളിലെ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. തേഡ് എസിയിൽ ഇനിയും ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.45നു കൊച്ചുവേളിയിലെത്തും. കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷൽ (06083) ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55നു ബയ്യപ്പനഹള്ളിയിലെത്തും.  10,17, 24 ദിവസങ്ങളിലെ മടക്ക സർവീസിലും ടിക്കറ്റുകൾ ബാക്കിയുണ്ട്. 

ഗരീബ്‌രഥിന്റെ സർവീസ് നാളെ തീരും
ഓണം സ്പെഷൽ എന്ന പേരിൽ അനുവദിച്ച യെലഹങ്ക–എറണാകുളം ഗരീബ്‌രഥിന്റെ സർവീസ് നാളെ അവസാനിക്കും.എസി ചെയർകാറിലും തേഡ് എസിയിലും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. യെലഹങ്ക–എറണാകുളം ഗരീബ്‌രഥ് സ്പെഷൽ (06102) പുലർച്ചെ 5ന് യെലഹങ്കയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20നു എറണാകുളത്തെത്തും. എറണാകുളം–യെലഹങ്ക സ്പെഷൽ (06101) ഇന്ന് ഉച്ചയ്ക്ക് 12.40നു എറണാകുളം ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 11ന് യെലഹങ്കയിലെത്തും. 

ഉയരെ വിമാനനിരക്ക്
തിരുവോണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കും ഉയരുന്നു. തിരക്കേറെയുള്ള 13ന് കൊച്ചിയിലേക്കുള്ള എയർ‍ ഇന്ത്യ, ഇൻഡിഗോ നോൺ സ്റ്റോപ് വിമാനടിക്കറ്റ് നിരക്ക് 13,000 രൂപ വരെ ഉയർന്നു. തിരുവനന്തപുരത്തേക്ക് 7000–10,700 രൂപയും കോഴിക്കോട്ടേക്ക് 6000–8500 രൂപയും കണ്ണൂരിലേക്ക് 7500–9500 രൂപയുമാണ് നിരക്ക്.

English Summary:

With Onam approaching, Kerala RTC buses from Bengaluru are facing cancellations & delays, causing travel woes for many.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com